ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയ്മില്‍ അസാധരണമായ ചിരിയും ശബ്ദവുമായി ഭ്രമയുഗം മൂഡില്‍: മമ്മൂട്ടി

പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് ഇനി അഞ്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യാനിരിക്കെ മമ്മൂട്ടിയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭ്രമയുഗത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ടുള്ള വീഡിയോയാണ് വ്യത്യസ്തമാകുന്നത്. ഒരു ഭ്രമയുഗം മൂഡിലാണ് വീഡിയോ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയ്മില്‍ വരുന്ന മമ്മൂട്ടി അസാധരണമായ ചിരിയിലൂടെയും പരുക്കന്‍ ശബ്ദത്തോടെയും സിനിമയിലെ കഥാപാത്രമായാണ് സംസാരിക്കുന്നത്. വീഡിയോയില്‍ മമ്മൂട്ടിയുടെ ചിരി തന്നെയാണ് ഹൈലൈറ്റ്.

ഫെബ്രുവരി 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.ചിത്രത്തിന്റെ സംഭാഷണ രചന നിര്‍വഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.’ഭൂതകാലം ഒരു വ്യത്യസ്ത സിനിമയാണെന്നാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞത്. ഭ്രമയുഗം കൂടുതല്‍ പേടിപ്പിക്കും എന്ന പ്രതീക്ഷയോടെ ആണ് ഇരിക്കുന്നത്, എന്നാല്‍ അത്തരമൊരു ചിത്രമല്ല എന്നും കത്തനാരിലെ കുഞ്ചമന്‍ പോറ്റിയുമായി മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒരു ബന്ധവുമില്ലെന്നും സംവിധായകന്‍ ഒരഭിമുഖത്തില്‍ വ്യക്തമാക്കി.

ചിത്രം പൂര്‍ണമായും ഫിക്ഷണല്‍ സ്റ്റോറിയാണ്. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാണിത്. ചെറിയ ഹൊറര്‍ എലമെന്റ്‌സ് ഇതിലുണ്ട്. എന്നിരുന്നാലും ഇതൊരു സസ്‌പെന്‍സ് ത്രില്ലര്‍ എന്ന് പറയാന്‍ കഴിയുന്ന സിനിമയാണ്. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ കണ്ടാല്‍ എക്‌സ്പീരിയന്‍സ് വേറെ ആയിരിക്കും, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.