താദാത്മ്യപഠനം: സഫലമാലയും ജ്ഞാനപ്പാനയും (അബ്‌ദുള്‍ പുന്നയൂര്‍ക്കുളം)

ഷബീര്‍ അണ്ടത്തോട്‌ ശാന്തമായി ഒഴുകുന്ന പുഴ പോലെ അനുസ്യൂതം ശബ്ദരഹിതമായി കാവ്യോപാസന
നടത്തിക്കൊണ്ടിരിക്കയാണ്‌. പ്രതിഫലത്തെപ്പറ്റിയോ, പ്രശസ്‌തിയെപ്പറ്റിയോ, ചിലപ്പോള്‍ സ്വന്തം
ആരോഗ്യത്തെപ്പറ്റിയോ പോലും ചിന്തിക്കാതെ. ഒരുപക്ഷേ ഷബീറിനു അനര്‍ഗ്ഗളം സര്‍ഗ്ഗസഞ്ചാരം നടത്താന്‍
സാധ്യമാവുന്നത്‌ പിതാമഹന്‍ ശുജായി മൊയ്‌തു മുസ്ലിയാരുടെ സര്‍ഗ്ഗലാളനയേറ്റു വളര്‍ന്നതു
കൊണ്ടോ? അതോ സ്ഥിരോത്സാഹിയായ ഷബീര്‍ ഏകാന്തവാസത്തിലെന്ന പോലെ ഇരുന്ന്‌ കാവ്യസുമങ്ങള്‍
നെയ്യുന്നത്‌ കവനകലയോടുളള അടങ്ങാത്ത പ്രണയംകൊണ്ടോ?
ഷബീറിന്റെ കാവ്യ സമാഹാരങ്ങള്‍ നാല്‍ക്കവലയോളം ഭൂമി, ഒഴുകാതൊരു പുഴ, പിന്നീടുളള ദിനങ്ങള്‍,
ചിലയിനം മണ്‍കോലങ്ങള്‍, ഇരുട്ടു തിന്നുന്ന ഭൂമി, പകലുറങ്ങുന്ന പക്ഷി, നൂലുകോര്‍ത്ത രാത്രി
എന്നിവയാണ്‌.ഏഴ്‌ സമാഹാരം പിറവിയെടുത്തതിനു ശേഷം കാഴ്‌ചപ്പാട്‌ അല്‌പം മാറ്റി, പഠനങ്ങളിലേക്കും
താദാത്മ്യപഠനങ്ങളിലേക്കും ചരിത്രദര്‍ശനങ്ങളിലേക്കും തിരിഞ്ഞു. അവ ശുജായി മൊയ്‌തു മുസ്ലിയാരും അനന്തര തലമുറകളും(പഠനം), പുന്നയൂര്‍ക്കുളം പുരാവൃത്തം (ചരിത്രം ദര്‍ശനം),
സഫലമാലയും ജ്ഞാനപ്പാനയും, ഹാജിയുടെ കഥ, ഇപ്പോള്‍ ഇതാ 12ാ മത്‌ പുസ്‌തകമായ
‘ചങ്ങമ്പുഴ കൃഷ്‌ണ പിളളയും വയലാര്‍ രാമവര്‍മ്മയും (സ്‌മൃതികള്‍ നിഴലുകള്‍).
തൃശ്ശൂര്‍ ജില്ലയിലെ അണ്ടത്തോട്‌ കുളങ്ങര വീട്ടില്‍ ശുജായി മൊയ്‌തു മുസ്ലിയാര്‍1861ല്‍ ജനിച്ചു.
ശുജായിയേക്കാള്‍ രണ്ടരനൂറ്റാണ്ട്‌ മുന്‍പാണ്‌ പൂന്താനം ജ്ഞാനപ്പാന രചിച്ചതെങ്കിലും,
ഇരുവരുമെഴുതിയ കൃതികള്‍ സമകാലികമായ പരിസരത്തില്‍ ശ്രദ്ധയോടെ വായിക്കുക എന്നത്‌
തീര്‍ച്ചയായും സര്‍ഗ്ഗാത്മകമായ ഒരു സാംസ്‌കാരിക ദൗത്യമാണ്‌. ഭക്തിയും മുക്തിയും
യുക്തിയും സമൃദ്ധമായി നിറഞ്ഞുല്ലസിക്കുന്ന തത്വങ്ങളുടെ തേന്മഴയാണ്‌ ജ്ഞാനപ്പാന. വേദാന്തഭക്തിയാണ്‌
പൂന്താനത്തെ പ്രചോദിപ്പിച്ചത്‌. ഇസ്ലാമിക മത തത്വങ്ങളാണ്‌ ശുജായിയെ പ്രചോദിപ്പിച്ചത്‌.
