‘എല്‍ 360’യില്‍ വലിയ പ്രതീക്ഷ

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘എല്‍ 360’യില്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല എങ്കിലും, സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത് എന്ന സൂചന ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലോക്കേഷന്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മണ കമ്പനിയായ രെജപുത്ര.’ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ക്രിയേറ്റിങ് മാജിക്’ എന്ന കണ്‍സപ്റ്റിലെടുത്ത വീഡിയോ സിനിമയുടെ ബിഹൈന്‍ഡ് ദ സീനാണ്. സിനിമയ്ക്ക് ആശംസയറിയിച്ചുകൊണ്ട് വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്. മൊത്തത്തില്‍ ഒരു പോസിറ്റീവ് വൈബ്, ഇങ്ങനത്തെ പടങ്ങളാണ് വേണ്ടത് ലാലേട്ടാ, ലാല്‍ മാജിക്കിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നു, കാത്തിരിക്കുന്നു, എന്നിങ്ങനെയാണ് കമന്റുകള്‍.

കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നും ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹന്‍ലാലിന് എന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരിക്കല്‍ പറഞ്ഞിരുന്നു. എല്‍ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശോഭനയാണ് നായിക. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആര്‍ സുനിലും ചേര്‍ന്നാണ്. സിനിമയില്‍ ഫര്‍ഹാന്‍ ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘എല്‍ 360’-യ്ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.