സിൽവർ സ്പ്രിംഗ് സെന്റ് തോമസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

ഉമ്മൻ കാപ്പിൽ
സിൽവർ സ്പ്രിംഗ് (മേരിലൻഡ്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് സിൽവർ സ്പ്രിംഗ് സെന്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് ഇടവകയിൽ പ്രശംസനീയമായ തുടക്കം കുറിച്ചു.
ഏപ്രിൽ 16 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് മീറ്റിംങ്ങും ഉണ്ടായിരുന്നു. ജീമോൻ വർഗീസ്, സണ്ണി വർഗീസ് എന്നിവരടങ്ങിയ കോൺഫറൻസ് കമ്മിറ്റി സംഘത്തെ വികാരി ഫാ. കെ. ഒ. ചാക്കോ സ്വാഗതം ചെയ്തു. സൂസൻ തോമസ് (ഇടവക ട്രഷറർ), ജോർജ് പി. തോമസ് (മലങ്കര അസോസിയേഷൻ പ്രതിനിധി), അശ്വിൻ ജോൺ (ഭദ്രാസന അസംബ്ലി അംഗം & ഇടവക സെക്രട്ടറി) എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
ഫാ. കെ. ഒ. ചാക്കോ തൻറെ ആമുഖ പ്രസംഗത്തിൽ ഫാമിലി & യൂത്ത് കോൺഫറൻസിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും കുട്ടികളെയും മുതിർന്നവരെയും ഒരുമിച്ചു സമ്മേളിപ്പിച്ചുള്ള ഭദ്രാസനത്തിന്റെ ഏറ്റം വലിയ വേദിയായ കോൺഫറൻസിൽ പങ്കെടുക്കാൻ ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോൺഫറൻസിന്റെ വേദി, ചിന്താവിഷയം, രജിസ്ട്രേഷൻ, മുഖ്യ പ്രഭാഷകർ, സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ജീമോൻ വർഗീസും സണ്ണി വർഗീസും നൽകി.
കോൺഫറൻസിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിനുള്ള സ്പോൺസർഷിപ്പ് ചെക്ക് ഇടവകയ്ക്ക് വേണ്ടി വികാരി കോൺഫറൻസ് ടീമിന് കൈമാറി. കോൺഫറൻസിനായി രജിസ്റ്റർ ചെയ്തും സുവനീറിൽ പരസ്യങ്ങളും ആശംസകളും നൽകിയും നിരവധി അംഗങ്ങൾ പിന്തുണ അറിയിച്ചു.
ജോർജ് പി.തോമസ്, ബിജോയ് തമ്പി, നികിത തോമസ്, അജേഷ് ജോൺ, മോൻസൺ ചെറിയാൻ, ഐസക് ജോൺ, വിജി ഐപ്പ്, തോമസ് വർഗീസ്, ബിനു എബ്രഹാം, അശ്വിൻ ജോൺ, സൂസൻ തോമസ് എന്നിവരാണ് പിന്തുണ വാഗ്ദാനം നൽകിയത് . ഉദാരമായി സഹായ സഹകരണങ്ങൾ നൽകിയ വികാരിക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ നന്ദി പറഞ്ഞു.
2023 ജൂലൈ 12 മുതൽ 15 വരെ പെൻസിൽവേനിയയിലെ ഡാൾട്ടണിൽ സ്ഥിതി ചെയ്യുന്ന ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിൻറെ മുഖ്യ ചിന്താവിഷയം.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.