പൃഥ്വിരാജ് ഇനി ബോളിവുഡില്‍ വില്ലന്‍

അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ് എന്നിവരൊന്നിക്കുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തെയാണ് പ്രഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഇപ്പോള്‍ റിലീസായ പോസ്റ്ററും നിഗൂഢമായ ലക്ഷ്യത്തോടെ നില്‍ക്കുന്ന ഒരു വില്ലനെയാണ് കാണിക്കുന്നത്. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ആക്ഷന്‍ സിനിമയിലെ വില്ലന്റെ ഫസ്റ്റ്‌ലുക്കാണ് ഇപ്പോള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഏപ്രില്‍ 10ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ തിയറ്ററുകളിലെത്തും.

പൃഥ്വിരാജിന്റെ മലയാളം ആമുഖത്തോടെയാണ് മുന്‍പ് ഇറങ്ങിയ ടീസര്‍ ആരംഭിച്ചിരുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂര്‍ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചിത്രമാണിത്. മുടി നീട്ടി വളര്‍ത്തി ഒരു മാസ്‌ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ വില്ലനായി അവതരിപ്പിക്കുന്നത്.

അയ്യ, ഔറംഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. ഈ പാന്‍-ഇന്ത്യന്‍ സിനിമയില്‍ സോനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍, അലയ എഫ് എന്നിവരാണ് നായികമാര്‍. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.