ഷിബു ഗോപാലകൃഷ്ണൻ
പൃഥ്വിരാജിന്റെ ഏറ്റവും വലിയ ശത്രു അത്രമേൽ പരിചിതമായിപ്പോയ അയാളുടെ ശരീരഭാഷയാണ്. ഏത് കഥാപാത്രമാണെങ്കിലും അതിനെയെല്ലാം കവിഞ്ഞ് പൃഥ്വിരാജിന്റെ ശരീരം അയാളായി തന്നെ നിൽക്കും. അതിലെല്ലാം നമുക്ക് പിന്നെയും ശേഷിക്കുന്ന പൃഥ്വിരാജിനെ കണ്ടെത്താനാവും. അവിടെയാണ് ആടുജീവിതം പൃഥ്വിരാജിന്റെ അഭിനയജീവിതത്തെ രണ്ടായി പിളർക്കുന്ന ഒരു നാഴികക്കല്ലായി മാറുന്നത്.
മരുഭൂമിയിൽ എത്തിക്കഴിഞ്ഞാൽ കാണുന്ന നജീബിൽ പൃഥ്വിരാജിന്റെ അംശം കണ്ടെത്താൻ പടച്ചോനുപോലും കഴിയില്ല. റിയർവ്യൂ മിററിൽ നോക്കുമ്പോൾ അയാളെ തിരിച്ചറിയാൻ കഴിയാതെ പോകുന്നത് അയാൾക്കുമാത്രമല്ല അതിനും എത്രയോ മുൻപേ നമ്മളും അങ്ങനെയൊരു ഞെട്ടലിലാണ്. ശരീരത്തിന്റെ അവസാനത്തെ അണുവിൽ നിന്നും പൃഥ്വിരാജ് ഇറങ്ങിപ്പോകുന്നു. പൂർവ്വാശ്രമത്തെ കരുവാറ്റ എന്ന ഗ്രാമത്തിലെ ആറിന്റെ കരയിൽ അഴിച്ചുവച്ചിട്ടാണ് അയാൾ അച്ചാറിന്റെ കുപ്പിയുമായി മരുഭൂമിയിലേക്ക് വണ്ടികയറുന്നത്.
ഒരാളുടെ ജീവിതം എങ്ങനെയാണ് കീഴ്മേൽ മറിയുന്നത് എന്നതിനെ പരിമിതമായ കഥാപാത്രങ്ങളും സംഭാഷണങ്ങളും കൊണ്ട് ഒരു ധ്യാനം പോലെ ബ്ലെസ്സി ആവിഷ്കരിക്കുന്നു. കരുവാറ്റയിലെ നജീബിന്റെ ജീവിതത്തിനു ചുറ്റും വെള്ളമാണ്, അതിന്റെ ധാരാളിത്തമാണ് ഓരോ ഫ്രേമിലും നിറഞ്ഞു തുളുമ്പുന്നത്. അവിടെ നജീബ് കണ്ടെത്താൻ ശ്രമിക്കുന്നത് മണലാണ്. അതിന്റെ നേർവിപരീതത്തിലേക്കുള്ള നജീബിന്റെ എത്തിപ്പെടലിനെ പൃഥ്വിരാജിന്റെ ഒരു കണികപോലും ഇല്ലാതെയാണ് നമ്മൾ കണ്ടുകൺനിറയുന്നത്. മണലിന്റെ ചാവുകടലിനു നടുവിൽ ഒരിറ്റുവെള്ളത്തിനായി ജീവിതംകൊണ്ട് മുങ്ങാംകുഴിയിടുന്ന നജീബ് കരുവാറ്റയിലെ നനഞ്ഞുകുതിർന്ന നജീബിന്റെ വിപരീതപദമാണ്.
പൃഥ്വിരാജിന്റെ ശരീരഭാഷയെ ഒരു കഥാപാത്രം ഇത്രമേൽ വിജയിക്കുന്നത് ആദ്യമായി കാണുകയാണ്. സിനിമ കണ്ടു തുടങ്ങുമ്പോൾ നജീബ് അകപ്പെട്ടതുപോലെ ഒരിക്കലും രക്ഷപെടാനാവാത്ത ഒരു ലോകത്തിലേക്ക് നമ്മളും അകപ്പെട്ടുപോകും. നജീബിന്റെ ഓരോ നോവും നമ്മളിലേക്ക് മുറിഞ്ഞുകയറും.
പെരിയോനെ എന്നൊരു നിലവിളി പ്രാർത്ഥനയായി ഉള്ളിൽ ഉറയും, നിറയും, കവിയും.
- CINEMA
- BOLLYWOOD
- Cover story
- NEWS
- INTERNATIONAL
- KERALAM
- LITERATURE
- MALAYALAM
- National
- NRI
- SOCIAL MEDIA
- SPECIAL STORIES
- TAMIL
- THE WIFI supplement
- USA & CANADA