ഇന്ത്യ ആരു ഭരിക്കണം എന്നു തീരുമാനിക്കപ്പെടുന്നൊരു തെരഞ്ഞെടുപ്പിൽ നാം എത്ര കഴഞ്ച് രാഷ്ട്രീയം സംസാരിച്ചിട്ടുണ്ട്

ധർമ്മരാജ് മടപ്പള്ളി

പാലത്തിനു കീഴിലൂടെ എത്ര നീരൊഴുകിപ്പോയെന്നതുപോലെ, എത്ര ജാഥകൾ കടന്നുപോയൊരു നിരത്തിനു മുന്നിലാണീ കെട്ടിടം. കഴിഞ്ഞ അവധിക്കാലത്ത് കണ്ടതാണ്. വാഹനത്തിൽനിന്നിറങ്ങി ഞാനല്പനേരം ഈ കെട്ടിടത്തെ നോക്കിനിന്നു. എന്നേക്കാളേറെ വയസ്സുള്ള ആ ചുവരെഴുത്ത് പലവട്ടം വായിച്ചു. ഇന്ദിരയും ഇന്ത്യയും അരങ്ങിൽ ശ്രീധരനും കെ. ചന്ദ്രശേഖരനും. സർവ്വരും അരങ്ങൊഴിഞ്ഞു. ആ ഇന്ത്യപോലും അരങ്ങൊഴിഞ്ഞമ്പി.
എട്ടോ ഒമ്പതോ വയസുപ്രാപിച്ചൊരു പയ്യനുമുന്നിലൂടെ ഓർമ്മകളുടെ പല ജാഥകൾ കടന്നുപോയി. കൺകാതങ്ങൾക്കപ്പുറത്തുനിന്നും നടന്നെത്തുന്ന ജാഥയുടെ മുന്നറിയിപ്പെന്നോണം മുഴങ്ങുന്ന കതിനാവെടികൾ. ആ ശബ്ദത്തിന്റെ ഊർന്നെത്തലിൽ നിരത്തുവക്കത്തേക്കോടുന്ന കാണികൾ. പാതക്കൊരു വശം തടഞ്ഞുവെക്കപ്പെട്ട ഇത്തിരി വണ്ടികൾ. മുന്നിൽ ഒരു നിര ചെണ്ടമേളക്കാർ നടന്നും പിന്നെ ചെണ്ടയിലേക്ക് കുനിഞ്ഞുനിന്നും മേളം കൊഴുപ്പിക്കുന്നു. അതിനുപിന്നാലെ നിവർത്തിപ്പിടിച്ച തുണിശ്ശീലയിലെ തലവാചകങ്ങൾ. പതാകയേന്തിയ അപരിചിതർ. അവരുടെ മുദ്രാവാക്യങ്ങളിലെ രാജ്യം അപകടപ്പെടാതിരിക്കാനുള്ള ജാഗ്രതകൾ. ഇടക്ക് തുള്ളിയാടി കാണികൾക്കരികിലെത്തുന്ന കരടിവേഷങ്ങൾ. അക്കാലത്തെ പ്രമുഖ ചിഹ്നമായ നിരവധി കലപ്പയേന്തിയ കർഷകന്മാർ.
ജാഥ കടന്നുപോകെ അതിനേറ്റം പിന്നിൽ കാണപ്പെടുന്ന പരിചിതർ. ഓരോ പ്രദേശത്തുകൂടെയും ജാഥ കടന്നുപോകുമ്പോൾ അതിനു പിന്നിലേക്ക് അതതുദേശത്തേ രാഷ്ട്രീയആളുകൾ ചേരുക എന്നൊരു പതിവായിരുന്നു അന്ന്.
കാലം ക്രമേണ ചെണ്ടകൊട്ടുകാർക്കും മുന്നിൽ മൈക്കു കെട്ടിവച്ച ഒരു സൈക്കിൾ ഉരുട്ടികൊണ്ടുവന്നു. അതിലേക്ക് പ്രവഹിക്കുന്ന ജാഥാശബ്ദതരംഗാവലികൾ. ബീഡിക്കമ്പനികളിൽനിന്ന് ജാഥയിലേക്ക് ഇറങ്ങിവന്ന സ്ത്രീകളുടെ ഉശിരൻ നിര. മുഷ്ടി ഉയർത്തി, തൊണ്ടപൊട്ടുമാറുച്ചത്തിൽ ഏറ്റുവിളിക്കുമ്പോൾ കഴുത്തിൽ തെളിയുന്ന ഞരമ്പും വിയർപ്പും.