സാരസംഗ്രഹവും സാരസംഗീതവും പ്രാണന്റെ തുടിപ്പും തത്വങ്ങളുടെ മിടിപ്പും നിതാന്ത
വെടിപ്പും ചുരത്തുന്നതാണ്‌ സഫലമാല.
ശുജായി സമൂഹത്തിലേക്ക്‌ പകര്‍ന്നത്‌ വിജ്ഞാനത്തിന്റെ ഒരു വന്‍കരയാണ്‌: പുരാതന ചരിതം, ഐതിഹ്യം,
പുരാവൃത്തം, ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം ഇവകളാല്‍ സമൃദ്ധം.
പൊട്ടാ നീ മുന്‍ തുളളി പിന്‍ ചോരക്കട്ട
പിന്നിന്ന്‌ കാട്ടം ചുമന്നൊരു കൊട്ട
പെട്ടാലൊ ചത്തെ ചകം അല്ലെ പൊട്ടാ

പറനില്‍ ഉടല്‍ക്ക്‌ ബഹുമാനം പൊട്ടാ
പകല്‍ കണ്ണടച്ചാല്‍ ഇരുളാമോ പൊട്ടാ
പന്തം പുടിച്ചാല്‍ ഫജ്‌റാമോ പൊട്ടാ
(ശുജായി സഫലമാല)
വളളുവനാട്‌ താലൂക്കില്‍ നെന്മേനി അംശത്തില്‍1547ല്‍ ആണ്‌ പൂന്താനത്ത്‌ ശങ്കരനാരായണന്‍
നമ്പൂതിരിയുടെ പിറവി. തത്വജ്ഞാനത്തെ ഇത്രയേറെ ആസ്വാദ്യമധുരമാക്കുന്ന മലയാളത്തില്‍ എഴുതപ്പെട്ട
ജ്ഞാനപ്പാനയ്‌ക്ക്‌ തുല്യമായി മലയാളത്തില്‍ മറ്റൊന്നില്ല. മലയാളത്തിന്റെ പൂന്തേന്‍ എന്നാണ്‌ മഹാകവി
വളളത്തോള്‍ ജ്ഞാനപ്പാനയെ വിശേഷിപ്പിച്ചത്‌. തന്റെ ഒരേയൊരു പുത്രന്റെ ദുര്‍മരണം മൂലം മനംനൊന്ത്‌
രചിച്ചതാണ്‌ ഭക്തിപ്രധാനമായ ജ്ഞാനപ്പാന. തനി മലയാളഭാഷയില്‍ എഴുതിയ ജ്ഞാനപ്പാന കാലത്തിനും
സാംസ്‌കാരിക ധര്‍മ്മത്തിനും അതീതവും അതിപുണ്യവുമാണ്‌;
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്ന്‌ വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളികമുകളിലേറിയ മന്നന്റെ
തോളില്‍ മാറാപ്പങ്ങാക്കുന്നതും ഭവാന്‍
(പൂന്താനം ജ്ഞാനപ്പാന)
സാരം: ഔചിത്യവും ഔജസ്യവും സ്വന്തമാക്കിയുളള ഒരു സുപ്രഭാതത്തിലെ പ്രയാണത്തില്‍
പൊടുന്നനെ നിലംപതിക്കുമ്പോള്‍ മാത്രമേ, തന്റെ ദൗര്‍ബല്യത്തെക്കുറിച്ചും താനെത്ര മാത്രം
നിസ്സാരനുമാണെന്ന അവസ്ഥയെക്കുറിച്ചും ഒരാള്‍ ചിന്തിച്ചു തുടങ്ങുക!
