നടന്ന സംഭവം:ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ അഭിനയിച്ച വിഷ്ണു നാരായണൻ സംവിധാനം ചെയ്ത മലയാളം ഹാസ്യനാടക ചിത്രമാണ് “നടന്ന സംഭവം”.

ലിജോമോൾ ജോസ്, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആൻ്റണി, ലാലു അലക്‌സ്, നൗഷാദ് അലി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. “നടന്ന സംഭവം” 2024 ജൂൺ 21-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തുകഴിഞ്ഞു. വലിയ പരസ്യങ്ങൾ ഇല്ലാതെ റിലീസ് ചെയ്തത് കൊണ്ടായിരിക്കും, വലിയ ഇടിയും തള്ളുമൊന്നും ആദ്യ ഷോയിൽ കണ്ടില്ല.

സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടം എത്രത്തോളം അസഹനീയമാണെന്ന് ‘നടന്ന സംഭവം’ എന്ന സിനിമ നമ്മോട് പറയുന്നു. അഭിനേതാക്കളുടെ മികവാർന്ന സംസാരങ്ങളും പ്രകടനവും സംഭവത്തെ വളരെ പ്രസക്തവും പ്രശംസനീയവുമായ ഒരു സിനിമയാക്കി മാറ്റി.സമീപകാല സിനിമകളിൽ നിന്ന് വ്യത്യസ്തമായി, സംഭവത്തിൽ സ്ത്രീ കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര കാണാം.

സംവിധായകൻ വിഷ്ണു നാരായണനും തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥനും ഏറെ പ്രസക്തമായ വിഷയം ചിരിയോടെ അവതരിപ്പിച്ചു. തമാശകൾ ചിന്തനീയവും ആകർഷകവുമായിരുന്നു. പക്ഷേ വിഷയത്തിന്റെ ഗൗരവം തീരെ കൈവിട്ടിട്ടില്ല എന്നത് കൈയ്യടി അർഹിക്കുന്നു. പാട്ടിന് വലിയ പ്രാധാന്യമില്ലെന്നു തോന്നിയാലും, അങ്കിത് മേനോന്റെ പാട്ടും പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ്. മനേഷ് മാധവന്റെ വീഡിയോഗ്രാഫി വളരെ ഹൃദ്യവും കാണാൻ സുഖമുള്ളതായിരുന്നു, പ്രത്യേകിച്ചും ഡോൾബി സ്റ്റീരിയോ സൗണ്ട് സിസ്റ്റം കൂടിയാകുമ്പോൾ ഒട്ടും അരോചകമല്ല.

അഭിനയപാടവങ്ങളിലേക്കു വരുമ്പോൾ, യഥാക്രമം ഉണ്ണിയേയും അജിത്തിനെയും അവതരിപ്പിച്ച ബിജു മേനോൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരിൽ നിന്ന് ആരംഭിക്കാം. പാവത്താനായ, എല്ലാവരെയും സ്നേഹിക്കുന്ന ഉണ്ണി, ബിജു മേനോന്റെ കൈകളിൽ സുരക്ഷിതനായിരുന്നു. സുരാജിന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും അജിത്. ജീവിതത്തില് ഭാര്യയ്ക്ക് വില കല് പ്പിക്കാത്ത അജിത്തിനെ മറ്റുള്ളവര് ക്കിടയില് മിസ്റ്റർ പെർഫെക്റ്റ് ആക്കിയിരിക്കുകയാണ് സുരാജ്. രണ്ട് നായകന്മാർക്കിടയിൽ അൽപ്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രം കൂടിയാണ് സുരാജിന്റേത്, അടി കൊള്ളാൻ യോഗ്യതയുള്ള കഥാപാത്രം.

അജിത്തിന്റെ ഭാര്യ ധന്യയായി ലിജോ മോൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഭർത്താവിൽ നിന്നുള്ള അവഗണനയും കുടുംബജീവിതത്തിലെ സംതൃപ്തിയുടെ അഭാവവും അവർ പക്വതയോടെ അവതരിപ്പിച്ചു. മറുവശത്ത് ഉണ്ണിയുടെ ഭാര്യയായി എത്തിയ ശ്രുതി രാമചന്ദ്രന്റെ കഥാപാത്രം പുരോഗമന ചിന്താഗതിക്കാരിയും, വേണ്ട റൊമാന്സും ചേരും പടി ചേർത്ത് ഭർത്താവിനൊപ്പം നിൽക്കുന്നതുമാണ്.

നഗരത്തിലെ സമ്പന്നർ താമസിക്കുന്ന ഒരു പാർപ്പിട സമുച്ചയത്തിലാണ് കഥ ആരംഭിക്കുന്നത്. മറൈൻ എഞ്ചിനീയറായ ശ്രീകുമാരൻ ഉണ്ണിയും കുടുംബവും വാടകയ്ക്ക് ഒരു വില്ലയിൽ താമസിക്കാൻ വരുന്നു. ശ്രീകുമാരൻ ഉണ്ണി വർഷത്തിൽ ആറുമാസം കടലിലും ബാക്കി ആറുമാസം കരയിലും ജീവിച്ചു ജീവിതം കഴിയുന്നത്ര മനോഹരമായി ജീവിക്കാൻ ശ്രമിക്കുന്ന സാക്ഷാൽ ബിജു മേനോൻ കഥാപാത്രമാണ്.

നഗരത്തിലെ ഈ ഹൗസിംഗ് കോളനിയിലെ ചില സംഭവങ്ങൾ രസകരമാണെങ്കിലും, ഗൗരവ്വത്തിൽ ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ അവശേഷിപ്പിക്കുന്നു.

കോളനിയിലെ സ്ത്രീകൾ ഉണ്ണിയുടെ ആരാധകരായി മാറുന്നത് അജിത്തിനും കൂട്ടർക്കും സഹിക്കാനാവില്ല. സംവിധായകൻ വിഷ്ണു നാരായണൻ സൃഷ്ടിച്ച സംഘട്ടനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രത്തിന്റെ കഥാതന്തു.

‘സെൽഫി’ എന്ന പുത്തൻ സങ്കൽപം പോലെ നർമ്മ മുഹൂർത്തങ്ങൾ സൃഷ്ടിക്കുമ്പോഴും, മഞ്ഞ പത്രപ്രവർത്തകന്റെ വികൃതിയായ തിരിമറികൾ സൃഷ്ടിക്കുമ്പോഴും, വിഷയത്തിന്റെ ഗൗരവം ചോർന്നിട്ടില്ല എന്നത് തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും വിജയമാണ്.

നമുക്ക് ചുറ്റുമുള്ള പല സംഭവങ്ങളിലേക്കും ഒരിക്കൽ കൂടി നോക്കാനും അയൽക്കാരായ യുവാക്കളോട് കൂടുതൽ ശ്രദ്ധാലുവായിരിക്കാനും ഈ ചിത്രം നമ്മെ പ്രേരിപ്പിക്കും. സിനിമയിൽ ഉടനീളം ചാർജ് ചെയ്യാവുന്ന ഒരുപാട് കുറ്റകൃത്യങ്ങൾ നമ്മൾ കാണുന്നു, പക്ഷേ അതിശയകരമെന്നു പറയട്ടെ, അവസാനം വരെ പരാതിയില്ല. അതാണ് സംവിധായകന്റെ അതുല്യ വൈദഗ്ധ്യത്തിന്റെ ട്വിസ്റ്റ്!

ഡോ. മാത്യു ജോയിസ്
*******************************