ശശികല നടരാജന്‍ മുഖ്യമന്ത്രിയാകും

ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകും. അണ്ണാ ഡിഎംകെയുടെ നിയമസഭ കക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുത്തു. യോഗത്തില്‍ പനീര്‍ശെല്‍വമാണ് ശശികലയുടെ പേര് നിര്‍ദേശിച്ചത്.

പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ശശികലയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ജയലളിതയുടെ ആശയങ്ങള്‍ പിന്തുടരുമെന്ന് നിയുക്ത മുഖ്യമന്ത്രി ശശികല പറഞ്ഞു. ജനക്ഷേമം മുന്നില്‍കണ്ട് പ്രവര്‍ത്തിക്കുമെന്നും ശശികല പറഞ്ഞു.

അണ്ണാ ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശികല നടരാജന്‍ ഫെബ്രുവരി 9 തീയതിക്കുള്ളില്‍ സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി പദമേല്‍ക്കും. ഇതുമായി ബന്ധപ്പെട്ട നിയമ തടസ്സങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടി ആസ്ഥാനത്ത് ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. അല്‍പ സമയത്തിനകം ശശികല നടരാജനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് കൊണ്ടുള്ള പ്രസ്താവന ഗവര്‍ണറെ അറിയിക്കും. ഇന്ന് ചേര്‍ന്ന യോഗത്തില്‍ പനീര്‍ശെല്‍വമാണ് ശശികല നടരാജന്റെ പേര് പരിഗണിച്ചത്. എത്രയും പെട്ടെന്ന് ശശികല നടരാജനെ തമിഴ്നാട് മുഖ്യമന്ത്രിയാക്കുക എന്നതാണ് അണ്ണാ ഡിഎംകെയുടെ ലക്ഷ്യം.

അതേസമയം, ശശികല നടരാജന്‍ മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്ത് എം കെ സ്റ്റാലിന്‍ രംഗത്തുണ്ട്. വീട്ട് ജോലിക്കാരെ മുഖ്യമന്ത്രിയാക്കാന്‍ അല്ല ജനങ്ങള്‍ അണ്ണാ ഡിഎംകെ യ്ക്ക് വോട്ട് ചെയ്തതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. തമിഴ്നാട് സര്‍ക്കാര്‍ ഉപദേഷ്ടാവായിരുന്ന മലയാളിയായ ഷീല ബാലകൃഷ്ണന്‍ രാജിവെച്ചതോടെയാണ് ശശികലയുടെ സ്ഥാനാരോഹണം സംബന്ധിച്ച അഭ്യൂഹം ശക്തമായത്. ശശികലയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രി പനീര്‍ശെല്‍വം ഷീല ബാലകൃഷ്ണനോട് സ്ഥാനമൊഴിയാന്‍ ആവവശ്യപ്പെട്ടതെന്നാണ് സൂചന. ജയലളിതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായി അറിയപ്പെടുന്ന ഷീല, വെള്ളിയാഴ്ച രാത്രി തന്നെ സ്ഥാനം ഒഴിഞ്ഞിരുന്നു.

കൂടാതെ, ജയലളിതയുടെ വിശ്വസ്തരായ രണ്ട് ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വ്യക്തമാക്കിയതും, ജല്ലിക്കട്ട് പ്രശ്നം പരിഹരിച്ചതിലൂടെ പനീര്‍ശെല്‍വത്തിന്റെ പ്രതിച്ഛായ വര്‍ധിച്ചതുമാണ് മുഖ്യമന്ത്രി പദത്തിലേറുന്നത് സംബന്ധിച്ച് ഉടനടി തീരുമാനമെടുക്കാന്‍ ശശികലയെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിമതസ്വരങ്ങള്‍ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയിലും ശശികല വന്‍ അഴിച്ചുപണി നടത്തിയിരുന്നു. മുന്‍മന്ത്രിമാരടക്കം വിശ്വസ്തരെ പ്രധാന പദവികളില്‍ നിയമിക്കുകയും ചെയ്തിരുന്നു.