ഒരേ കോളേജിൽ പഠിക്കുന്ന സഹപാഠിയെ ആളുകൾക്ക് എങ്ങിനെയാണ് ക്രൂരമായി കൊല്ലാൻ പറ്റുക? (നസീർ ഹുസൈൻ കിഴക്കേടത്ത് )

നസീർ ഹുസൈൻ കിഴക്കേടത്ത്  
ഒരേ കോളേജിൽ പഠിക്കുന്ന സഹപാഠിയെ ആളുകൾക്ക് എങ്ങിനെയാണ് ക്രൂരമായി കൊല്ലാൻ പറ്റുക? സഹപാഠിയെ മൂന്ന് ദിവസം പട്ടിണിക്കിട്ട്, ബെൽറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിക്കാൻ ആളുകൾക്ക് എങ്ങിനെയാണ് മനസ് വരിക? അതിന്റെ മനഃശാസ്ത്രം എന്താണ്?
രണ്ടാം ലോകമഹായുദ്ധത്തതിന് ശേഷം ലക്ഷക്കണക്കിന് ജൂതന്മാരെ കൊലപ്പെടുത്തിയതിന്റെ പേരിൽ പല നാസികൾക്കും ഇസ്രയേലിലും മറ്റു രാജ്യങ്ങളിലും വിചാരണ നേരിടേണ്ടി വന്നു. അത്തരം സന്ദർഭങ്ങളിൽ പ്രതികളിൽ പലരും ഉയർത്തിയ ഒരു വാദമായിരുന്നു , ഞങ്ങളല്ല ഈ ക്രൂരകൃത്യങ്ങൾക്ക് ഉത്തരവാദികൾ മറിച്ച് ഇങ്ങിനെ ചെയ്യാൻ ഞങ്ങൾക്ക് ഉത്തരവ് നൽകിയ മേലധികാരികളാണ്. ഞങ്ങൾ ഞങ്ങൾക്ക് കിട്ടിയ ആജ്ഞ നിറവേറ്റുക മാത്രമാണ് ചെയ്തത്, അതുകൊണ്ട് ഞങ്ങളെ വെറുതെ വിടണം.
ഈ സന്ദർഭത്തിലാണ് അമേരിക്കയിലെ യെയിൽ സർവകലാശാലയുടെ ബേസ്‌മെന്റിൽ സാമൂഹിക മനഃശാസ്ത്രജ്ഞൻ ആയ സ്റ്റാൻലി മിൽഗ്രാം തന്റെ ഇപ്പോൾ കുപ്രസിദ്ധമായ ഒരു പരീക്ഷണം നടത്തിയത്. മേലധികാരിയിൽ നിന്നുള്ള ഒരു ഓർഡർ കിട്ടിയാൽ നിങ്ങൾ നിങ്ങളുടെ മനസാക്ഷിക്ക് നിരക്കാത്ത കുറ്റകൃത്യത്തിൽ ഏർപ്പെടുമോ എന്നറിയാൻ നടത്തിയ ഒരു പരീക്ഷണം ആയിരുന്നു അത്.
വളരെ ലളിതമായ ഒരു പരീക്ഷണം ആണ് മിൽഗ്രാം നടത്തിയത്. പരസ്പരം പരിചയം ഇല്ലാത്ത രണ്ടു പേരെ നറുക്കെടുപ്പ് വഴി തിരഞ്ഞെടുക്കുന്നു. അതിൽ ഒരാൾ ഒരു ഗ്ലാസ് ചേമ്പറിനു അകത്ത് ഇരിക്കുന്നു. അയാളുടെ കയ്യിൽ ചില വയറുകൾ ഘടിപ്പിച്ചിട്ടുണ്ട്. അടുത്ത ആൾ ഗ്ലാസ് ചേമ്പറിനു പുറത്ത് കുറച്ചു സ്വിച്ചുകളുടെ മുൻപിൽ ഇരിക്കും. ഓരോ സ്വിച്ചിലും ഓരോ വോൾടേജ് രേഖപെടുത്തിയിട്ടുണ്ട്. കുറഞ്ഞ വോൾടേജിൽ തുടങ്ങി പടിപടിയായി ഉയർന്നു പോകുന്ന വോൾട്ടജുകൾ ആണിവ. അവസാനത്തെ രണ്ടു സ്വിച്ചുകളിൽ ഇവ മരണകാരണം ആകും എന്ന് ചുവന്ന അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മൂന്നാമതൊരാൾ വെളുത്ത ലാബ് കോട്ട് ഇട്ട ഒരു യൂണിവേഴ്സിറ്റി അധികാരിയാണ്. ഗ്ലാസ് ചേമ്പറിനു അകത്തിരിക്കുന്ന ആളുടെ ഓര്മ പരിശോധിക്കുന്ന ഒരു പരീക്ഷണം ആണിത് എന്നാണ് വെയ്പ്പ്. വെളുത്ത കോട്ടിട്ട ആൾ ഗ്ലാസ് ചേമ്പറിനു അകത്ത് ഇരിക്കുന്ന ആളിനോട് ചില വാക്കുകൾ ഓർത്തു വയ്ക്കാൻ പറയുന്നു. ഓരോ തവണ അയാൾ തെറ്റായി ഉത്തരം നൽകുമ്പോഴും സ്വിച്ചിനു അടുത്തിരിക്കുന്ന ആളോട് ഓരോ ഷോക്ക് കൊടുക്കുന്ന ബട്ടൺ നെക്കാൻ പറയും.
