ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി

ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ജയപരാജയങ്ങള്‍ക്ക് അനുസരിച്ചു മുന്നണി മാറുന്ന സ്വഭാവം കേരളാ കോണ്‍ഗ്രസിനില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. മുന്നണി മാറുമെന്നത് രാഷ്ട്രീയ ഗോസിപ്പുകള്‍ മാത്രമാണ്. രാജ്യസഭാ സീറ്റ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൃത്യമായി സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. തീരുമാനം തിങ്കളാഴ്ച അറിയിക്കാമെന്നാണു പറഞ്ഞിരിക്കുന്നത്. സിപിഐയുമായുള്ള ചര്‍ച്ചകളെ സംബന്ധിച്ച് അറിയില്ല.കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയിരിക്കുന്നു എന്ന് അന്നത്തെ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞതാണ്. അതിനു ശേഷം എടുത്ത രാഷ്ട്രീയ തീരുമാനമാണ് ഇടതുമുന്നണിക്കൊപ്പം ചേരുക എന്നത്. ആ രാഷ്ട്രീയനിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ് (എം). അതില്‍ ഒരു മാറ്റവുമില്ല. ജയവും പരാജയവും ഉണ്ടാവും. ഏതെങ്കിലും ഒരു പരാജയം വരുമ്പോള്‍ മുന്നണി മാറുകയാണോ ചെയ്യുന്നത്. അതില്‍ ആര്‍ക്കെങ്കിലും സുഖം കിട്ടുന്നുണ്ടെങ്കില്‍ കിട്ടിക്കോട്ടെ. ബിജെപിയില്‍നിന്ന് ക്ഷണമുണ്ടായി എന്ന വാര്‍ത്തയും അത്തരത്തിലുണ്ടായതാണ്. അതു ശരിയല്ല. അതിനെക്കുറിച്ച് അറിയില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.