കാട്ടാന ആക്രമണത്തില്‍ പ്രതിഷേധം; മാനന്തവാടിയില്‍ ഹര്‍ത്താല്‍

മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ കാറില്‍ നിന്ന് ഇറങ്ങി നടന്നുപോകാന്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ 42 കാരനായ പനച്ചിയില്‍ അജി കൊല്ലപ്പെട്ടത്.മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.