സി.ഇ.ടിയില്‍ ആദിവാസി വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിക്കുന്നു

തിരുവനന്തപുരം: സ്വാശ്രയ കോളജുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ജാതി അധിക്ഷേപം നേരിടുന്നുവെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ (സി.ഇ.ടി) ആദിവാസി വിദ്യാര്‍ത്ഥിയെ അവഹേളിച്ചു.  ഇടുക്കി വഞ്ചിവയല്‍ സ്വദേശിനിയും പട്ടിക വര്‍ഗക്കാരിയുമായ രണ്ടാം വര്‍ഷ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ആതിരയെയാണ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത്.

ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറച്ചും ജാതി പറഞ്ഞ് അധിക്ഷേപിച്ചും പരീക്ഷകളില്‍ തോല്‍പ്പിച്ചും മാനസിക രോഗിയെന്ന് ചിത്രീകരിച്ചും തനിക്കെതിരെ മാസങ്ങളായി പീഡനം തുടരുകയായിരുന്നുവെന്ന് ആതിര പറഞ്ഞു.  മൂന്നാം വര്‍ഷത്തില്‍ എത്തേണ്ടിയിരുന്ന ആതിരയെ കോളജിലെ അധ്യാപകരുടെ ഇടപെടല്‍ മൂലം ഇയര്‍ ഔട്ടാക്കുകയും ഒരു വര്‍ഷം നഷ്ടമാക്കുകയും ചെയ്തു.  തോറ്റ വിഷയങ്ങളില്‍ പലതും പുനര്‍മൂല്യനിര്‍ണയത്തിന് കൊടുത്തപ്പോള്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. കോളജില്‍ പ്രവേശനം നേടിയപ്പോള്‍ മുതല്‍ മാനസിക പീഡനമായിരുന്നുവെന്ന് ആതിര പറയുന്നു.

ഇടുക്കി വണ്ടിപ്പെരിയാറിലെ വഞ്ചിവയല്‍ കോളനിയിലെ ഊരുമൂപ്പനായ തങ്കപ്പന്റെയും രമണിയുടെയും മൂത്ത മകളാണ് ആതിര. എസ്.എസ്.എല്‍.സിക്ക് നല്ല മാര്‍ക്കോടെ പാസായ ആതിര പ്ലസ്ടൂവിന് 89 ശതമാനം മാര്‍ക്ക് നേടി. കൂലിപ്പണിയെടുത്താണ് രക്ഷിതാക്കള്‍ മകളെ പഠിപ്പിച്ചത്. കോളജിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മറ്റ് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുക പതിവായിരുന്നുവത്രേ. ഹാജര്‍ കുറവാണെന്ന് പറഞ്ഞാണ് അദ്ധ്യാപകര്‍ ഇയര്‍ ഔട്ടാക്കിയത്.  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും അംഗീകരിക്കാന്‍ തയാറായില്ല. കോളജ് മാറാന്‍ നിരന്തരം നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അതിന് തയാറാകാത്തപ്പോള്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ഒന്നാം സെമസ്റ്ററില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയുമാണ് ചെയ്തത്. ആതിരക്ക് വേണ്ടി ഇടപെട്ട മറ്റു വിദ്യാര്‍ത്ഥികളെയും കേളജധികൃതര്‍ പീഡിപ്പിക്കുകയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

സംസ്ഥാനത്തെ പല കോളജുകളിലും ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന വിവേചനത്തിന്റെയും പീഡനത്തിന്റെയും അവസാനത്തെ ഇരയാണ് സി.ഇ.ടിയിലെ വിദ്യാര്‍ത്ഥിനിയായ ആതിര.