കാലം ജാഥാമുന്നണിയിലേക്ക് ഒരു പ്രചരണ ജീപ്പ് ഓടിച്ചു കയറ്റി. ‘ഈ വാഹനത്തിനു തൊട്ടുപിന്നാലെ’ എന്ന പ്രയോഗം നിലവിൽ വന്നു. വാക്കുകൾക്കിടയിലെ
നിശബ്ദത കാസറ്റിലെ വിപ്ലവഗാനങ്ങളാൽ പൂരിപ്പിക്കപ്പെട്ടു. പിന്നാലെ വന്നവർക്കു മുന്നിലെ ശീലവിതാനം മാറ്റി നിവർത്തിപ്പിടിച്ച ഫ്ലക്സ് മിനുങ്ങി. പതാകയിലേക്ക് ഫ്ലക്സിലെഴുതി കമ്പുകളിൽ കുത്തിനിർത്തിയ സ്ഥാനാർത്ഥിഫോട്ടോകൾ ഇടകലർന്നു. ജാഥയിലെ കരടി വേഷങ്ങൾ കാലമെടുത്തു. പകരം തെയ്യവും കരകാട്ടവും വന്നു. കലപ്പയേന്തിയ കർഷകൻ ജാഥകളിൽനിന്നുമാത്രമല്ല നാട്ടിൽനിന്നുതന്നെ പുറനാടുകളിലേക്ക് തൊഴിലുതേടിപ്പോയി.
ബീഡിക്കമ്പനികൾക്കു പുറമേനിന്നുള്ള പെണ്ണുങ്ങളും ജാഥകളിലെത്തി. ഖരമുദ്രാവാക്ക്യങ്ങൾക്കു പകരം അവയിൽ ഈണം നിറഞ്ഞു. ജാഥയിലെ ചിലർ കൈകൊട്ടിപ്പാടിയും ആടിയും മുന്നിലൂടെ കടന്നുപോയി.
ജാഥകണ്ട് തിരിച്ചുപോകെ പലരെന്നതുപോലും ഞാനും ആലോചിച്ചു: ‘ഇന്ത്യയിൽ ഇതിനുമാത്രം ആളുണ്ടായിരുന്നോ!’
ജാഥക്കുമുന്നിലെ പ്രഖോഷണവാഹനങ്ങളിൽ കട്ടൗട്ടുകൾ ഘടിപ്പിക്കപ്പെട്ടു. അതിനുപിന്നിൽ ജനറേറ്ററും പലയിന വെളിച്ചവിതാനങ്ങളും വന്നു. ചെണ്ട പിൻവാങ്ങി ബാന്റു വാദ്യങ്ങൾ കുടിയേറി. അതിൽനിന്നൊരാൾ മാന്ത്രികദണ്ഡ് ചുഴറ്റിയും ആകാശത്തേക്കെറിഞ്ഞ് തിരിച്ചു പിടിച്ചും അത്ഭുതങ്ങൾ സൃഷ്ടിച്ചു.
ഇന്നിതാ കട്ടൗട്ടുകൾക്കു പകരം സ്ഥാനാർത്ഥികൾതന്നെ തുറന്ന വാഹനത്തിൽ ജാഥക്കുനടുവിൽ ജനാധിപത്യവും ചുമന്നു നിൽക്കുന്നു!
ഇനി എത്ര കാലം ഇന്ത്യയിൽ രാഷ്ട്രീയപരമായ തെരഞ്ഞെടുപ്പുകളിൽ ഏർപ്പെടാൻ അതിന്റെ പൗരനെന്ന നിലയിൽ നമുക്ക് സാദ്ധ്യതയുണ്ടാവും എന്നതുമാത്രമാണ് അരനൂറ്റാണ്ടിനിടയിലൊടുവിൽ, ഇന്നലത്തെ കലാശജാഥകൾ ഇങ്ങുമരുഭൂമിയിലെ ഒരു ചുവരിൽ തൂക്കിയിട്ട വിദൂരദർശിനിയിലൂടെ കാണുമ്പോൾ എന്നിൽ നെടുവീർപ്പുതിന്ന് വളരുന്നത്.
ഇന്ത്യ ആരു ഭരിക്കണം എന്നു തീരുമാനിക്കപ്പെടുന്നൊരു തെരഞ്ഞെടുപ്പിൽ നാം എത്ര കഴഞ്ച് രാഷ്ട്രീയം സംസാരിച്ചിട്ടുണ്ട്. അവനവന്റെ നേതാക്കൾ പുലർത്തിപ്പോരുന്ന ഏകാധിപത്യത്തോളം ജനാധിപത്യപരമായത് മറ്റെന്തുണ്ട് എന്നല്ലേ നിങ്ങളിപ്പോളും വിശ്വസിക്കുന്നത്! എങ്കിൽ നിങ്ങളുടെ ഇക്കുറിയത്തെ വോട്ടും അസാധുവാണ്. അത് ആർക്കാണെങ്കിലും. അടുത്ത തെരഞ്ഞെടുപ്പുവട്ടമെത്തുമ്പോളേക്കും അവശേഷിക്കുമോ എന്നറിയില്ല പലമട്ടിൽ കുളിപ്പിച്ചുകിടത്തപ്പെട്ട ഈ രാജ്യത്തിന്റെ ജീവശ്വാസവും അതിലെ പൗരനീതിയും.