ജിഷ്ണുവിന്റെ മരണം : മുറിവുകള്‍ വിരല്‍ ചൂണ്ടുന്നത് മര്‍ദ്ദനത്തിലേക്ക്

    തൃശൂര്‍ : പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കേസ് സങ്കീര്‍ണ്ണമാക്കുന്നു. മുഖത്തും ശരീരത്തിലും കണ്ടെത്തിയ മുറിവുകള്‍ മര്‍ദ്ദനമേറ്റെന്ന വാദം ബലപ്പെടുത്തുന്നതാണെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ജിഷ്ണു തൂങ്ങിമരിക്കാനുപയോഗിച്ച വസ്തു മൃതദേഹപരിശോധന നടത്തിയ ഡോക്ടര്‍ കണ്ടില്ലെന്നും പോലീസ് രേഖകളുടെ അടിസ്ഥാനത്തിലാണ് തൂങ്ങിമരണമെന്ന് സ്ഥിരീകരിക്കുന്നതെന്നും വ്യക്തമാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് ആത്മഹത്യവാദത്തിനെതിരാണ്. മൂക്കിനും ചുണ്ടുകളിലുമുള്ള മുറിവുകളാണ് മര്‍ദ്ദനാരോപണത്തിലെ സംശയം ബലപ്പെടുത്തുന്നത്. ജിഷ്ണുവില്‍ കുരുക്ക് മുറുകുമ്പോഴുള്ള മരണവെപ്രാളം പ്രകടിപ്പിച്ച ലക്ഷണങ്ങളുണ്ടായിരുന്നില്ല. ആ സാഹചര്യത്തില്‍ ചുണ്ടിലെയും മൂക്കിനു മുകളിലുമുള്ള മുറിവുകള്‍ ശക്തമായ തള്ളലില്‍ എവിടെയെങ്കിലും ഇടിച്ചുണ്ടാവുന്നതോ, അടിയേറ്റതോ ആണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുറിവുകള്‍ എങ്ങനെ സംഭവിച്ചെന്ന പരാമര്‍ശമില്ല.

    തൂങ്ങാനുപയോഗിച്ച വസ്തു കണ്ടില്ലെന്ന് മൃതദേഹ പരിശോധന ഫലത്തില്‍ ഡോക്ടര്‍മാര്‍ പറയുന്നു. പോലീസ് നല്‍കിയ രേഖകളും കണ്ട മുറിവുകളുടെയും അടിസ്ഥാനത്തിലാണ് തൂങ്ങിമരണമെന്ന് സ്ഥിരീകരിക്കുന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ വിശദീകരണം.

    പൊലീസാണ് മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് കൊണ്ടുവരുന്നതെങ്കില്‍ കഴുത്തിലെ കെട്ടു പോലും അഴിക്കരുതെന്നാണ് നിയമം. കുരുക്ക് അഴിക്കുന്നത് പോലീസ് സര്‍ജന്റെ മുന്നില്‍ വെച്ചാവണമെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ ഡോ. ഹിതേഷ് ശങ്കര്‍ പറയുന്നു. ജിഷ്ണുവിനെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്. എങ്കിലും റിപ്പോര്‍ട്ട് തയ്യാറാക്കും മുമ്പെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ആള്‍ ഇതു കാണണം. കുരുക്കിന്റെ കെട്ടിന്റെ സ്വഭാവം നോക്കി സാധ്യതകള്‍ കണ്ടെത്താനാവും. സ്വയം കുരുക്കുണ്ടാക്കുന്നതും മറ്റൊരാള്‍ ഉണ്ടാക്കുന്നതും രണ്ടു രീതിയിലായിരിക്കും. ഇത് ഡോക്ടര്‍ക്ക് എളുപ്പം മനസ്സിലാക്കാനാകും. തോര്‍ത്തുപയോഗിച്ചാണ് തൂങ്ങിമരിച്ചതെന്ന പോലീസ് വിശദീകരണം, ജിഷ്ണുവിന്റെ ഉയരത്തിനോളം പൊക്കത്തിലുള്ള ഹുക്കില്‍ തൂങ്ങിമരിക്കുമെന്ന സാധ്യതയെ ബന്ധുക്കളും സഹപാഠികളും തള്ളുന്നു. സംഭവം നടക്കുമ്പോഴുണ്ടായിരുന്ന പലരും ഇവരെത്തുമ്പോള്‍ ഉണ്ടായിരുന്നില്ലെന്നും, കുളിമുറി കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നെന്നും സഹപാഠികള്‍ പറയുന്നു. ആക്ഷേപം ഇപ്പോള്‍ മാനേജ്‌മെന്റിനൊപ്പം പോലീസിനെതിരെയും ഉയരുകയാണ്. അന്വേഷണ സംഘം കോളേജിലെത്തി ശേഖരിച്ച വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മൊഴികളും പരീ ക്ഷാകണ്‍ട്രോളറുടെ റിപ്പോര്‍ട്ടും മാനേജ്‌മെന്റിനെതിരാണ്.

    നെഹ്‌റു കോളേജിലെ 175 വിദ്യാര്‍ത്ഥികളടക്കം 220 പേരില്‍ നിന്ന് പ്രിന്‍സിപ്പല്‍ അടക്കം അധ്യാപകരില്‍ നിന്നുമടക്കം അന്വേഷണസംഘം മൊഴിയെടുത്തിരുന്നു.