ഫോമായുടെ അന്തർദ്ദേശീയ കൺവെൻഷന് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഇന്ന് തുടക്കം

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ അന്തർദ്ദേശീയ കൺവെൻഷന് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഇന്ന് തുടക്കമാകും . കൺവെൻഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോമാ പ്രസിഡൻ്റ് ഡോ . ജേക്കബ് തോമസ് അറിയിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന കൺവെൻഷൻ മൂന്ന് ദിവസം നീണ്ടു നിൽക്കും. ഇന്ന് വൈകിട്ട്
ഇന്ന് വൈകുന്നേരം ഘോഷയാത്രയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് മെഗാതിരുവാതിരയും പൊതുസമ്മേളനവും. അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും വന്‍തോതിലുള്ള രജിസ്ട്രേഷനാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇത് ഫോമാ കണ്‍വന്‍ഷനോടുള്ള ജനങ്ങളുടെ സഹകരണവും പിന്തുണയുമാണ് വ്യക്തമാക്കുന്നത്. ഫോമാ പ്രസിഡണ്ട് ഡോ. ജേക്കബ് തോമസിന്‍റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് ഭാരവാഹികളാണ് കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്. ചെയര്‍മാന്‍ കുഞ്ഞ് മാലിയിലിന്‍റെ നേതൃത്വത്തില്‍ നിരവധി സബ്കമ്മിറ്റികളും കണ്‍വന്‍ഷന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. പ്രസിഡണ്ട് ഡോ. ജേക്കബ് തോമസിന്‍റെയും മറ്റ് ഭാരവാഹികളുടെയും പരിശ്രമഫലമായി നിരവധി സ്പോണ്‍സര്‍മാരെ സഹകരിപ്പിക്കാന്‍ കഴിഞ്ഞത് വലിയ വിജയമാണ്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി, ധൂര്‍ത്തിനും ആര്‍ഭാടത്തിനും അവസരം നല്‍കാതെ, കാര്യപ്രാപ്തിയോടെയാണ് പ്രോഗ്രാമുകള്‍ തയാറാക്കിയിരിക്കുന്നത്. മിച്ചം ലഭിക്കുന്ന തുക കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
ഫോമാ പ്രസിഡണ്ട് ഡോ. ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം, ജോയിന്‍റ് സെക്രട്ടറി ഡോ. ജെയ്മോള്‍ ശ്രീധര്‍, ജോയിന്‍റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ കുഞ്ഞ് മാലിയില്‍, ഫോമാ മുന്‍ പ്രസിഡണ്ട് അനിയന്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ സജി അബ്രഹാം, പ്രദീപ് നായർ , സാജന്‍ മൂലേ പ്ലാക്കല്‍, പീറ്റര്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, ജോസ് മണക്കാട്ട്, ബിജു ലോസണ്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് വീണ്ടും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ഫോമാ സാധ്യമായ സഹായങ്ങള്‍ എല്ലാം ചെയ്യുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 വീടുകള്‍ വെച്ചുകൊടുക്കുവാന്‍ ഇതിനോടകം തീരുമാനമായിട്ടുണ്ട്. കൂടുതല്‍ വീടുകള്‍ വെച്ചുകൊടുക്കുവാനുള്ള കാര്യം ഫോമാ കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. ഫോമാ മുന്‍കാലങ്ങളിലും ഭവനദാനപദ്ധതി, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായ പദ്ധതി തുടങ്ങിയ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
ഫോമായുടെ ഈ കണ്‍വന്‍ഷന്‍ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകള്‍കൊണ്ട് സമ്പന്നമായിരിക്കും. ബെസ്റ്റ് കപ്പിള്‍ പ്രോഗ്രാം, മ്യൂസിക്കല്‍ നൈറ്റ്, കലോത്സവം, മിസ്റ്റര്‍ ഫോമാ, മിസ് ഫോമാ, ചിരിയരങ്ങ്, പൊളിറ്റിക്കല്‍ സെമിനാര്‍, ഫാഷന്‍ ഷോ, ഉത്സവരാത്രി, ബാന്‍ക്വറ്റ്, അവാര്‍ഡുകള്‍ തുടങ്ങിയ നിരവധി പ്രോഗ്രാമുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 9 വെള്ളിയാഴ്ചയാണ് ഇലക്ഷന്‍ നടക്കുക.ബേബി മണക്കുന്നേൽ നേതൃത്വം നൽകുന്ന ടീമും ,തോമസ് ടി ഉമ്മൻ നേതൃത്വം നൽകുന്ന ടീമുമാണ് 2024 -2026 ഫോമയുടെ നേതൃത്വത്തിനായി മത്സരിക്കുന്നത് .