കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നില്‍ പങ്കില്ലെന്ന് സി.പി.എം നേതൃത്വത്തിന്റെ അവകാശവാദം പൊളിയുന്നു. കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കസ്റ്റഡിയിലെടുത്ത എട്ടു പേരില്‍ ആറു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രോഹിന്‍, മിഥുന്‍, പ്രജുല്‍, അജേഷ്, കമല്‍, റിജേഷ് എന്നീ സി.പി.എം പ്രവര്‍ത്തകരാണ് അറസ്റ്റ് ചെയ്തത്. സന്തോഷിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കൊലയിലേക്കെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. സന്തോഷിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസുകാരാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി പി. ജയരാജനും ആലോചിച്ചിരുന്നത്.
സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇവരുടെ വാദമാണ് അറസ്റ്റോടെ ഇല്ലാതാകുന്നത്. സംഭവദിവസം ഉച്ചയ്ക്ക് തന്നെ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമം നടന്നിരുന്നതായി പോലീസ് കണ്ടെത്തി.
കൊല്ലാനുള്ള ഉദ്ദേശ്യത്തോടു കൂടിയല്ല സന്തോഷിനെ ആക്രമിച്ചത്. എന്നാല്‍ കരളിനേറ്റ മുറിവും ചികിത്സ വൈകിയതുമാണ് മരണകാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധമില്ലെന്ന വാദം സി.പി.എം ഇന്നും ആവര്‍ത്തിച്ചു. സന്തോഷത്തിന്റെ വധത്തിന് കാരണം സ്വത്ത് തര്‍ക്കമാണെന്ന് എം.വി. ജയരാജന്‍ പറഞ്ഞു. കൊലയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടക്കണം. ഏതെങ്കിലും സി.പി.എം പ്രവര്‍ത്തകന് കേസുമായി ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.
സന്തോഷിന്റെ വീട് സന്ദര്‍ശിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ നീക്കം ഉപേക്ഷിക്കാനാണ് സാധ്യത.











































