കോൺസൽ വിജയകൃഷ്ണന് ഔദ്യോഗിക യാത്രയയപ്പ്; തോമസ് ടി ഉമ്മൻ പൊന്നാട അണിയിച്ചു

ന്യൂ യോർക്ക്:  ഇന്ത്യൻ   കോൺസുലേറ്റിൽ  വിരമിക്കുന്ന  കോൺസൽ  (കമ്മ്യുണിറ്റി അഫയേഴ്‌സ്)   എ കെ വിജയകൃഷ്ണന്  ന്യൂ യോർക്ക്   കോൺസുലേറ്റിൽ  ഔദ്യോഗികമായി യാത്രയയപ്പ് നൽകി. ഫോമാ നേതാവ് തോമസ് ടി ഉമ്മനടക്കം ഒട്ടേറെ  കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്ത  യോഗത്തിൽ  കോൺസൽ ജനറൽ   അംബാസഡർ    ബിനയ  ശ്രീകാന്ത്   പ്രധാൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കോൺസുലേറ്റുമായി  ദീർഘകാലമായുള്ള   തന്റെ  ബന്ധം അനുസ്മരിച്ച തോമസ് റ്റി ഉമ്മൻ   കോൺസുലേറ്റ്  സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിൽ   വിജയകൃഷ്ണൻ  വലിയ പങ്കു വഹിച്ചതായി ചൂണ്ടിക്കാട്ടി.
കോവിഡ്  മഹാമാരി കാലത്ത്   കോൺസുലേറ്റിൽ സഹായം തേടിയവർക്കു അദ്ദേഹം ആശ്വാസമായിരുന്നുവെന്നും,  ഇന്ത്യൻ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ  നേരിട്ട് അറിയുവാനും അവയ്ക്ക് പരിഹാരം  കണ്ടെത്തുവാനും  കോൺസൽ വിജയകൃഷ്ണൻ നടത്തിയ ശ്രമങ്ങൾ സമൂഹം നന്ദിപൂർവം

ഓർക്കുമെന്നും  അദ്ദേഹം പറഞ്ഞു.

തുടർന്ന് തോമസ് റ്റി ഉമ്മനും  ഡെപ്യൂട്ടി കോൺസൽ ജനറൽ  ഡോ  വരുൺ ജെഫും ചേർന്ന് വിജയകൃഷ്ണനെ    പൊന്നാട അണിയിച്ചു.

തോമസ് മൊട്ടക്കൽ (വേൾഡ് മലയാളി കൗൺസിൽ), നഴ്സസ് അസോയിയേഷന്റെ താര ഷാജൻ,   ഇന്ത്യൻ പനോരമ എഡിറ്റർ പ്രൊഫ. ഇന്ദ്രജിത്  സലൂജ,  ഗുരു ദിലീപ്    തുടങ്ങിയവർ  കോൺസൽ  വിജയകൃഷ്ണന്റെ സേവനത്തിൽ നന്ദി രേഖപ്പെടുത്തുകയും, ആശംസകൾ  നേരുകയും ചെയ്തു.

കോൺസൽ വിജയകൃഷ്ണൻ തന്റെ മറുപടി പ്രസംഗത്തിൽ ന്യൂ യോർക്ക് കോൺസുലേറ്റിന്റെ  സേവനം ഇന്ത്യൻ സമൂഹത്തിലേക്ക് എത്തിക്കുവാൻ നടത്തിയ ശ്രമങ്ങൾ വിശദീകരിച്ചു.  ഇന്ത്യൻ സമൂഹം നൽകിയ  നിർലോപമായ  സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

എഫ്ഐ  എ, എ ഐ എ, തുടങ്ങി വിവിധ സംഘടനകളിൽ  നിന്നും പ്രതിനിധികൾ  ആശംസകൾ നേർന്നു സംസാരിച്ചു