ഡോ: എൻ. ഗോപാലകൃഷ്ണന് കെ. എച്. എൻ.എ. യുടെ അന്ത്യാഞ്ജലി

പ്രമുഖ ശാസ്ത്രജ്ഞനും വേദാന്ത വിശാരദനുമായിരുന്ന ഡോ: എൻ. ഗോപാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ കെ.എച്.എൻ.എ.യുടെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ജി.കെ. പിള്ള, സെക്രട്ടറി സുരേഷ് നായർ, കൺവൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള എന്നിവർ അറിയിച്ചു.
കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗോപാലകൃഷ്ണൻ ഭാരത സർക്കാരിന്റെ കീഴിലുള്ള സി. എസ്.ഐ.ആർ. എന്ന ഗവേഷണ സ്ഥാപനത്തിൽ 28 വർഷത്തോളം ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിക്കുകയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ആയി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ കൃത്യമായ ഇടവേളകളിൽ അമേരിക്കയിലെത്തുകയും കെ.എച്.എൻ.എ.യുടെ നിരവധി വേദികളിൽ ശ്രദ്ധേയ സാന്നിധ്യമാകുകയും ചെയ്തിരുന്നു.
പൗരാണിക സംസ്‌കൃത ഭണ്ഡാകാരങ്ങൾ കണ്ടെത്തിയിരുന്ന നിഗൂഢമായ ശാസ്ത്ര സത്യങ്ങളെയും ഭൗമ ഗണിത സമവാക്യങ്ങളെയും ആധുനിക ശാസ്ത്ര സാങ്കേതിക മേഖലകളുമായി സമർത്ഥമായി സമന്വയിപ്പിച്ച ഒരു അപൂർവ്വ മലയാളി ശാസ്ത്രജ്ഞനായിരുന്നു അന്തരിച്ച ഗോപാലകൃഷ്ണൻ.
വേദാന്ത രഹസ്യങ്ങളെയും ആധുനിക ശാസ്ത്ര ഗതിവിഗതികളെയും സംബന്ധിച്ച് അൻപതിലേറെ വൈജ്ഞാനിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം ദേശീയവും അന്തർദേശീയവുമായ അറുപതോളം ജേർണലുകളിൽ പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മദ്രാസ് ഐ ഐ റ്റി യിൽ നിന്നും ഉയർന്ന നിലയിൽ ബിരുദം നേടിയ അദ്ദേഹം അഞ്ചു വ്യത്യസ്ത വിഷയങ്ങളിൽ ബിരുദാനന്ത ബിരുദവും ഡോക്ടറേറ്റും നേടി ഇന്ത്യയിലെ വിവിധ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിലും കാനഡ ആൽബെർട്ട യൂണിവേഴ്സിറ്റിയിലും പ്രൊഫസ്സറായും യൂ കെ യിലെ വിവിധ സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസ്സറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ശാസ്ത്ര രംഗത്തെ ഗഹനമായ അന്വേഷണങ്ങൾക്കൊപ്പം സനാതന ധർമ്മ പ്രചാരണവും ജീവിതവൃതമാക്കിയ ഗോപാലകൃഷ്ണൻ പ്രഭാഷണ രംഗത്തും സംപ്രേക്ഷണ രംഗത്തും ഗിന്നസ് റെക്കോർഡിന് അടുത്തെത്തിയ മഹാപ്രതിഭയായിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും കോര്പറേറ് മാനേജ്‌മന്റ് പരിശീലന കളരികളിലെ മികച്ച ശിക്ഷകനായും അദ്ദേഹം ശോഭിച്ചിരുന്നു.
മതങ്ങൾക്കും ഭാഷകൾക്കും അതീതമായി ആരാധക സമ്പത്തുള്ള അദ്ദേഹത്തിന്റെ വേർപാടിൽ എല്ലാ സത്യാന്വേഷികൾക്കുമൊപ്പം അമേരിക്കയിലെ ഹൈന്ദവ സമൂഹവും ആദരാഞ്ജലികൾ അർപ്പിക്കുന്നതായി കെ.എച്.എൻ.എ. പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
സുരേന്ദ്രൻ നായർ