ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ പള്ളിയിലെ മതബോധനസ്കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ തയാറാക്കിയ സി.സി.ഡി. ഈയര്‍ബുക്ക് പ്രകാശനം ചെയ്തു. വിശ്വാസപരിശീലന ക്ലാസുകളിലൂടെ കുട്ടികള്‍ക്കു ലഭിച്ച അറിവുകളും, ദൈവദത്തമായ കഴിവുകളും സമന്വയിപ്പിച്ച് ഹൈസ്കൂള്‍ സീനിയര്‍ കുട്ടികള്‍ തയാറാക്കിയ ഈയര്‍ബുക്ക് പുതുമകള്‍ നിറഞ്ഞതായിരുന്നു. ബൈബിളിലെ പ്രധാനപ്പെട്ട ആശയങ്ങളും, കഥകളും, സഭാപഠനങ്ങളും, കൊച്ചുകൊച്ചു പ്രാര്‍ത്ഥനകളും, വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളും അവര്‍ വരകളായും, കൊച്ചുകൊച്ചു കവിതകളായും, ലേഖനങ്ങളായും, സി.സി.ഡി പ്രോഗ്രാമുകളുടെ ചിത്രങ്ങളായും അതില്‍ പലവര്‍ണങ്ങളില്‍ കോറിയിട്ടു.
ജൂണ്‍ 9 ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം കൈക്കാരډാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള, പോളച്ചന്‍ വറീദ്, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പി. ടി. എ. പ്രസിഡന്‍റ് ജോബി കൊച്ചുമുട്ടം, മതാധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ സാക്ഷിയാക്കി ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ സി.സി.ഡി. ഈയര്‍ബുക്ക് പ്രകാശനം ചെയ്തു. പുതുമകളേറെയുള്ള ഈയര്‍ബുക്ക് 2024 തയാറാക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത സ്റ്റുഡന്‍റ് എഡിറ്റര്‍മാരായ ബ്രിയാന കൊച്ചുമുട്ടം, ഹാന്നാ ജെയിംസ്, ജയ്ക്ക് ബെന്നി എന്നിവരെയും സ്റ്റാഫ് എഡിറ്ററായി നേതൃത്വം നല്‍കിയ മതാധ്യാപകന്‍ ജോസ് മാളേയ്ക്കലിനെയും ഫാ. ദാനവേലില്‍ അഭിനന്ദിക്കുകയും, പ്രശംസാഫലകങ്ങള്‍ സമ്മാനിച്ച് തദവസരത്തില്‍ ആദരിക്കുകയും ചെയ്തു.
മതബോധനസ്കൂള്‍ പി. ടി. എ. മുന്‍കൈ എടുത്തു തയാറാക്കിയ ഈയര്‍ബുക്ക് 2024 എഡിറ്റോറിയല്‍ കമ്മിറ്റിയില്‍ എഡിറ്റര്‍മാരോടൊപ്പം സി.സി.ഡി കുട്ടികളായ അലന്‍ ജോസഫ്, ഗ്ലോറിയ സന്തോഷ്, സാവിയോ സെബാസ്റ്റ്യന്‍, സ്വപ്ന കളപറംബത്ത്, പി. ടി. എ. ഭാരവാഹികളായ ജോബി കൊച്ചുമുട്ടം, പ്രീതി സിറിയക്ക്, ഗീത ജോസ്, ഷോണിമ മാറാട്ടില്‍, മൈക്ക് കട്ടിപാറ, മതാധ്യാപകരായ ജോസഫ് ജയിംസ്, ജോസ് തോമസ്, ജയിന്‍ സന്തോഷ്, ലീനാ ജോസഫ് എന്നിവര്‍ ഈയര്‍ബുക്ക് മനോഹരമാക്കുന്നതില്‍ സഹായികളായി.
ഫോട്ടോ: ജോസ് തോമസ്
 
  
  
  
  
 
 
            


























 
				
