ആദ്യം വിവേകമാണ്‌ വേണ്ടത്‌. പിന്നീട്‌ ജ്ഞാനം. വിവേകവും വിജ്ഞാനവും ഒത്തുചേരുമ്പോള്‍
ധാര്‍മ്മികതയും അതിനോട്‌ ഒപ്പം നില്‌ക്കുന്നു. ഇവ മൂന്നും വന്നു.കഴിഞ്ഞാല്‍ സംസ്‌കാരവും
അതില്‍ നിന്ന്‌ വിനയവും ആവിര്‍ഭവിക്കുന്നു. ഇവയെല്ലാം പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുന്നവനാണ്‌
യഥാര്‍ത്ഥ മനുഷ്യന്‍. ശുജായിയും പൂന്താനവും ഇതില്‍ എത്തി നിന്നവരും അവരുടെ സാരോപദേശങ്ങളും
തത്വങ്ങളും ശാന്തശീലവും മനുഷ്യന്‌ മാതൃകയായി തീരുകയും ചെയ്യുന്നു. പാട്ടായിരുന്നു
ഇരുവരുടേയും കരുത്ത്‌. വാക്കായിരുന്നു വെട്ടം. അകം നിറഞ്ഞ ഭക്തിയായിരുന്നു ഉള്‍ത്തെളിച്ചം.
പകല്‍ കണ്ണടച്ചാല്‍
ഇരുളാമൊ പൊട്ടാ
പന്തം പുടിച്ചാല്‍
ഫജ്‌റാമൊ പൊട്ടാ
തട്ടാത്തറങ്ങള്‍

ഉറപ്പെന്തു പൊട്ടാ
തിന്നാപ്പഴത്തിന്‌
രുചിയെന്ത്‌ പൊട്ടാ (സഫലമാല)
‘സഫലമാല’ യിലെ ഈ പാട്ടിനോട്‌ ചേര്‍ത്തുവായിക്കാം ‘ജ്ഞാനപ്പാന’യിലെ ഈ വരികള്‍.
കണ്ടാലൊട്ടറിയുന്നു ചിലരതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടങ്ങറിയുന്നിതു ചിലര്‍
ഒരര്‍ത്ഥത്തില്‍ ശുജായിയും പൂന്താനവും പ്രതിനിധീകരിക്കുന്നത്‌ വ്യത്യസ്‌ത ലോകങ്ങളാണെങ്കിലും,
സാംസ്‌കാരിക സമത്വം ജീവിതസത്യമായി തത്വത്തിലെങ്കിലും ഉള്‍ക്കൊളളാന്‍ കഴിഞ്ഞാല്‍, അതുവഴി
എല്ലാ ധാരകളും മുഖ്യധാരകളായാല്‍ പൂന്താനത്തിനും ശുജായിക്കും ഒരു കുടക്കീഴില്‍ ചേര്‍ന്ന്‌
നില്‌്‌ക്കാന്‍ കഴിയും. അത്തരമൊരു ശ്രദ്ധേയമായ താരതമ്യപഠനമാണ്‌ ഷബീറിന്റെ സഫലമാലയും
ജ്ഞാനപ്പാനയും. ചില ഘടകങ്ങളില്‍ നമ്മുടെ ജീവിതവീക്ഷണത്തെ, അനുഷ്‌ഠാനത്തെ വികൃതമാക്കുന്നു. ഇത്‌
നമ്മെക്കൊണ്ട്‌ ചോദിപ്പിക്കുകയും നമ്മെ ഉണര്‍ത്തുകയും ചെയ്യുകയാണ്‌ ശുജായിയും പൂന്താനവും
ചെയ്‌തുകൊണ്ടിരുന്നത്‌.
ശുജായിയും പൂന്താനവും ഭൗതികതയുടെ പുറംതോടല്ല ദര്‍ശിച്ചത്‌; ആന്തരികമായ വ്യാപനത്തിന്റെ
ഉയര്‍ച്ചയാണ്‌്‌. കുടമുല്ലകൊണ്ട്‌ സഫലഹാരം കോര്‍ത്ത ശുജായിയും കുരുക്കുത്തിമുല്ലകൊണ്ട്‌
ജ്ഞാനപ്പാന തീര്‍ത്ത പൂന്താനവും ലൗകിക ലീല സ്ഥായിയല്ലെന്നും അത്‌ ദുര്‍ഗന്ധത്തിന്റെ
പാര്‍ത്താലാനന്ദമാണെന്നും പാരത്രികതയുടെ മലര്‍മുല്ലയാണ്‌ യഥാര്‍ത്ഥ സൗരഭ്യമെന്നും
ഉച്ചൈസ്ഥരം ഉണര്‍ത്തിയവരാണ്‌.
