ബിഗ് ബോസ്;ആണ്ടുതോറും നടത്തിവരുന്ന സർപ്പയജ്ഞം (സുധക്കുട്ടി)

സുധക്കുട്ടി

ബിഗ് ബോസ്
ഏഷ്യാനെറ്റ് ആണ്ടുതോറും നടത്തുന്ന
സർപ്പയജ്ഞമാണ് ബിഗ് ബോസ്

അടച്ചുപൂട്ടിയ കൂടാരത്തിൽ പല ജനുസ്സിൽ പെട്ട കുറെ പാമ്പുകൾ നൂറ് ദിവസം ഫണം വിടർത്തി പോരാടുകയും കൊത്തിപ്പിണയുകയും ചെയ്യുന്ന ഏർപ്പാട്.നമ്മള് ടോട്ടലീ ഫ്രീയാണെങ്കിൽ നേരമ്പോക്കിന് ഉതകുന്ന ഉരുപ്പടി.

യജ്ഞപ്പുരയിലെ രാജവെമ്പാലയാണ് അഖിൽ മാരാർ. രസികനും വിരുതനുമാണ്. ബുദ്ധിയും വാക് ചാതുരിയും വേണ്ടത്രയുണ്ട്. വായിൽ നിന്ന് വീഴുന്ന അബദ്ധങ്ങൾ പോലും നിമിഷവേഗത്തിൽ തിരിച്ചിട്ടും മറിച്ചിട്ടും ചുട്ടെടുത്ത് ചൂടൻ വിഭവമാക്കാൻ തക്ക വൈഭവമുള്ള അയാളെ കൃത്യമായി മനസ്സിലാക്കാനോ ഫലപ്രദമായി പ്രതിരോധിക്കാനോ കഴിവുള്ള ഒരാൾ പോലും അവിടെയില്ല .താൻ ഭാര്യയെ തല്ലാറുണ്ടെന്നും ഗാർഹിക പീഢനമനുഭവിക്കുന്ന എല്ലാ സ്ത്രീകൾക്കും പറയാൻ ഒറ്റ കഥയേയുള്ളുവെന്നും നിസ്സാരമായി പറയുന്ന അയാൾക്കൊപ്പമാണ് യജ്ഞ കൂട്ടിലുള്ള മറ്റ് മത്സരാർത്ഥികളും ഭൂരിപക്ഷം പ്രേക്ഷകരും എന്നതാണ് വിചിത്രം. നല്ലവനായ തെമ്മാടിയായി സമൂഹ മാധ്യമങ്ങൾ അയാളെ ആഘോഷിക്കുന്നു.

അയാളുടെ സ്ത്രീ വിരുദ്ധ പ്രസ്താവനകൾക്കെതിരെ ശബ്ദമുയർത്തുകയും ഒറ്റയ്ക്ക് പൊരുതുകയും ചെയ്യുന്ന ശോഭാവിശ്വനാഥ് എന്ന മത്സരാർത്ഥിയെ മാനസികമായി തകർക്കുക എന്നതാണ് അയാൾടെ പ്രഥമ അജണ്ട.

” യജ്ഞം കഴിഞ്ഞ് നീ എന്റെ അടുക്കളക്കാരിയായി വന്നോളൂ, ഭാര്യ എതിർക്കില്ല, പക്ഷേ രാത്രി എന്റടുത്തേയ്ക്ക് വന്നേക്കരുത് ” എന്ന് വഷളൻ ഹാസ്യത്തിൽ അയാൾ അവരോട് പറയുന്നത് കേട്ട് പുളകം കൊള്ളുകയാണ് നമ്മൾ.

മൂർച്ചയേറിയ നോട്ടം കൊണ്ട് , പുച്ഛത്താൽ കൂർപ്പിച്ച ചുണ്ടുകളുമായി
അയാളെ പ്രതിരോധിക്കാനും അതിജീവിക്കാനും ശ്രമിച്ചപ്പോഴാകട്ടെ അവർ യജ്ഞകൂടാരത്തിൽ ഒറ്റപ്പെട്ടു പോയി. ഉള്ളിൽ നുരഞ്ഞു പൊന്തുന്ന വികാരം അതേപടി രേഖപ്പെടുത്താൻ ശക്തമായ വാക് ചാതുരി ഇല്ലാത്തത് അവരുടെ വലിയപോരായ്മയായി.

