ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍

ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: പൊതുവിജ്ഞാനത്തെ ആസ്പദമാക്കി എ. ബി. സി. ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രീയ ജപ്പടി മല്‍സരത്തിന്‍റെ മോഡലില്‍ ബൈബിള്‍ അതിഷ്ഠിതമാക്കി വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ കഴിഞ്ഞ 9 വര്‍ഷങ്ങളായി ബൈബിള്‍ ജപ്പടി മല്‍സരം സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി നടത്തിവരുന്നു.
ഈ വര്‍ഷത്തെ മല്‍സരം ജൂണ്‍ 2 ഞായറാഴ്ച്ച നടന്നു. ദിവംഗതനായ ജോസഫ് ചാക്കോ അത്തിക്കളത്തിന്‍റെ (അപ്പച്ചി) സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ പുത്രനും, സീറോമലബാര്‍ പള്ളിയിലെ മതാധ്യാപകനുമായ ജോസ് ജോസഫ് ആയിരുന്നു പ്രോഗ്രാമിന്‍റെ മുഖ്യ സ്പോണ്‍സര്‍.
ബൈബിള്‍ നിത്യേന വായിക്കുന്നതിനും, പഠിക്കുന്നതിനുമുള്ള പ്രചോദനം മതബോധനസ്കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനായി ആറുമാസം നീണ്ടുനിന്ന ബൈബിള്‍ പഠനവും, ക്വിസ് മല്‍സരങ്ങളും നടന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. പ്രാഥമിക റൗണ്ടില്‍ ബൈബിളില്‍നിന്നുള്ള 250 ല്‍ പരം ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്ന ചോദ്യബാങ്ക് തയാറാക്കി കുട്ടികള്‍ക്ക് പഠിക്കുന്നതിനായി നല്‍കിയിരുന്നു. നാലാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ മല്‍സരത്തില്‍ വാശിയോടെ പങ്കെടുത്തു.
ക്ലാസുകളില്‍ നടത്തിയ പ്രാഥമിക എഴുത്തുപരീക്ഷയില്‍ എലമെന്‍ററി ഗ്രേഡുകളിലുള്ള കുട്ടികള്‍ ഉന്നതനിലവാരം പുലര്‍ത്തി. തുടര്‍ന്നു നടന്ന സെമിഫൈനല്‍ മല്‍സരത്തിലൂടെ പത്ത് കുട്ടികള്‍ ബൈബിള്‍ ജപ്പടി ഗ്രാന്‍റ് ഫിനാലെയിലേക്കു മല്‍സരിക്കാന്‍ യോഗ്യത നേടി.
ജൂണ്‍ 2 ഞായറാഴ്ച്ച വി. കുര്‍ബാനക്കുശേഷം ഗ്രാന്‍റ് ഫിനാലെ ആയി നടത്തപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരം നിലവാരംകൊണ്ടും, സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. രണ്ടുകുട്ടികള്‍ വീതമുള്ള അഞ്ചു ടീമുകളായിട്ടാണു ഗ്രാന്‍ഡ് ഫിനാലെ മല്‍സരം നടന്നത്. പ്രവാചകډാരായ ഏശയ്യ, എസിക്കിയേല്‍, ദാനിയേല്‍, ജറമിയ, ജോനാ എന്നിവരുടെ പേരുകളായിരുന്നു ടീമിനു നല്‍കിയിരുന്നത്.
ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ പ്രാര്‍ത്ഥനാപൂര്‍വം സദസ്യര്‍ക്കുള്ള ആദ്യചോദ്യം തൊടുത്തുവിട്ട് ബൈബിള്‍ ജപ്പടി മല്‍സരം ഉത്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ ജോജി ചെറുവേലില്‍, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള, പോളച്ചന്‍ വറീദ്, ജോസ് തോമസ്, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, ജപ്പടി കോര്‍ഡിനേറ്റര്‍മാരായ ജോസ് മാളേയ്ക്കല്‍, ലീനാ ജോസഫ്, ജിറ്റി തോമസ്, എബന്‍ ബിജു, പി. ടി. ഏ. പ്രസിഡന്‍റ് ജോബി കൊച്ചുമുട്ടം എന്നിവര്‍ ഉത്ഘാടനകര്‍മ്മത്തിനു സാക്ഷ്യം വഹിച്ചു.