ഈ ലോകവും മനുഷ്യനും തമ്മിലുളള ബന്ധം. അപാരതയുടെ പ്രതിഭാസവും മനുഷ്യനും തമ്മിലുളള
ബന്ധം. ഇത്‌ രണ്ടും പൂന്താനത്തിന്റെ ജ്ഞാനപ്പാന എന്ന കൃതിയുടെ മുഖമുദ്രയാണ്‌. ജീവിതത്തിന്റെ
പൊളളയായ മുഖംമൂടി വലിച്ചുകീറി വൈജ്ഞനിക കുലപതികളായ ശുജായിയും പൂന്താനവും നമ്മിലെ
നമ്മെ നമുക്ക്‌ വ്യക്തമായി കാണിച്ചു തന്നവരാണ്‌.
അറബി മലയാളം ഭാഷയില്‍ എഴുതപ്പെട്ട ‘സഫലമാല’ ഒരു കാലത്ത്‌ മലബാറിലെ മുസ്ലിം
കുടുംബങ്ങളില്‍ വ്യാപകമായി വായിക്കപ്പെട്ടിരുന്നു. എങ്കിലും സംസ്‌കൃതവും മലയാളവും
ചേര്‍ന്നുണ്ടായ ശ്ലോകങ്ങള്‍ സ്വീകരിക്കപ്പെട്ടതുപോലെ, അറബിയും മലയാളവും ചേര്‍ന്നുണ്ടായ
‘അറബിമലയാളം’ ഗണത്തില്‍ പെടുത്താവുന്ന ‘ബൈത്തുകള്‍’ സ്വീകരിക്കപ്പെട്ടില്ല.
ഏകദേശം ഒന്നര വര്‍ഷത്തെ സ്വദേശവാസത്തിനു ശേഷം വളര്‍ത്തമ്മയായ അമേരിക്കയിലേക്കു ഞാന്‍ തിരിച്ചു
വരുമ്പോള്‍, മൂന്നു കൃതികളെ കയ്യിലുണ്ടായിരുന്നുളളു. അവയിലൊന്ന്‌ ഷബീര്‍ അണ്ടത്തോടിന്റെ
‘സഫലമാലയും ജ്ഞാനപ്പാന’യുമായിരുന്നു. അത്‌ രസാവഹവമായി വായിക്കാന്‍ കഴിഞ്ഞത്‌ ഒരു
നവ്യാനുഭവമായിരുന്നു.

ഈ പുസ്‌തകത്തിനു ഒരു പൊന്‍തൂവലെന്നോണം ആമുഖം എഴുതിയിരിക്കുന്നത്‌ പ്രശസ്‌ത
സാഹിത്യകാരനും ചിന്തകനും കോളമിസ്‌റ്റുമായ ശ്രീ.കെ.ഇ.എന്നും, ഗഹനമായ ഒരു പഠനം
തയ്യാറാക്കിയത്‌ കവിയും ചിന്തകനും വാഗ്‌മിയുമായ പ്രസാദ്‌ കാക്കശ്ശേരിയുമാണ്‌. ഒരു
കൃതിയുടെ യശസ്സിനു ഇതില്‍ കൂടുതല്‍ എന്തുവേണം. നാലഞ്ചു വര്‍ഷമായി എഴുതിക്കൊണ്ടിരിക്കുന്ന
എന്റെ നോവലിന്റെ പണി തല്‌ക്കാലം മാറ്റിവച്ചു, ‘സഫലമാലയും ജ്ഞാനപ്പാനയും’ വായിച്ചു;
അതിനൊരു ആസ്വാദനം എഴുതിക്കഴിഞ്ഞപ്പോള്‍ ഒരാത്മനിര്‍വൃതി കൈവന്നതു പോലെ….