ഹണിട്രാപ്പ് : തൃണമൂല്‍ സംഘം കേരളത്തിലേക്ക് വരുന്നു

    മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ഉന്നത ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ പെടുത്തി കോടികള്‍ തട്ടിയ കേസ് അന്വേഷിക്കാന്‍ പശ്ചിമബംഗാള്‍ രഹസ്യാന്വേഷണ സംഘം കേരളത്തില്‍

    ഇതിന് മുമ്പ് നടത്തിയ പല സ്റ്റിംഗ് ഓപറേഷനുകളെക്കുറിച്ചും അന്വേഷിക്കുന്നു

    മുന്‍ ചീഫ് സെക്രട്ടറി, മുന്‍ കെ.ടി.ഡി.സി എം.ഡി എന്നിവര്‍ വനിതാ ജേര്‍ണലസിറ്റെന്ന് അവകാശപ്പെടുന്നവരോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദരേഖകള്‍ ദി വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു

    -നിയാസ് കരീം-

    സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പശ്ചിമബംഗാളില്‍ നിന്ന് രഹസ്യാന്വേഷണ സംഘം കേരളത്തിലെത്തിയതായി അറിയുന്നു. ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ ഒളിക്യാമറ ഓപ്പറേഷനിലൂടെ കുടുക്കിയ നാരദ ന്യൂസ് പോര്‍ട്ടലുകാരാണ് കേരളത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം നിരവധി പേരെ ലൈംഗിക ഇടപാടില്‍ കുടുക്കി ദൃശ്യങ്ങളും ശബ്ദരേഖകളും തട്ടിയെടുത്തത്.

    തൃണമൂല്‍ നേതാക്കളെ ഒളിക്യാമറയില്‍ കുടുക്കിയ സംഭവത്തില്‍ നിരവധി പോലീസ് കേസുകളും മറ്റും കല്‍ക്കട്ടയില്‍ നടന്നു വരികയാണ്. ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് ഇക്കൂട്ടരെന്ന് സ്ഥാപിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മമതാ സര്‍ക്കാരിന് കൈ വന്നിരിക്കുന്നത്.

    സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറി, മുന്‍ കെ.ടി.ഡി.സി എം.ഡി എന്നിവര്‍ വനിതാ സംരംഭകയെന്ന പേരില്‍ സമീപിച്ച സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദരേഖകള്‍ പുറത്തുവന്നിരുന്നു. ദേശീയ മാധ്യമങ്ങളായ ഇന്ത്യന്‍ എക്‌സ്പ്രസ്, ഔട്ട്‌ലുക്ക് എന്നീ പ്രസിദ്ധീകരണങ്ങളില്‍ ഹണിട്രാപ്പിനെ കുറിച്ച് വലിയ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

    തൃണമൂലിന്റെ രാജ്യസഭാ എം.പിയും ജേര്‍ണലിസ്റ്റുമായിരുന്ന ഡെറിക് ഒബ്രിയാന്‍ സംസ്ഥാനത്തെ ചില പ്രമുഖ പത്രലേഖകരുമായി ഇതിനോടകം ബന്ധപ്പെട്ടതായി വിവരമുണ്ട്. ഹണിട്രാപ്പ് സംബന്ധിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് തൃണമൂല്‍ നേതാക്കള്‍.

    മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ കുടുക്കാനുള്ള ഉദ്ദേശത്തോടെയാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയതെന്ന് നാരദ സി.ഇ.ഒ മാത്യു സാമുവല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തിയിരുന്നു.

    ജിജി തോംസണ്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടക്കുന്ന കാര്യം തിരിച്ചറിഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചതെന്നാണ് നാരദ സി.ഇ.ഒയുടെ അവകാശം. എന്നാല്‍ ഇക്കാര്യം ആരും മുഖവിലക്കെടുത്തിട്ടില്ല. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ലക്ഷകണക്കിന് രൂപയുടെ ഇടപാട് നടന്നുവെന്നാണറിയുന്നത്. എന്തായാലും മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ നടക്കുന്ന മാംസക്കച്ചവടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം സംസ്ഥാനത്തെ മാധ്യമ സംഘടനകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ കൂട്ടിക്കൊടുപ്പും ബ്ലാക്ക്‌മെയിലും നടത്തുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുമെന്ന് ബി.ജെ.പിയിലെ ഒരു ഉന്നത നേതാവ് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.

    previous news: 

    EXCLUSIVE: നാരദ ഹണിട്രാപ്പ്: ജിജി തോംസണുമായി ബന്ധമുണ്ടെന്ന് എയ്ഞ്ചലിന്റെ മൊഴി

    SHOCKING NEWS: ഹണിട്രാപ്പില്‍ ജിജിക്ക് പിന്നാലെ കെ.റ്റി.ഡി.സിയിലെ ഐ.എ.എസുകാരനും കുടുങ്ങി

    ഹണിട്രാപ്പില്‍ ജിജി തോംസണെ കുടുക്കാന്‍ ശ്രമിച്ചിരുന്നു : മാത്യു സാമുവല്‍

    ‘ഒളിക്യാമറകള്‍’ക്കു പിന്നിലെ മാത്യുസാമുവലിന്റെ തട്ടിപ്പുകള്‍’: ഒരു സഹപ്രവര്‍ത്തകന്‍ മനസ്സു തുറക്കുന്നു.

    മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ബ്ലാക് മെയിലിംഗും കൂട്ടിക്കൊടുപ്പും