അരിസോണ ഇൻഡ്യൻ നഴ്സസ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനമാഘോഷിച്ചു

ഫീനിക്സ്:  അരിസോണ ഇൻഡ്യൻ നഴ്സസ് അസ്സോസിയേഷന്റെ  (AZINA) നഴ്സസ് ദിനാഘോഷം ചാന്റ്ലർ സിറ്റിയിലെ ഇന്റർനാഷനൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ഹാളിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. അരിസോണ സ്റ്റേറ്റ് നഴ്സിംഗ് ബോർഡ് പ്രസിഡന്റ് കരോളിൻ മകോർമ്മീസ് വിശിഷ്ടാതിഥിയായിരുന്ന ചടങ്ങിൽ അരിസോണ ബ്ലാക് നഴ്സസ് അസോസിയേഷൻ ഫീനിക്സ് ചാപ്റ്റർ പ്രസിഡന്റ് ഡോ. റോസാ നോറിസ്, ഫിലിപ്പൈൻസ്  നഴ്സസ് അസ്സോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. എർലിൻഡ സിംഗരാജാ, ഇന്റർനാഷനൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ സീനിയർ പാസ്റ്റർ ഡോ. റോയ് ചെറിയാൻ തുടങ്ങിയവരും അതിഥികളായിരുന്നു.

കരൺ  കോശിയും അനീറ്റ മാത്യുവും ചേർന്ന് പ്രാർത്ഥനാഗാനവും അമേരിക്കൻ ദേശീയഗാനവും ആലപിച്ചപ്പോൾ  ലക്ഷ്മി നായർ, സിൻസി തോമസ് എന്നിവർ  ചേർന്ന് ഇൻഡ്യൻ ദേശീയഗാനവും ആലപിച്ചു. തുടര്ന്ന് മുഖ്യ അതിഥികള് ചേര്ന്ന് നിലവിളക്കു തെളിയിച്ച് ഈ വര്ഷത്തെ നഴ്സസ് ദിനാഘോഷങ്ങള് ഔപചാരികമായി ഉൽഘാടനം ചെയ്തു.  സംഘടനയുടെ പ്രസിഡന്റ് എലിസബത്ത് സുനിൽ സാം എല്ലാവരെയും  ഈ ആഘോഷ പരിപാടികളിലേക്ക് സഹർഷം സ്വാഗതം ചെയ്യുകയും, തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ സംഘടനയുടെ വളർച്ചയുടെ നാള് വഴികളെക്കുറിച്ചും, സംഘടനയുടെ പോയ വർഷത്തെ പ്രവര്ത്തനങ്ങളെക്കുറിച്ചും സദസ്സിനു വിശദീകരിക്കുകയും ചെയ്തു.

അരിസോണ സ്റ്റേറ്റ് നഴ്സിംഗ് ബോർഡ് പ്രസിഡന്റ് കരോളിൻ മകോർമ്മീസ് തന്റെ ഉൽഘാടന പ്രസംഗത്തിൽ അസീനയുടെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും, മുന്നോട്ടുള്ള സംഘടനാപ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായ സഹകരണവും വാഗ്ദാനം ചെയ്യുകയും ഉണ്ടായി.  എല്ലാ അതിഥികളും വളരെ പ്രചോദനാത്മകമായ നഴ്സസ് ദിനസന്ദേശങ്ങൾ നൽകി സദസ്സിനെ ഉത്സുകരാക്കി.

നഴ്സിംഗ് മേഖലയില് ചെയ്തിട്ടുള്ള പ്രവര്ത്തനമികവിനുള്ള അംഗീകാരമായ് AZINA യുടെ 2024-ലെ  നഴ്സിംഗ് എക്സലൻസ് അവാർഡിന് റേച്ചൽ ജേക്കബ്, മിനി സുധീർ എന്നിവർ നഴ്സ് പ്രാക്റ്റിഷണർ വിഭാഗത്തിലും   പ്രീതി സാംഗ, അരുണ റേച്ചൽ എന്നിവർ നഴ്സിംഗ് വിഭാഗത്തിലും അർഹരായി. നഴ്സിംഗ് എക്സലൻസ് അവാർഡിന് അർഹരായവരെ  സമ്മേളനത്തിൽ വച്ച് ട്രോഫിയും പ്രശംസാപത്രവും നൽകി ആദരിച്ചു.

