ലക്ഷ്മിനായരുടെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം: ഒരേസമയം രണ്ട് ബിരുദ കോഴ്‌സുകള്‍ പഠിച്ചെന്ന് ആരോപണം

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിന്റെ കേന്ദ്രബിന്ദുവായ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ചും സംശയം ഉയരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഒരേസമയം രണ്ട് ബിരുദ കോഴ്‌സുകള്‍ പഠിച്ചെന്ന ആരോപണമാണ് ഉയരുന്നത്. പിതാവ് എം. നാരായണന്‍ നായര്‍ സിന്‍ഡിക്കേറ്റ് അംഗമായിരിക്കെ ലക്ഷ്മി നായരെ സഹായിക്കാന്‍ എല്‍എല്‍.ബി പ്രവേശനത്തിനുള്ള കേരള സര്‍വകലാശാല റെഗുലേഷന്‍ ഭേദഗതിചെയ്‌തെന്നും ആക്ഷേപമുണ്ട്.

കേരള സര്‍വകലാശാലക്ക് കീഴിലെ തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍നിന്ന് 1986ലാണ് ലക്ഷ്മി നായര്‍ ബി.എ ഹിസ്റ്ററി പാസായത്. തൊട്ടുപിന്നാലെ ലോ അക്കാദമിയില്‍ പഞ്ചവത്സര എല്‍എല്‍.ബിക്ക് ചേര്‍ന്നു. ബിരുദധാരിയായ ഒരാള്‍ സാധാരണ ത്രിവത്സര എല്‍എല്‍.ബിക്കാണ് ചേരാറുള്ളതെങ്കിലും പഠനത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ പഞ്ചവത്സര കോഴ്‌സ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതിന് എല്‍എല്‍.ബി പ്രവേശനത്തിനുള്ള കേരള സര്‍വകലാശാല റെഗുലേഷനില്‍ മാറ്റംവരുത്തി. നിശ്ചിതശതമാനം മാര്‍ക്കോടെ പ്രീ ഡിഗ്രി/പ്‌ളസ് ടു ജയിച്ചവര്‍ക്കാണ് അതുവരെ പഞ്ചവത്സര എല്‍എല്‍.ബി പ്രവേശനം നല്‍കിയിരുന്നത്. ബിരുദഫലം പുറത്തുവരുമ്പോഴേക്കും ത്രിവത്സര എല്‍എല്‍.ബി പ്രവേശനം പൂര്‍ത്തീകരിച്ചതിനാല്‍ ബിരുദധാരികള്‍ക്ക് ഒരുവര്‍ഷം കാത്തിരുന്നാലേ അക്കാലത്ത് ഈ കോഴ്‌സിന് ചേരാന്‍ സാധിക്കുമായിന്നുള്ളൂ.

സിന്‍ഡിക്കേറ്റംഗമായ നാരായണന്‍ നായര്‍ മുന്‍കൈയെടുത്ത് പഞ്ചവത്സര എല്‍എല്‍.ബി പ്രവേശനത്തിനുള്ള സര്‍വകലാശാല റെഗുലേഷനില്‍ ഭേദഗതിവരുത്തി. ബിരുദധാരിക്ക് പഞ്ചവത്സര എല്‍എല്‍.ബി കോഴ്‌സിന്റെ മൂന്നാംവര്‍ഷം നേരിട്ട് പ്രവേശനം നല്‍കാമെന്നായിരുന്നു ഭേദഗതി. ഇതിന്റെ സഹായത്തോടെ ലക്ഷ്മി നായര്‍ എല്‍എല്‍.ബി മൂന്നാംവര്‍ഷ ക്‌ളാസില്‍ പ്രവേശനംനേടി. റെഗുലേഷനിലെ ഈ വ്യവസ്ഥ വിവാദമായതോടെ മൂന്നുവര്‍ഷത്തിനുശേഷം സര്‍വകലാശാല റദ്ദാക്കി.

ഏതെങ്കിലും ബിരുദ കോഴ്‌സ് പഠിക്കുന്ന കാലയളവില്‍ മറ്റൊരുബിരുദത്തിനും പ്രവേശനംനേടാന്‍ പാടില്‌ളെന്നാണ് സര്‍വകലാശാല ചട്ടം. എന്നാല്‍, അവര്‍ എല്‍എല്‍.ബിക്ക് പഠിക്കുമ്പോള്‍ത്തന്നെ തമിഴ്‌നാട് തിരുപ്പതിയിലെ ശ്രീവെങ്കിടേശ്വര സര്‍വകലാശാലയില്‍ ഹിസ്റ്ററി ബിരുദാനന്തര ബിരുദ കോഴ്‌സിന് ചേര്‍ന്നു. 1988ല്‍ കേരള ലോ അക്കാദമിയില്‍ ഹിസ്റ്ററി ഗെസ്റ്റ് അധ്യാപികയായി പ്രവേശിച്ചത് എല്‍എല്‍.ബി പഠനത്തോടൊപ്പം നേടിയ ബിരുദാനന്തരബിരുദത്തിന്റെ സഹായത്തോടെയായിരുന്നു.