സ്വകാര്യ ജീവിതത്തിലെയും തൊഴിൽ മേഖലയിലെയും അതി സങ്കീർണമായ സാഹചര്യങ്ങളോട് മല്ലിട്ട് വിജയിച്ച , അന്യം നിന്നു പോകുന്ന നമ്മുടെ കൈത്തറി മേഖലയിൽ കഠിനാദ്ധ്വാനം കൊണ്ട് സ്വയം അടയാളപ്പെടുത്തിയ വിദ്യാസമ്പന്നയും സംസ്ക്കാരചിത്തയുമായ സ്ത്രീയാണ് അവർ എന്ന് മനസ്സിലാക്കുന്നു.

” നാട്ടുകാരെ സുഖിപ്പിച്ചല്ലേ നീ ബിസിനസ്സ് ചെയ്യുന്നത് ” എന്ന് അവരോട് ചോദിക്കുന്നതിനപ്പുറം അശ്ലീലം മറ്റെന്താണ്?

എഴുപത്തിയഞ്ചോളം ക്യാമറകളെ സാക്ഷിയാക്കി , അത് പറഞ്ഞവന്റെ മുഖത്ത് കൈ നീർത്തിയൊന്ന് കൊടുത്ത് അവർ അവിടെ നിന്ന് ഇറങ്ങിപ്പോകാത്തതിൽ എനിക്ക് ഖേദമുണ്ടായി.

ശോഭാ വിശ്വനാഥിനെ നേരിട്ടറിയില്ലെങ്കിലും കൈത്തറി വിപണിയിൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഒരു സ്ഥാപനത്തിലേയ്ക്ക് മരുമകളായി എത്തിയ , വസ്ത്ര ഡിസൈനിംഗിൽ പ്രാവീണ്യമുള്ള ഒരു വനിതയാണ് അവർ.
അവർ ഉടുക്കുന്ന കൈത്തറി സാരികൾ കണ്ട് ഭ്രമിച്ചാണ് ഞാനീ യജ്ഞക്കൂട്ടിലേക്ക് തലയിട്ടത് തന്നെ.

അഖിൽ മാരാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു എന്ന ഒറ്റ കാരണത്താൽ
സമൂഹ മാധ്യമങ്ങളും കുറെയേറെ പ്രേക്ഷകരും ചേർന്ന് അവരെ പൊതുനിരത്തിൽ നഗ്നയാക്കി നിർത്തി അപമാനിക്കുകയാണ്. അവരുടെ വ്യവസായ സാമ്രാജ്യത്തെ തകർക്കുകയാണ്.

അതിപ്രശസ്തനായ ഒരു ഫുട്ബോൾ കളിക്കാരന് ഉപഹാരം നൽകാനായി കൈത്തറിയിൽ ഒരു ധോത്തി ഡിസൈൻ ചെയ്യാൻ ഓർഡർ ലഭിച്ചത് സ്വപ്നമുഹൂർത്തമായി കരുതുന്നു എന്ന് അഭിമാനത്തോടെ അവർ പറഞ്ഞത് കേട്ടയുടൻ ശരാശരി മലയാളിയുടെ ജീർണ മനസ്സിന്റെ സ്ഥിരം വിനോദ പരിപാടികൾ തുടങ്ങുകയായി. വിഷം ചീറ്റലും അപകീർത്തിപ്പെടുത്തലും , കഷ്ടം!

പ്രായത്തെ തോല്പിക്കുന്ന വീറോടെ പൊരുതുന്ന പ്രകൃതമാണ് അവരുടേത്.
മുറിവേറ്റ ഭൂതകാലം പഠിപ്പിച്ച പാഠമാകാം. ലക്ഷ്യത്തിൽ നിന്ന് കണ്ണെടുക്കാതെ തലയുയർത്തി മുന്നോട്ട് തനിയെ നടക്കുന്ന സ്ത്രീകളെ സമൂഹത്തിന് ഇഷ്ടമല്ല.

