കുവൈറ്റിൽ തീപിടുത്ത ദുരന്തത്തിൽ മരിച്ച 24 മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാന രണ്ട് ലക്ഷം വീതം സഹായം നൽകുമെന്ന് ഡോ. ബാബു സ്റ്റീഫൻ

തിരുവനന്തപുരം: കുവൈറ്റിലെ മാൻഗഫ് തീ പിടുത്ത ദുരന്തത്തിൽ മരിച്ച 24 മലയാളികളുടേയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന വേദിയിലാണ് ഡോ. ബാബു സ്റ്റീഫൻ ഫൊക്കാനയുടെ സഹായം പ്രഖ്യാപിച്ചത്. തീപിടുത്ത ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബത്തിൻ്റെ ദുഃഖം നികത്താവുന്നതിനും അപ്പുറമാണ്. കേരളത്തിന് പുറത്ത് ജോലി തേടി പോകുന്ന ഓരോ പ്രവാസിയും ഇത്തരം നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഈ ദുരന്തം കേരള ജനതയ്ക്ക് താങ്ങാനാവുന്നതല്ല. ദുരന്തത്തിൽ മരിച്ച പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്ന് കേരളം ഏറ്റുവാങ്ങുമ്പോൾ നമുക്ക് അവരുടെ കുടുംബങ്ങൾക്ക് താങ്ങും തണലുമായി ഒപ്പം നിൽക്കാം.ഫൊക്കാനയും ആ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

ഇന്ന് രാവിലെ വ്യോമസേന വിമാനത്തിൽ കൊച്ചിയിലെത്തിച്ച 23 മലയാളികളുടെയും മൃതദേഹങ്ങൾ കേരളത്തിന് വേണ്ടി സ്വീകരിച്ച് ആദരാഞ്ജലി അർപ്പിച്ച ശേഷം ലോക കേരള സഭാ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സാമൂഹ്യ സാംസ്കാരിക നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഫൊക്കാനയുടെ സഹായം ഡോ. ബാബു സ്റ്റീഫൻ പ്രഖ്യാപിച്ചത്.
ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി, ട്രഷറാർ ബിജു ജോൺ കൊട്ടാരക്കര, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ , സണ്ണി മറ്റമന, ഫിലിപ്പോസ് ഫിലിപ്പ്, ജെയ്ബു കുളങ്ങര, സോണി അമ്പൂക്കൻ , വനിതാ ഫോറം ചെയർ പേഴ്സൺ ഡോ. ബ്രിജിറ്റ് ജോർജ്, ചാരിറ്റി കോർഡിനേറ്റർ ജോയി ഇട്ടൻ, വിജോയ് പാട്ടമ്പടി , മുൻ ഫൊക്കാന പ്രസിഡൻ്റ് മന്മഥൻ നായർ, ടെറൻസൺ തോമസ്, ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവർ ഫൊക്കാനയുടെ പ്രത്രി നിധികളായി ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്