സമരം മുക്കിയവര്‍ ലക്ഷ്മിനായരുടെ പത്രസമ്മേളനം ലൈവാക്കി
അക്കാദമിക്കെതിരെ വാര്‍ത്ത നല്‍കരുതെന്ന് എം.ഡിയുടെ നിര്‍ദ്ദേശം
തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലെന്ന് കൈരളിയിലെ ജീവനക്കാര്‍
നെഹ്റു സമരത്തെ പിന്തുണയ്ക്കുകയും അക്കാദമി സമരം മുക്കുകയും ചെയ്തത് ദുരൂഹമെന്ന് യുവനേതാക്കള്‍
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥി സമരത്തെ അവഗണിക്കുന്ന കൈരളി ചാനലിന്റെ നിലപാടിനെതിരെ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു. കോളജ് പ്രിന്‍സിപ്പലും സെലിബ്രിറ്റി ഷെഫുമായ ലക്ഷമി നായര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് പോലും കൈരളി ചാനല്‍ അത് കണ്ടെല്ലെന്നും നടിച്ചതാണ് പാര്‍ട്ടിയിലെ യുവതുര്‍ക്കികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
കോളജ് പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടിനെതിരെ എസ്.എഫ്.ഐ സമരം നടത്തുകയും കോളജ് തല്ലിത്തകര്‍ക്കയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും വിഷയത്തിലിടപെടാന്‍ കൈരളി തയാറായിട്ടില്ല. നെഹ്റു, ടോംസ് കോളജുകള്‍ക്കെതിരെ നടന്ന സമരത്തില്‍ കൈരളി സ്വീകരിച്ച നിലപാടിന് വിരുദ്ധമായ സമീപനം ലോ അക്കാദമിയുടെയും ലക്ഷ്മി നായരുടെയും കാര്യത്തില്‍ സ്വീകരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതാവ് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.
പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഫോര്‍ ജിഷ്ണു എന്ന ഹാഷ്ടാഗിലായിരുന്നു കൈരളി ചാനലിന്റെ കാമ്പയില്‍. അന്ന് എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഘടകങ്ങലെക്കാള് ആതാമാര്ഥതയോടെയാണ് കൈരളി നെഹ്റു വിഷയത്തില്‍ ഇടപെട്ടത്. പാര്‍ട്ടി പത്രമായ ദേശാഭിമാനി ഉള്‍പ്പെടെയുള്ള പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഈ സമരത്തെ അവഗണിച്ചപ്പോഴാണ് കൈരളി ഈ വാര്‍ത്ത ഏറ്റെടുത്തത്. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍നിന്ന് പോലും ഇതിനെതിരെ ഇടപെടലുണ്ടായില്ല. എന്നാല്‍ ഇതിന് കടകവിരുദ്ധമായ നിലപാടാണ് ലോ അക്കാദമി വിഷയത്തില്‍ ചാനല്‍ സ്വീകരിച്ചതെന്ന് ജീവനക്കാരും സമ്മതിക്കുന്നു.
നെഹ്റു വിഷയത്തില്‍ മാനേജ്മെന്റിന്റെയോ എം.ഡി ജോണ്‍ ബ്രിട്ടാസിന്റെയോ അഭിപ്രായം പോലും ചോദിക്കാതെയാണ് കൈരളി ചാനലിലെ എഡിറ്റോറിയല്‍ വിഭാഗം തീരുമാനമെടുത്തതും കാമ്പയിന് സംഘടിപ്പിച്ചതും. എന്നാല്‍ ലക്ഷ്മി നായരുടെ വിഷയത്തില്‍ അത്തരത്തിലൊരു കാമ്പയിന് തുടക്കമിടാനോ സമരത്തെ പിന്നതുണയ്ക്കാനോ സാധിക്കാത്ത നിരാശയിലാണ് എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാര്‍.
അക്കാദമിക്കോ ലക്ഷമി നായര്‍ക്കോ എതിരായി വാര്‍ത്ത കൊടുക്കേണ്ടതില്ലെന്ന കര്‍ശന നിര്‍ദ്ദേശം ചാനല്‍ എം.ഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനുമയാ ബ്രിട്ടാസ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തെ അവഗണിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനം വള്ളിപുള്ളി വിസര്‍ഗം വിടാതെ ലൈവ് ചെയ്യേണ്ടിവന്നതിന്റെ ഗതികേടിലാണ് പല ജീവനക്കാരും.
സമര വാര്‍ത്തകള്‍ മുക്കിയ ചാനല്‍ ലക്ഷ്മി നായരുടെ വാര്‍ത്താസമ്മേളനം ലൈവ് ചെയ്തത് ആര്‍ക്കു വേണ്ടിയായിരുന്നെന്ന ചേദ്യമാണ് പാര്‍ട്ടിയിലെ വിദ്യാര്‍ഥി-യുവജന സംഘടന നേതാക്കള്‍ ഉന്നയിക്കുന്നത്. ചാനല്‍ എം.ഡിക്ക് ക്രമവിരുദ്ധമായി എല്‍എല്‍.ബി പരീക്ഷയ്ക്ക് മാര്‍ക്ക് നല്‍കിയെന്ന ആരോപണംകൂടി പുറത്തുവന്നതോടെ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്നും ജില്ലയിലെ പ്രമുഖ യുവജന നേതാവ് പറയുന്നു. ലക്ഷ്മി നായര്‍ക്കെതിരെ ശബ്ദിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോ മുഖ്യമന്ത്രിയോ തയാറാകാത്തത് എസ്.എഫ്.ഐയുടെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറയുന്നു.
ഞാന്‍ ലക്ഷ്മിനായരുടെ പീഡനത്തിന്റെ ഇര: അഡ്വ കരകുളം ആദര്‍ശ്











