അസീന പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ, ഇൻഡ്യൻ നഴ്സസിന്റെ നാഷനൽ സംഘടനയായ നൈനയുടെ “നഴ്സ് സ്റ്റുവാർഡ്ഷിപ് 2024” അവാർഡ് കരസ്ഥമാക്കിയ അസീന എഡുക്കേഷൻ കമ്മിറ്റി ചെയർ മേരി ബിജു, ബൈലൊ കമ്മിറ്റി ചെയർ സിൻസി തോമസ്, 2023-ഇൽ സിഗ്മ തേറ്റ ടൗ -ഇന്റർനാഷൺൽ ഓണർ സൊസയറ്റി ഓഫ് നഴ്സിംഗ് സംഘടനയുടെ വളരെ പ്രശസ്തമായ ഗാരി ബ്രൗൺ കമ്മ്യുണിറ്റി സർവ്വീസ് സ്കോളർഷിപ്പിന് അർഹയായ അസീന വൈസ് പ്രസിഡന്റ് ലക്ഷ്മിനായർ, നൈനയുടെ “മെയ്ക്ക് എ ഡിഫറൻസ്” അവാർഡ് ലഭിച്ച ഇവന്റ് കമ്മറ്റി ചെയർ സുമ ജേക്കബ്, ബാനർ യൂണിവേർസ്സിറ്റി മെഡിക്കൽ സെന്റർ ഓഫ് ഫീനിക്സിന്റെ “എക്സല്ലൻസ് ഇൻ പ്രൊഫഷനലിസം” അവാർഡ് കരസ്ഥമാക്കിയ ലിനറ്റ് സെബാസ്റ്റ്യൻ, ഫീനിക്സ്  വെറ്ററൻസ് അഫയഴ്സ് ഡിപാർട്ട്മന്റിൽ നിന്നും പ്രശസ്തമായ “ഡെയ്സി അവാർഡ് ” നേടിയ ജോളി തോമസ് എന്നിവർക്ക് പ്രേത്യേക അഭിനന്ദനം അറിയിച്ചു.
വൈസ് പ്രസിഡന്റ് ലക്ഷ്മി നായരുടെ നേതൃത്വത്തിൽ “അസീന മെന്റൽ ഹെൽത്ത്  ഇനിഷിയറ്റിവ് ” (AMHI) യൂത്ത് വിംഗ് അവതരിപ്പിച്ച മയക്കുമരുന്നുപയോഗത്തിന്റെ വിപത്തുകളെപറ്റി മാതാപിതാക്കളെയും കുട്ടികളെയും ബോധവാന്മാരാക്കുന്ന ലഘു നാടകം പ്രമേയം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധേയമായി. അസീന സെക്രട്ടറി സീമ നായർ ഈ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും സർവോപരി ഈ പരിപാടിയുടെ ഉജ്ജ്വല വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും, അതോടൊപ്പം അസീനയുടെ പ്രവർത്തനങ്ങൾക്കായ് ഉദാരമായ സംഭാവനകൾ നൽകിയ എല്ലാ സ്പോൺസേഴ്സിനും കൃതജ്ഞത രേഖപ്പെടുത്തി.
തുടർന്ന് അസീന മെംബേഴ്സ് കേക്ക് മുറിച്ച് അസീന ജന്മദിനവും നഴ്സസ് ദിനവും ആഘോഷിച്ചു. അസീനയുടെ വിവിധ പ്രർത്തനങ്ങളിൽ വോളന്റിയറിംഗ് ചെയ്ത നഴ്സസിനും യൂത്തിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ലഘുഭക്ഷണത്തോടെ മീറ്റിംഗ് അവസാനിക്കുകയും ചെയ്തു.
പ്രോഗ്രാമ്മിന്റെ അവതാരകരായ് അസീന ട്രെഷറർ അനിത ബിനുവും ഇലക്ഷൻ കമ്മിറ്റി ചെയർ ജെസ്സി എബ്രഹാമും പ്രവർത്തിച്ചു. നഴ്സിംഗ് മേഖലയുമായ് ബന്ധപ്പെട്ട ട്രിവിയ ക്വസ്റ്റ്യൻസ് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജ്ഞാനപ്രദവും രസകരവുമാക്കാൻ അവതാരകർക്ക് സാധിച്ചു.  അസീനയുടെ മീഡിയ ആൻഡ് പുബ്ലിക്കേഷൻസ് ടീം അറിയിച്ചത്.