ഡാളസ്: കണ്ണൂർ, ധർമശാല ഗവർണമെൻ്റ് എഞ്ചിനിയറിംഗ് കോളേജ് 1996 – 2000 ബാച്ച്, ഡാലസിൽ സംഘടിപ്പിച്ച പൂർവ്വവിദ്യാർത്ഥി സംഗമം അവിസ്മരണീയമായി. അമേരിക്കയിലേക്ക് കുടിയേറിയ 24 പൂർവ വിദ്യാർത്ഥികളും അവരുടെ കുടുബാംഗങ്ങളൊപ്പം 24 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നുചേർന്നപ്പോൾ ഏവർക്കും ഹൃദയഹാരിയായ അനുഭവമായി മാറി പൂർവ്വവിദ്യാർത്ഥി സംഗമം.
ഡാളസിലെ റോക്ക്വാൾ മാരിയറ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിലായിരുന്നു ‘ധർമശാല ടു ഡാളസ്’ എന്ന ടാഗ് ലൈനിൽ പൂർവ്വവിദ്യാർത്ഥികൂട്ടായ്മ അരങ്ങേറിയത്.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗ് 1976 ബാച്ച് സിവിൽ എൻജിനിയറിംഗ് ബിരുദധാരിയായ ശ്രീമതി ഹേമലത സോമസുന്ദരം വിളക്ക് തെളിയിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഇന്ത്യയിലും വിദേശത്തുമുള്ള ഈ ബാച്ചിലെ മറ്റു പൂർവ്വവിദ്യാർഥികളുടെ വീഡിയോ ആശംസാസന്ദേശങ്ങളും സംഗമത്തിനു മധുരമേകി. പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയുടെയുടെ ആശംസകൾ ഇതിനിടെ ഇരട്ടി മധുരമായി.
കോളേജ് ജീവിതത്തിലെ ഫോട്ടോയും വീഡിയോകളും വേദിയിൽ പ്രദർശിപ്പിച്ചതോടെ ഏവരും തങ്ങളുടെ കാലലയത്തിന്റെ ഗ്യഹാതുര ഓർമകളിലേക്ക് തിരികെ നടന്നു. വർഷങ്ങൾക്കിപ്പുറവും എല്ലാവരുടെയും മനസ്സിൽ കലാലയ ഓർമകളുടെ മാധുര്യം നിറം കെടാതെ നിലനിൽക്കുന്നതിന്റെ നേർക്കാഴ്ച്ചയായി പിന്നീട് അരങ്ങേറിയ കലാപരിപാടികൾ.
ഓണാഘോഷത്തിനൊരുക്കമായി നടത്തിയ തിരുവാതിരയോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. നർമത്തിൽ പൊതിഞ്ഞ് ക്യാംപസ് ജീവിതത്തിലെ ഓർമകളെ കോർത്തിണക്കിയിള്ള അവതാരകരുടെ കഥാവതരണ ശൈലി എല്ലാവരിലും പൊട്ടിചിരി ഉയർത്തി. 2000 ബാച്ചുകളിലെ പൂർവ്വവിദ്യാർഥി സുഹൃത്തുക്കൾ ഒരുമിച്ച ഫ്‌ളാഷ് മോബും, മെക്കാനിക്കൽ ബാച്ചിന്റെ (Djangos) ൻ്റെ ഇൻസ്റ്റൻ്റ് മോബും സംഗമം കൂടുതൽ ആവേശകരമാക്കി.
ഹ്രദ്യമായ ഒട്ടേറെ ഗാനങ്ങൾ, ചടുലമായി ഒരുക്കിയ ഡാൻസ് റീൽസ് എന്നിവ പരിപാടിയെ കൂടുതൽ ആകർഷണീയമാക്കി. കുട്ടികൾക്കായി പ്രത്യേക മാജിക്ക് ഷോ സംഘടിപ്പിച്ചു. പങ്കെടുത്ത കുടുബാംഗങ്ങൾക്കായി കാരിക്കേച്ചർ സ്കെച്ചിങ്ങും ഒരുക്കിയിരുന്നു .
6 വയസു മുതൽ 19 വയസു വരെയുള്ള പുതുതലമുറയും പൂർണ്ണ പങ്കാളിത്തവുമായി മുന്നിട്ടിറങ്ങിയപ്പോൾ സൗഹൃദകൂട്ടായ്മക്കപ്പുറം ഒരു കുടുംബസംഗമവേദി കൂടിയായി കണ്ണൂർ ഗവർണമെൻ്റ് എഞ്ചിനിയറിംഗ് കോളേജിന്റെ പ്രവാസി പൂർവ്വവിദ്യാർത്ഥി സംഗമം.
ജീവിതത്തിന്റെ തിരക്കുകൾ മറന്നു സൗഹൃദത്തിന്റെ വസന്തകാലം വീണ്ടെടുക്കാൻ സംഘടിപ്പിച്ച സൗഹൃദസംഗമം ഓർത്തു വെയ്ക്കാൻ സുഖമുള്ള ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചതായി
പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി.
റോബിൻസ് മാത്യു , പ്രവീൻ സോമസുന്ദരം , ശ്രീജുമോൻ പുരയിൽ , സുധാർ ലോഹിതാക്ഷൻ, ഷൈജു കൊഴുക്കുന്നോൻ , അനുപ ഉണ്ണി എന്നിവരാണ് കോർഡിനേറ്ററുമാരായി സമ്മേളനത്തിന് നേതൃത്വം നൽകിയത്. ശ്രീ റാം വൃന്ദ , ജിഷ പദ്മനാഭൻ , നവീൻ കൊച്ചോത്ത്, സിന്ധു നായർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
2000 ബാച്ചിൻ്റെ സിൽവർ ജൂബിലിക്കായി വരും വർഷം തങ്ങളുടെ പ്രീയ കലാലയത്തിന്റെ പടിമുറ്റത്ത് വീണ്ടും സംഗമിക്കാമെന്നുള്ള പ്രതീക്ഷകളുമായാണ് പൂർവ്വവിദ്യാർത്ഥി സമ്മേളനത്തിനു തിരശീല വീണത്.