അവരുടെയുള്ളിലെ അഗ്നി തുടക്കത്തിലേ തിരിച്ചറിഞ്ഞ കുശാഗ്ര ബുദ്ധിക്കാരനായ മൈൻഡ് ഗെയിമർ അഖിൽ മാരാർ സഭ്യതയുടെ അതിരുകൾ കടന്ന് അവരെ മാനസികമായി തളർത്തുന്ന ശൈലിയാണ് സ്വീകരിച്ചത്. തന്ത്രപരമായ നീക്കമാണത്.
ജീവിതാനുഭവങ്ങളിൽ നിന്ന് ആർജിച്ച പരഹൃദയജ്ഞാനമാണ്. കളിക്കളത്തിന്റെ നീതിശാസ്ത്രത്തിൽ കൈയ്യടി ഏറെ നേടുന്ന രീതിയാണത്.

പകിട കളിയിലെ എല്ലാ കരുക്കളും വിദഗ്ദ്ധമായി നീക്കിക്കളിച്ച് അയാൾ മുന്നേറുന്ന കാഴ്ച രസകരമാണ്. തന്നെ അംഗീകരിക്കുന്നവരും താൻ അംഗീകരിക്കുന്നവരും മാത്രം മതി ഇവിടെ എന്ന ഹുങ്ക് പറയാതെ പറഞ്ഞ് ശോഭ ഒഴികെ മറ്റെല്ലാ മത്സരാർത്ഥികളെയും കൊണ്ട് അടിയറവ് പറയിപ്പിക്കുന്നതിൽ അസാധാരണ മിടുക്കുണ്ട് അയാൾക്ക് .

ഒന്നാം സ്ഥാനത്ത് എത്തി വേദിയിൽ സൂപ്പർ നടന്റെ കൈയ്യിൽ നിന്ന് താൻ ട്രോഫി ഏറ്റുവാങ്ങുമ്പോൾ രണ്ടാം സ്ഥാനത്ത് വരാൻ യോഗ്യതയുള്ള ഒരാളും ഇല്ലല്ലോ എന്ന ധാർഷ്ട്യം നിറഞ്ഞ ഉത്കണ്ഠ അയാൾ പങ്കിട്ടത് എന്നെ അതിശയപ്പെടുത്തുന്നു.

മനുഷ്യ മനസ്സിന്റെ ഉൾപ്പടർപ്പുകളിലെ അപകടകരമായ അടിയൊഴുക്കുകളും , സവിശേഷതകളും ചികഞ്ഞറിയാനുള്ള കൗതുകം കൊണ്ടാണ് ഞാനീ സർപ്പയജ്ഞക്കൂട്ടിലേയ്ക്ക് തലയിട്ടത്. പാമ്പുകൾ ഉറയൂരി തനിനിറം കാട്ടുന്നത് നിരീക്ഷിക്കുക രസകരം തന്നെ.

ശോഭാ വിശ്വനാഥ് എന്ന കരുത്തയായ സ്ത്രീയോട് ഒന്നേ പറയാനുള്ളൂ , ജയിച്ചാലും തോറ്റാലും ,
ഈ കൂടാരം നിങ്ങളെപ്പോലൊരാൾക്ക് പറ്റിയ ഇടമല്ല

സർപ്പയജ്ഞ മഹാമഹത്തിന്റെ പാതിക്ക് ശേഷം മാത്രം ഏതോ മകുടി നാദം കേട്ട് ഉറക്കം വിട്ടുണർന്ന നാദിറ എന്ന ട്രാൻസ്ജെന്ററാണ് ആര് വിജയിച്ചാലും ഈ സീസണിന്റെ താരം, പ്രേഷകരെ രസിപ്പിച്ച് , പഠിപ്പിച്ച് കളം വിട്ടിറങ്ങിയെങ്കിലും.

ബിഗ് സല്യൂട്ട് നാദിറാ മെഹ്റിൻ