സൗമ്യ മാവേലിക്കര സിനിമയിലേക്ക്; ഇത് ‘സിൽമാ നടി’ എന്ന് കളിയാക്കിയവർക്ക് മറുപടി

റീൽസിലൂടെ സോഷ്യൽ മീഡിയ താരമായി വളർന്ന സൗമ്യ മാവേലിക്കര സിനിമയിലേക്ക്. വിശ്വം വിശ്വനാഥൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നായികാ വേഷത്തിലാണ് സൗമ്യ എത്തുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയിലാണ് സൗമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ചെറുപ്പം മുതലേ സിനിമാ നടിയാകണമെന്നായിരുന്നു മോഹം. വലിയ നായിക ആകണം എന്നൊന്നും ഉണ്ടായിരുന്നില്ല. നമ്മൾ ഒന്നൊരുങ്ങി നടക്കുമ്പോൾ ഇവൾടെ പോക്ക് കണ്ടോ, സിൽമാ നടി എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ എന്റെ റീൽ കണ്ട് വിശ്വം വിശ്വനാഥൻ എന്ന സംവിധായകൻ എന്നെ നായികയാക്കി സിനിമ നിർമിക്കാൻ പോവുകയാണ്. ജാഫർ ഇക്കയായിരുന്നു ആദ്യം നായകനായി വരാനിരുന്നത്. എന്നാൽ ഡേറ്റ് ഇല്ലാത്തതുകൊണ്ട് മറ്റൊരാളായിരിക്കും നടൻ. വഴിയിൽ ഫ്‌ളക്‌സുകൾ കാണുമ്പോൾ എന്റെ മുഖവും അവിടെ വരുമെന്ന് വിചാരിച്ചിരുന്നു’- സൗമ്യ പറഞ്ഞു. ഒരു മലയോളം ആഗ്രഹിച്ചാൽ മാത്രമേ കുന്നോളം നൽകുകയുള്ളുവെന്ന് സൗമ്യ മാവേലിക്കര പറഞ്ഞു.അഭിനയം മാത്രമല്ല, അനുകരണ കലയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് സൗമ്യ. നടി മഞ്ജു വാര്യർ, അവതാരക രഞ്ജിനി ഹരിദാസ് എന്നിങ്ങനെ നിരവധി പേരെ സൗമ്യ ഫ്‌ളവേഴ്‌സിന്റെ വേദിയിൽ അനുകരിച്ച് കൈയ്യടി നേടി.