പുതിയ പാര്‍ട്ടിയുമായി ജോണി നെല്ലൂര്‍, കര്‍ഷകര്‍ക്ക് പ്രാധാന്യം നല്‍കും

കൊച്ചി: പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട ജോണി നെല്ലൂര്‍. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി (എന്‍പിപി) എന്ന് പേര് നല്‍കിയിട്ടുള്ള സംഘടനയുടെ പ്രഖ്യാപനം കൊച്ചിയില്‍ നടന്നു. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ അംഗവും കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ ഗ്ലോബല്‍ അദ്ധ്യക്ഷനുമായ അഡ്വ. വി വി അഗസ്റ്റിന്‍ ആണ് പാര്‍ട്ടി ചെയര്‍മാന്‍. റബര്‍ ഫാര്‍മേഴ്സ് ഫെഡറേഷന്‍ എന്ന സംഘടനയുടെ അദ്ധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം. ജോണി നെല്ലൂരാണ് എന്‍പിപി വര്‍ക്കിങ് ചെയര്‍മാന്‍.

കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട, ഉടുമ്പന്‍ചോല മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍, എറണാകുളത്ത് നിന്നുള്ള ലൂയിസ് കെ ഡി എന്നിവരാണ് ആണ് വൈസ് ചെയര്‍മാന്‍മാര്‍. സി പി സുഗതന്‍, അഡ്വ. എലിസബത്ത് കടമ്പന്‍, സണ്ണി തോമസ്, അഡ്വ. ജോയ് എബ്രഹാം, തമ്പി എരുമേലിക്കര, എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ഡോ.ജോര്‍ജ് എബ്രഹാം ആണ് പാര്‍ട്ടി ട്രഷറര്‍.
കര്‍ഷകത്തൊഴിലാളികള്‍, മത്സ്യമേഖലയില്‍ നിന്നുള്ളവര്‍ തുടങ്ങിയവരുടെ ആവശ്യങ്ങള്‍ക്ക് പാര്‍ട്ടി പ്രധാന്യം നല്‍കും. പുതിയ പാര്‍ട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല. എല്ലാ മതമേലദ്ധ്യക്ഷന്മാരെയും ആദരിക്കും. എല്ലാ മതവിഭാഗങ്ങളും പാര്‍ട്ടിയിലുണ്ടാകും. ദേശീയ തലത്തിലായിരിക്കും പ്രവര്‍ത്തനമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.