ആടുജീവിതം മാര്‍ച്ച് 28-ന് തിയേറ്ററുകളിലെത്തും

ആടുജീവിതത്തിനായി ഏപ്രില്‍വരെ കാത്തിരിക്കേണ്ട ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം മാര്‍ച്ച് 28-ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായാണ് എത്തുന്നത്. ബെന്യാമിന്റെ ജനപ്രിയ നോവല്‍ വെള്ളിത്തിരയിലെത്തുന്നതുകാണാന്‍ കാത്തിരിക്കുകയാണ് പ്രേഷകര്‍.

‘വായനയുടെ 16 വര്‍ഷങ്ങള്‍, ദൃശ്യഭാഷയ്ക്ക് 10 വര്‍ഷങ്ങള്‍, 6 വര്‍ഷം നീണ്ട ചിത്രീകരണം. കാത്തിരിപ്പിന് നീളം കുറയുന്നു. മാര്‍ച്ച് 28-ന് ലോകമെമ്പാടും തിയേറ്ററുകളില്‍’ എന്നാണ് പോസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മലയാളത്തില്‍ ഇന്നും ബെസ്റ്റ്സെല്ലറുകളില്‍ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.