ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കരയ്ക്ക് വെള്ളനാട് കരുണാസായിയിൽ സ്വീകരണം നൽകി

ശ്രീകുമാർ ഉണ്ണിത്താൻ

തിരുവനന്തപുരം:ഏഷ്യയിലെ ഏറ്റവും വലിയ സൈക്കോ പാർക്ക് ആയ വെള്ളനാട് കരുണാ സായി മെൻ്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ” Look in to the Inner Eyes ” പ്രോഗ്രാമിൽ വെച്ച് ഫൊക്കാന ട്രഷറർ ബിജു ജോൺ കൊട്ടാരക്കരയ്ക്ക് സ്വീകരണം നൽകി. തിരുവനന്തപുരം ജില്ലയിലെ നേഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ, സൈക്കോളജി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടി മുൻ ഡി.ജി.പി ശ്രീ. ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. മാനസികമായ ആരോഗ്യമാണ് ഒരു വ്യക്തിയുടെ വിജയത്തിന് ഏറ്റവും പ്രധാനമായി വേണ്ടതെന്നും അതിനായി നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള വിദ്യാർത്ഥി സമൂഹത്തിൽ വളർന്നു വരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അതിൻ്റെ ഭാവി പ്രശ്നങ്ങളെക്കുറിച്ചും വിശദമായി അദ്ദേഹം സംസാരിച്ചു.

ചടങ്ങിൽ ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കര മുഖ്യ പ്രഭാഷണം നടത്തി. മെൻ്റൽ ഹെൽത്തും, മയക്കുമരുന്ന് ഇഷ്യൂസും സംബന്ധിച്ച് അമേരിക്കൻ അനുഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സംസാരിച്ചത്. രണ്ട് രാജ്യങ്ങളിലെ ഗുരുതരമായ ഒരു പ്രശ്നം തന്നെയാണ് മയക്കുമരുന്ന് ഉപയോഗവും തുടർന്നുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും . ഇവയ്ക്ക് കേരളത്തിൽ നിന്ന് വ്യത്യസ്തമായ ഇടപെടലുകളാണ് അമേരിക്കയിൽ നടക്കുന്നത്. പക്ഷെ മനസ് നശിക്കുന്നതിൻ്റെ ഫലം ലോകത്ത് എല്ലായിടത്തും ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

കരുണാ സായി മെൻ്റൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും മന:ശാസ്ത്രജ്ഞനുമായ എൽ. ആർ മധുജൻ ആമുഖ പ്രഭാഷണം നടത്തി. ഓർമ്മകൾ നഷ്ടപ്പെടാതിരിക്കുക എന്നത് ഏതൊരാളെ സംബന്ധിച്ചും വലിയ അനുഗ്രഹമാണ്. നമ്മൾ നടന്ന വഴികൾ, അനുഭവിച്ച വേദനകൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ . ഇന്നലകളെ ഓർക്കാൻ കഴിയുന്നത് നാളെകളെ സജീവമാക്കും . ഒപ്പം അവനവനിലേക്ക് നോക്കാൻ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനത്തിന് ഫൊക്കാന ട്രഷറർ ബിജു കൊട്ടാരയ്ക്കരയ്ക്ക് മൊമെൻ്റോ ഋഷിരാജ് സിംഗ് നൽകി ആദരിച്ചു.കരുണാ സായി റിസേർച് സെന്റർ ലൈബ്രറിയിലേക്ക് തദവസരത്തിൽ മുഖം ഗ്ലോബൽ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ നൽകി. നശാമുക്ത് ഭാരത് അഭിയാൻ കോർഡിനേറ്റർ ബി. ഹരികുമാർ , ഐ. ആർ. സി. എ കോർഡിനേറ്റർ സി. ലേഖ, കേരളാ എക്സ്പ്രസ് പത്രം സ്പൃഷ്യൽ കറസ്പോണ്ടൻ്റ് അനിൽ പെണ്ണുക്കര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.