ഓരോ തവണയും വോൾടേജ് കൂട്ടി കൊണ്ടുവരും. കൂടുതൽ ഷോക്ക് ഏൽക്കുമ്പോൾ ഗ്ലാസ് ചേമ്പറിനു അകത്തിരിക്കുന്ന ആൾക്ക് ഷോക്ക് കിട്ടുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങൾ പുറത്തിരിക്കുന്ന ആളുകൾക്ക് കാണാൻ കഴിയും. ആദ്യത്തെ കുറച്ചു വോൾട്ടേജിനു വിറയലും നിലവിളിയും ആണെങ്കിൽ ഇരുന്നൂറു മുന്നൂറു വോൾട് ഒക്കെ ആകുമ്പോൾ കസേരയിൽ നിന്നും നിലത്തു വീഴലും, അലറി കരയലും, മതിലിൽ ഇടിച്ചു കൊണ്ട് തന്നെ പുറത്തു വിടാൻ ആയി അപേക്ഷിക്കലും മറ്റും ആയിരിക്കും ഗ്ലാസ് ചേമ്പറിനു അകത്തിരിക്കുന്ന ആൾ ചെയ്യുക.
മുന്നൂറ് വോൾട്ടെജിനു മുകളിൽ അവർ ബോധം കേട്ട് വീഴുകയോ മരിക്കുകയ്യൊ ചെയ്യും.
ഈ പരീക്ഷണത്തിൽ സ്വിച്ചിനു മുൻപിൽ ഇരിക്കുന്ന ആളൊഴിച്ചു മറ്റു രണ്ടുപേരും വെറും അഭിനേതാക്കൾ മാത്രമാണ് , യഥാർത്ഥത്തിൽ ഒരു ഷോക്കും ഗ്ലാസ് ചേമ്പറിൽ ഇരിക്കുന്ന ആൾക്ക് ഏൽക്കുന്നില്ല. നിലവിളി ശബ്ദവും മറ്റും ടേപ്പ് ചെയ്തു വച്ച് കേൾപ്പിക്കുന്നതാണ്. സ്വിച്ചിബോര്ഡിങ് മുൻപിൽ ഇരിക്കുന്ന ആൾക്ക് പക്ഷെ ഇതൊന്നും അറിയില്ല, അവർ വിചാരിക്കുന്നത് യഥാർത്ഥത്തിൽ ഷോക്ക് കൊടുക്കുന്നുണ്ട് എന്നാണു.
ലാബ് കോട്ടിട്ട ആൾ എന്ന അതോറിറ്റി പറഞ്ഞാൽ സാധാരണക്കാരായ ആളുകൾ എത്ര വരെ ഷോക്ക് കൊടുക്കും എന്നറിയാൻ വേണ്ടി ആയിരുന്നു ഈ പരീക്ഷണം. വെറും രണ്ടു ശതമാനം ആളുകൾ മാത്രമേ വലിയ വേദനാജനകമായ ഷോക്ക് കൊടുക്കുള്ളു എന്നായിരുന്നു പരീക്ഷണം നടത്തിയവരുടെ പ്രതീക്ഷ.
പക്ഷെ ഈ പരീക്ഷണത്തിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു. 65% ആളുകൾ മരണകാരണം ആയ ഷോക്കുകൾ വരെ കൊടുക്കാൻ തയ്യാറായി എന്നത് ഈ പരീക്ഷണം നടത്തിയ ആളുകളെ ഞെട്ടിച്ചു. പക്ഷെ വെറുതെ അങ്ങിനെ ചെയ്യുക ആയിരുന്നില്ല അവർ. ഓരോ തവണ കൂടിയ ഷോക്ക് നൽകുമ്പോഴും ഗ്ലാസ് ചേമ്പറിൽ ഇരിക്കുന്ന ആളുകളുടെ നിലവിളി കണ്ട് , ഇത് ചെയ്യുന്നത് തെറ്റാണെന്ന് നല്ല ബോധ്യത്തോടെ അവർ വെളുത്ത കോട്ടിട്ട അധികാരികളെ നോക്കിയിരുന്നു. പക്ഷെ ഈ പരീക്ഷണത്തിന്റെ ഭാഗമായി നിങ്ങൾ ഇത് ചെയ്തേ ആവൂ എന്നായിരുന്നു ലാബ് ഉദ്യോഗസ്ഥന്റെ നിർദ്ദേശം. ഇത് കേട്ട ഉടനെ അവർ കൂടുതൽ ഷോക്ക് കൊടുക്കുന്ന സ്വിച്ച് ഞെക്കി, മിക്കവാറും തങ്ങൾക്ക് ഇതിൽ പങ്കില്ല എന്നവർ വിചാരിച്ചു കാണും.
