കുടുംബം ഒന്നടങ്കം യുഡിഎഫ് പ്രചരണത്തിന് ഇറങ്ങാൻ തീരുമാനിച്ചെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ ബിജെപിയിൽ ചേരുമെന്ന സിപിഎമ്മിന്റെ നുണപ്രചാരണം അവസാനിപ്പിക്കാനാണ് കുടുംബം ഒന്നടങ്കം യുഡിഎഫ് പ്രചരണത്തിന് ഇറങ്ങാൻ തീരുമാനിച്ചതെന്ന് ഉമ്മന്‍ചാണ്ടിയുടെ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മൻ. നുണ പ്രചരണങ്ങളിലൂടെയും കള്ള വാർത്തകളിലൂടെയും തൻ്റെ പിതാവിനെ ഇപ്പോഴും സിപിഎം ആക്രമിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. ഇഡിയും സിബിഐയും അന്വേഷിച്ചുവരുന്ന മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിൽ പോകാതെ സിപിഎം സൂക്ഷിക്കണമെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു.

ഉമ്മൻചാണ്ടിയുടെ മക്കൾ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിനെതിരെ ഉമ്മൻചാണ്ടി ഭാര്യ മറിയാമ്മയും രംഗത്ത് വന്നിരുന്നു. വെട്ടി തുണ്ടമാക്കിയാലും തന്റെ മൂന്ന് മക്കളും ബിജെപിയിൽ പോകില്ലെന്നായിരുന്നു മറിയാമ്മ ഉമ്മന്‍റെ പ്രതികരണം. യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് കുടുംബം എത്തും. മകൾ അച്ചു ഉമ്മനും പ്രചാരണത്തിന് എത്തുമെന്നും മറിയാമ്മ അറിയിച്ചു. അച്ചു ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്കെത്തുമോയെന്നറിയില്ലെന്നും മറിയാമ്മ പറഞ്ഞു. അച്ചു മത്സരിക്കുമെന്ന് പാർട്ടി ഒരിക്കലും പറഞ്ഞിട്ടില്ല. അതൊക്കെ നാട്ടുകാർ പറഞ്ഞതാണെന്നും മറിയാമ്മ കൂട്ടിച്ചേര്‍ത്തു.

എ കെ ആന്റണിയുടെ കുടുംബവുമായി നല്ല ബന്ധമാണുള്ളത്. ആന്റണിയുടെ ഭാര്യ എലിസബത്ത് സുഹൃത്താണ്. മകൻ അനിൽ ആൻ്റണി ബിജെപിയിൽ പോയതിന്റെ കാരണം അറിയില്ല. അനിൽ ബിജെപിയിൽ പോയത് വളരെ വേദനിപ്പിച്ചു. അനിൽ ആന്‍റണി മത്സരിക്കുന്ന പത്തനംതിട്ടയിൽ യുഡിഎഫിനായി പ്രചരണത്തിന് പോകും. അത് പക്ഷേ അനിലിന് എതിരെയല്ല. ആശയത്തിനെതിരെയാണ് പ്രചാരണം നടത്തുകയെന്നും മറിയാമ്മ പറഞ്ഞു.