അവളുടെ ഒളിച്ചോട്ടങ്ങൾ (കവിത- സുഭാഷ് പോണോളി)

 

സുഭാഷ് പോണോളി

പരശുറാം പടിഞ്ഞാറോട്ടും
വേണാട് കിഴക്കോട്ടും പോയശേഷമാണ്
അവൾ ആത്മഹത്യ ചെയ്യാനുറച്ചത്

അരമണിക്കൂർ കഴിഞ്ഞാകും
അടുത്ത വണ്ടിവരുന്നത്
വല്ല ഗുഡ്സെങ്കിലും വന്നെങ്കിലെന്ന്
അവളാശിച്ചു

ചുറ്റും ഇരുട്ട് കനംവച്ച്
ഉറക്കം തൂങ്ങുന്നു,
അങ്ങററത്ത് ഒരു കൂട്ടം
മേഘങ്ങൾ പാളത്തിൽ
തലവച്ചു മരിക്കാൻ കിടക്കുന്നു,
അവൾക്ക് കരച്ചിൽവന്നു

വലിയ ആൽമരക്കൊമ്പുകളിലിരിക്കുന്ന
നത്തുകൾ മരണവചനങ്ങൾ കാതിൽ മൂളുന്നു

അന്ധകാരത്തിന്റെ
അഭ്രപാളികളിൽ നക്ഷത്രങ്ങൾ
അവളുടെ മുന്നിൽ കുഞ്ഞുങ്ങളുടെ
ചിത്രം വരയ്ക്കുന്നു
ഈ അരമണിക്കൂറിനുള്ളിൽ
എന്തെല്ലാം കാണണമെന്നവൾ ശങ്കിച്ചു

പൂസായുറങ്ങുന്ന പാവം
ഭർത്താവെണീൽക്കുമ്പോൾ
കുളിയ്ക്കാൻ ആരാണ് വെള്ളം
ചൂടാക്കാനുണ്ടാവുക,
ആരു മക്കളെ സ്കൂളിലേയ്ക്ക്
യാത്രയാക്കും,
അങ്ങേരുടെ അച്ഛനും അമ്മയും
എണീക്കുമ്പോൾ ആര്
കട്ടനിട്ടു കൊടുക്കും

രണ്ടുമൂന്ന് ആടിനും കുഞ്ഞുങ്ങൾക്കും
ആര് പ്ലാവിലകൊടുക്കും
കുടുംബശ്രീയിൽനിന്ന് പലിശക്കെടുത്ത
കാശുകൊണ്ട് വാങ്ങിയ ആടുകളാണ്!
കോഴികൾക്ക് ആരു
തവിട് നനച്ചു കൊടുക്കും.

ഓ അരമണിക്കൂർ ഓടിപ്പോയി
അകലെനിന്ന് വന്ദേ ഭാരത്
ചൂളംകുത്തിവരുന്നു
അവളുറച്ചു ഉത്തരവാദിത്വത്തിൽനിന്നും
ഒളിച്ചോടുന്നത് നല്ല ഭാരതീയന്റെ
ലക്ഷണമല്ല

അവൾ വീണ്ടും ജീവിതത്തിലേയ്ക്ക് കുതിച്ചു
പായാൻ തിരിച്ചുപാഞ്ഞു.

ഭാഗ്യം ഒരു ഭാരതീയനും
നേരം വെളുത്തിട്ടില്ല , മരിക്കണ്ട!
നെയ്യപ്പമുണ്ടാക്കി കെ.ട്രയിനിൽ കൊച്ചിയിൽ
കൊണ്ടുപോയി വിറ്റു ജീവിയ്ക്കാം

മനുഷ്യർക്ക് നേരം വെളുക്കാൻ
ഇനിയും സമയം ബാക്കി