മൗനനൊമ്പരം (കവിത -സുനിത സുകുമാരൻ)

സുനിത സുകുമാരൻ
പലരും വസനം വലിച്ചു പറിച്ചപ്പോ-
ളരുതേയെന്നവനെത്ര കേണിരിക്കാം!
പലവുരു അമ്മയെ പതിയെ വിളിച്ചുകൊ-
ണ്ടൊരു തുള്ളി നീരിന്നിരന്നിരിക്കാം
ഒരുവേള പീഡനം തീർന്നെങ്കിലമ്മത-
ന്നരികെയണയാൻ കൊതിച്ചിരിക്കാം.
ഒരുപാടുപേർക്കന്നാ പീഡനം കാണവേ
തടയുവാനാവാഞ്ഞതെന്താകുമോ?
ഇരുകൈകൾ, ചൊടിയിണ, കർണ്ണദ്വാരങ്ങളും
ചലനം മറന്നങ്ങടഞ്ഞുപോയോ?
തെരുവിലെ പട്ടിയെ തട്ടിയാൽ തല്ലിയാൽ
പിടയുന്ന മാനസമുള്ളോരേറെ
ഒരു മർത്യജീവൻ പിടയുന്ന നേരത്ത്
തടയുവാനെന്തേ കഴിഞ്ഞില്ലാർക്കും!
ഹൃദയത്തിൻ സംവേദനങ്ങളെ ബുദ്ധിയാൽ
ഹിതമായരീതിയിൽ വാർത്തെടുത്ത്
ഒരു നല്ല പൗരനെ സൃഷ്ടിക്കാനുതകാത്ത
പഠനാലയങ്ങളതെന്തിനേറെ?
സ്നേഹം, കരുണ മനുഷ്യത്വമെന്നിവ
പാടുന്ന പാട്ടിലായ് മാത്രം പോരാ
നന്മയും തിന്മയും നേരിട്ടറിഞ്ഞിടാ-
നാവുന്ന പാഠങ്ങളേകീടണം.
വെറിപൂണ്ടു ക്രൂരത വളമായ് വളരുവോർ
തണലാക്കും വൃക്ഷങ്ങളേതെന്നാലും
പിഴുതവ വേരോടെ മാറ്റിക്കളയണം
തുണയായിനിൽക്കണം നീതിപീഠം.
പടികടന്നോടിയടുത്തെത്തും പുത്രനെ
തുരുതുരെ നെറ്റിയിലുമ്മവയ്ക്കാൻ
കൊതിയോടെ കാക്കുന്നൊരമ്മതൻ സങ്കടം
അറിയുന്നോർക്കാകില്ല കൊന്നിടാനായ്.
ഇനിയില്ല, താതനെ ത്രാണണം ചെയ്യുവാൻ
കരമൊന്നു പുൽകാൻ സുഹൃത്തായിടാൻ
മൃഗരക്ഷയേകിടും ശാസ്ത്രം പഠിക്കവേ
മൃഗതുല്യമായി മൃതനായവൻ!