കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ എല്ലാവരും ഏറ്റെടുക്കട്ടെ: പി രാജീവ്

കൊച്ചി: കേരളം സംരംഭക സൗഹൃദമല്ലെന്ന നിലയിലുള്ള പ്രചരണം ഇപ്പോഴും അഴിച്ചുവിടുന്നത് കേരള വിരുദ്ധരായ വളരെ കുറച്ചാളുകള്‍ മാത്രമാണെന്ന് മന്ത്രി പി രാജീവ്. എത്ര വലിയ സംരംഭങ്ങളും ആരംഭിക്കാന്‍ സാധിക്കുന്ന നാടായി കേരളം മാറിയിരിക്കുന്നുവെന്നാണ് പ്രതിപക്ഷ ഉപനേതാവും മുന്‍ വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു. ലീവേജ് എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ ക്രെയിന്‍ നിര്‍മാണ ഫാക്ടറിയുടെ ഉദ്ഘാടനവേളയില്‍ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസംഗം ഉള്‍പ്പെടെയാണ് പി രാജീവിന്റെ പോസ്റ്റ്.

വ്യവസായത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കേരളത്തെ വ്യവസായ സൗഹൃദമാക്കുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. വ്യാവസായിക മുന്നേറ്റം സാധ്യമാക്കുന്ന കാര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായ ഐക്യം ഉണ്ടാകണമെന്ന കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ എല്ലാവരും ഏറ്റെടുക്കട്ടെയെന്നും നാട് മുന്നോട്ടുകുതിക്കട്ടെയെന്നും പറഞ്ഞാണ് മന്ത്രി രാജീവ് കുറിപ്പ് അവസാനിപ്പിച്ചത്.