മൂന്നിൽ രണ്ടുപേർ വരെ അധികാര സ്ഥാനത്തുള്ള ഒരാൾ പറഞ്ഞാൽ താനും ആയി ഒരു പരിചയവും ഇല്ലാത്ത ഒരാളെ കൊല്ലാൻ മാത്രമുള്ള കാഠിന്യമുള്ള ഷോക്ക് നല്കാൻ തയ്യാറാകും എന്ന് ഈ പരീക്ഷണത്തിലൂടെ തെളിഞ്ഞു. പക്ഷെ ഈ പരീക്ഷണത്തിൽ പങ്കെടുത്തവർ ( അഭിനേതാക്കൾ അല്ല, ഷോക്ക് അടിപ്പിക്കുന്ന സ്വിച്ചിനു മുൻപിൽ ഇരുന്നവർ) വളരെ അധികം മനോവേദനയിലൂടെ കടന്നുപോയി.
ഈ പരീക്ഷണത്തിന് പല വിമർശനങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും മറ്റു പല സന്ദര്ഭങ്ങളിലും ഈ പരീക്ഷണം ആവർത്തിച്ചപ്പോൾ അധികാരസ്ഥാനത്തുള്ള ഒരാൾ പറഞ്ഞാൽ മനോവേദനയോ കുറ്റബോധമോ തോന്നാതെ ഒരാളെ കൊല്ലാൻ കുറച്ചെങ്കിലും ആളുകൾ തയ്യാറാവും എന്ന് സംശയം കൂടാതെ തെളിഞ്ഞു.
മേല്പറഞ്ഞ പോലുള്ള ആൾക്കൂട്ടത്തിന്റെ അധികാരമാണ് പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥൻ അതിദാരുണാമയി കൊല്ലപ്പെടാൻ ഇടയാക്കിയത്. മൂന്ന് ദിവസം പട്ടിണിക്കിട്ട് ബെൽറ്റ് കൊണ്ട് അടിച്ചു കൊല്ലുക എന്നതൊന്നും ആധുനിക സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്. ഇതൊന്നും റാഗിങ് എന്ന ലേബലിൽ കുറച്ചുകാണാൻ കഴിയില്ല. ക്രൂരമായ കൊലപാതകമാണ്. തങ്ങളെ ശിക്ഷിക്കാൻ നിലവിലുള്ള വ്യവസ്ഥിതി അപര്യാപ്തം ആണെന്നും , തങ്ങളുടെ അധികാരത്തിൻ്റെ അകത്താണ് ക്യാമ്പസ് എന്നും ഒക്കെയുള്ള വിചാരങ്ങൾ ഈ ആൾക്കൂട്ട കൊലപാതകത്തിൻ്റെ അടിസ്ഥാന കാരണങ്ങളാണ്..
അഭിമന്യുവിന്റേയും ധീരജിന്റേയും പോലുള്ള ക്യാമ്പസ് കൊലപാതക വാർത്തകൾ കേൾക്കുമ്പോഴെല്ലാം അത് കേരളത്തിലെ അവസാനത്തെ വാർത്തയാകട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ ശക്തമായ നടപടികൾ ഭരണകൂടത്തിൽ നിന്നും കോടതിയിൽ നിന്നും ഉണ്ടായാൽ മാത്രമേ ഇതിന് ഒരവസാനം ഉണ്ടാകൂ. അഭിമന്യുവിന്റെ കൊലപാതകം കഴിഞ്ഞിട്ട് അഞ്ച് വർഷങ്ങൾ കഴിഞ്ഞു, പ്രതികൾ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ധീരജ് കൊലപാതകത്തിലെ പ്രതി ഇപ്പോഴും ജാമ്യത്തിൽ പുറത്തു നടക്കുന്നു.
ഇത്തരം അക്രമങ്ങളെ പ്രതികളുടെ രാഷ്ട്രീയം കണക്കാക്കാതെ പ്രതികരിച്ച് ശക്തമായ നടപടികൾ എടുത്താൽ മാത്രമേ ഇതിന് ഒരു അവസാനം ഉണ്ടാകൂ…