കൊല്ലം: വള്ളിക്കാവ് അമൃതാനന്ദമയീ ആശ്രമത്തില്‍ ദുരൂഹമരണമെന്ന് പ്രചരണം. കഴിഞ്ഞദിവസം മഠത്തിലെ ഒരു അന്തേവാസി മരിച്ചതായി വള്ളിക്കാവിലെ മറ്റൊരു അന്തേവാസി പറയുന്നു. എന്നാല്‍ ആരാണ് മരിച്ചതെന്നോ എങ്ങനെയാണ് മരിച്ചതെന്നോ പുറത്തിറിയിച്ചിട്ടില്ല. അതുപോലെ തന്നെ ഇങ്ങനെയൊരു മരണത്തിനെക്കുറിച്ച് സമീപ പോലീസ് സ്റ്റേഷനുകളിലൊന്നും വിവരവുമില്ല.
ഭാരതപര്യടനം പുരോഗമിക്കുന്നതിനിടെയിലും കഴിഞ്ഞ ദിവസം അമൃതനന്ദമയി ആശ്രമത്തില്‍ എത്തിയിരുന്നു. സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയും ചെയ്തു. ഇത്രയും പ്രാധാന്യമുള്ള ആരാണ് മരിച്ചതെന്നാണ് നാട്ടുകാര്‍ ആശങ്കപ്രകടിപ്പിക്കുന്നത്. ജനുവരി അവസാനം തിരുവനന്തപുരത്ത് ആരംഭിച്ച് കന്യാകുമാരി വഴി തമിഴ്നാട്ടില്‍ ഭക്തരെ കാണുന്നതിനിടെയാണ് അമൃതാനന്ദമയീ കൊല്ലത്തേക്ക് പോയത്. അവിടെ നിന്ന് മണിക്കൂറുകള്‍ക്ക് അകം സേലത്തേക്ക് തിരിക്കുകയും ചെയ്തു. ഇത് അസ്വാഭാവികമായ സംഭവമാണ്. വള്ളിക്കാവ് ആശ്രമത്തില്‍ സംഭവിച്ചതുമായി ബന്ധപ്പെട്ട മരണവുമായി ബന്ധപ്പെട്ടാണ് അമൃതാനന്ദമയി വള്ളിക്കാവിലെത്തിയതെന്നാണ് പ്രചരിക്കുന്നത്.
എന്നാല്‍ വള്ളിക്കാവ് ആശ്രമത്തില്‍ മരിച്ച ബ്രഹ്മചാരിണി ആരെന്നതിനെ കുറിച്ച് ആര്‍ക്കും വ്യക്തതയില്ല. ആരോ ഒരാള്‍ മരിച്ചുവെന്ന് മാത്രമാണ് പറയുന്നത്. ഇതു സംബന്ധച്ച മരണ വാര്‍ത്തകള്‍ പത്രങ്ങളിലുമില്ല. സാധാരണ അമ്മ ഓടിയെത്തേണ്ട ആരെങ്കിലും മരണപ്പെട്ടാല്‍ അമൃതാ ടിവിയില്‍ അത് വാര്‍ത്തയാകും. അതും സംഭവിച്ചിട്ടില്ല. ഇതിനെല്ലാം ഉപരി അമൃത പുരിയില്‍ ആരെങ്കിലും മരിച്ചതായി കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിലും വിവരമില്ല.
വള്ളിക്കാവില്‍ ആരെങ്കിലും മരിച്ചോ എന്നോ എന്തിനാണ് അമൃതാനന്ദമയി വള്ളിക്കാവില്‍ ഓടിയെത്തിയതെന്നോ ആമൃതപുരിയില് ആരും സ്ഥിരീകരിക്കുന്നതുമില്ല. ബ്രഹ്മചാരിണിയുടെ മരണം രോഗബാധ മൂലമാണെന്ന സന്ദേശമാണ് അടുത്ത അശ്രമ ബന്ധുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. മരണം പൊലീസിന് അറിയില്ലെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
 
            


























 
				




















