സ്വാശ്രയ കോളേജുകളില്‍ അടിമ ജോലിയും ഇടിമുറിയും

പ്രസവാവധി പോലും നിഷേധിക്കുന്നതാണ് മാനേജ്‌മെന്റിന്റെ ക്രൂരതകള്‍

5000 രൂപ പോലും ലഭിക്കാത്ത അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്. 

യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കണമെങ്കില്‍ ഒപ്പിട്ട ബ്ലാങ്ക് ചെക്കോ, ഒരു മാസത്തെ ശമ്പളമോ നല്‍കണം. 

 

സ്വാശ്രയ കോളേജുകളിലെ പീഡനങ്ങള്‍ വിവരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ അധ്യാപരകരും ജീവനക്കാരും രംഗത്ത്. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രസവാവധി പോലും നിഷേധിക്കുന്ന മാനേജ്‌മെന്റിന്റെ ക്രൂരതകള്‍ വിവരിച്ചത്.

അടിമ സമാനമായ ജോലിയാണ് സ്ഥാപനത്തിലെന്ന് അധ്യാപകരും ജീവനക്കാരും പറഞ്ഞു. മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിന് ഇടിമുറികള്‍ പോലും ചില സ്ഥാപനങ്ങളിലുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളേക്കാള്‍ കഷ്ടമാണ് വേതനം. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ഇല്ല. 5000 രൂപ പോലും ലഭിക്കാത്ത അധ്യാപകരുണ്ട്. ശമ്പള രജിസ്റ്ററില്‍ ഒപ്പിട്ട് നല്‍കുന്ന തുകയല്ല നല്‍കുന്നത്. മാസങ്ങളോളം ശമ്പളം മുടങ്ങുന്ന അവസ്ഥയുമുണ്ട്. പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി എന്നിവ ഇല്ല.

ശമ്പളത്തോടു കൂടിയുള്ള പ്രസവാവധി നിഷേധിക്കുന്നു. അവധി എടുത്ത് തിരികെ വരുമ്പോള്‍ ഒഴിവില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയാണ്. വിവിധ കാരണങ്ങള്‍ പറഞ്ഞ് കുട്ടികളില്‍ നിന്നും പിഴ ഈടാക്കുന്നതോടൊപ്പം അധ്യാപരില്‍ നിന്നും പണം ഈടാക്കുന്നു. വിദ്യാര്‍ത്ഥികളുടെ യൂണിഫോം ധാരണത്തിലെ വീഴ്ച, താടിവളര്‍ത്തല്‍ തുടങ്ങിയ വിവിധ കാരണം പറഞ്ഞാണ് കുട്ടികള്‍ക്കൊപ്പം അധ്യാപകരില്‍ നിന്നും പിഴ ഈടാക്കുന്നത്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെയ്ക്കുന്ന മാനേജ്‌മെന്റില്‍ നിന്നും ഇവ തിരികെ ലഭിക്കാന്‍ ഒപ്പിട്ട ബ്ലാങ്ക് ചെക്കോ, ഒരു മാസത്തെ ശമ്പളമോ നല്‍കണം. തെറ്റായ നടപടികള്‍ ചോദ്യം ചെയ്താല്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പിരിച്ചുവിടുകയാണ്. സ്വാശ്രയ മേഖലയിലെ അധ്യാപകരും ജീവനക്കാരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍വഹാബ്, ശ്രീരാഗ്, സ്വപ്‌ന, രാജേന്ദ്രന്‍, അജീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.