ടി. വി. മോഡലില്‍ ലൈവ് ആയി നടത്തപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരങ്ങള്‍ കാണികളില്‍ വലിയ ആവേശം ഉണര്‍ത്തി. വ്യത്യസ്തരീതിയിലുള്ള ചോദ്യറൗണ്ടുകള്‍ കുട്ടികളുടെ നാനാവിധ കഴിവുകള്‍ പരിശോധിക്കുന്നതിനുവേണ്ടി രൂപകല്പ്പന ചെയ്യപ്പെട്ടവയായിരുന്നു. റാപ്പിഡ് ഫയര്‍ റൗണ്ട്, ഓഡിയോ/വീഡിയോ റൗണ്ട്, ജപ്പടി റൗണ്ട് എന്നിങ്ങനെ 3 വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മല്‍സരത്തില്‍ മതാധ്യാപികയായ ജയിന്‍ സന്തോഷ് റാപ്പിഡ് ഫയര്‍ റൗണ്ട് നയിച്ചു.
വിശുദ്ധ കുര്‍ബാനയിലെ വീഡിയോ ക്ലിപ്പുകളെ അടിസ്ഥാനമാക്കിയുള്ള ഓഡിയോ/വീഡിയോ റൗണ്ട് സ്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കലും, വി. മത്തായിയുടെ സുവിശേഷത്തില്‍നിന്നുള്ള 25 ചോദ്യങ്ങളടങ്ങിയ ജപ്പടി റൗണ്ട് മതാധ്യാപികയായ ലീനാ ജോസഫും നയിച്ചു.
സാജു പോള്‍, സാന്ദ്ര തെക്കുംതല, ഡോ. സക്കറിയാ ജോസഫ്, ഷൈനി തൈപറമ്പില്‍, ജ്യോതി എബ്രാഹം എന്നിവര്‍ സഹായികളായി. ജിറ്റി തോമസ്, എബന്‍ ബിജു, എബിന്‍ സെബാസ്റ്റന്‍, ജറി കുരുവിള, ജോസ് തോമസ് എന്നിവര്‍ സാങ്കേതിക സഹായം നല്‍കി.
എയിഡന്‍ തോമസ് ബിനു, ആശിഷ് തങ്കച്ചന്‍ എന്നിവരുള്‍പ്പെട്ട ഏശയ്യ ടീം ഒന്നാം സ്ഥാനവും, റബേക്കാ ജോസഫ്, തോമസ് എബ്രാഹം എന്നിവര്‍ പ്രതിനിധാനം ചെയ്ത ജറമിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജറമിയ ജോസഫ്, ക്ലാരാ ചാക്കോ എന്നിവര്‍ നയിച്ച ജോനാ ടീം മൂന്നാം സ്ഥാനത്തും, ഡെലനി ഡോണി, ജോസ്ലിന്‍ ജോസഫിന്‍റെ ദാനിയേല്‍ ടീം നാലാം സ്ഥാനത്തും, ഡെയ്സി ചാക്കോ, ജാക്വലിന്‍ ജോസഫ് എന്നീ കുട്ടികള്‍ ഉള്‍പ്പെട്ട എസിക്കിയേല്‍ ടീം അഞ്ചാം സ്ഥാനത്തും എത്തി. വിജയിച്ച ടീമംഗങ്ങളെ സര്‍ട്ടിഫിക്കറ്റും, കാഷ് അവാര്‍ഡും സ്പോണ്‍സര്‍ ജോസ് ജോസഫും, ഏലിയാമ്മയും, ഇടവകവികാരി ദാനവേലില്‍ അച്ചനൊപ്പം നല്‍കി അനുമോദിച്ചു.
ജപ്പടി മല്‍സരം തുടങ്ങുന്നതിനുമുന്‍പ് പവര്‍പോയിന്‍റ് സ്ലൈഡുകളുടെ സഹായത്തോടെ ജിറ്റി തോമസ് ടീമുകളെ പരിചയപ്പെടുത്തി. ഓരോ ചോദ്യറൗണ്ട് കഴിയുമ്പോഴും സദസ്യര്‍ക്കുള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നതു കാണികളില്‍ ആവേശമുണര്‍ത്തി. മതാധ്യാപിക ലീനാ ജോസഫ് ആയിരുന്നു മുഖ്യ ക്വിസ് മാസ്റ്റര്‍.
ഫോട്ടോ: ജോസ് തോമസ്