ശശികല ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല

ചെന്നൈ:  ശശികല ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല.   സത്യപ്രതിജ്ഞ എന്ന് നടക്കുമെന്ന കാര്യത്തില്‍ ഉത്കണ്ഠ പൂണ്ട നേതാവ് ഇപ്പോള്‍ നടുക്കടലിലാണ്.  ഇന്നലെ രാത്രി വളരെ വൈകി പനീര്‍സെല്‍വം ഇത്തരത്തില്‍ ചതിക്കുമെന്ന് ശശികല കരുതിയിരുന്നില്ല.   പനീര്‍സെല്‍വത്തിന്റെ  പൊട്ടിത്തെറിക്ക് മുമ്പ് വരെ മുഖ്യമന്ത്രി കസേരയില്‍ എന്ന് ഇരിക്കാമെന്ന ചിന്തയിലായിരുന്നു ശശികല.  ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിലവില്‍ ഡല്‍ഹിയിലാണ് ഉള്ളതെന്നാണ് രാജ് ഭവന്‍ വൃത്തങ്ങള്‍ നല്‍കിയിരുന്ന വിവരം. ചെന്നൈയില്‍ തിരിച്ചെത്തിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് ശശികലക്ക് ഗവര്‍ണറെ കാണാനാവൂ. എന്നാല്‍ ഗവര്‍ണറുടെ യാത്രാ വിവരത്തെക്കുറിച്ച് അറിയില്ലെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നത്.മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ഒ പന്നീര്‍ശെല്‍വത്തിന്റെ രാജി ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. ബദല്‍ ക്രമീകരണമുണ്ടാകുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ പന്നീര്‍ശെല്‍വത്തോട് ഗവര്‍ണര്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനു മുമ്പുതന്നെ ശശികലയെ നിയുക്ത മുഖ്യമന്ത്രിയായി എ.ഐ.എ.ഡി.എം.കെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടിക്കാഴ്ചക്ക് സമയം അനുവദിക്കാതെ ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു. രാഷ്ട്രീയ നേട്ടം മുന്നില്‍കണ്ട് ഗവര്‍ണറെ മുന്‍നിര്‍ത്തിയുള്ള ബി.ജെ.പി കളിയാണ് ഇതിനു പിന്നിലെന്ന് എ. ഐ. എ. ഡി. എം. കെ വൃത്തങ്ങള്‍ ആരോപിക്കുന്നു. ഇന്നലെതന്നെ സത്യപ്രതിജ്ഞ നടത്താനായിരുന്നു എ. ഐ. എ. ഡി. എം.കെ നീക്കമെങ്കിലും ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതിനാല്‍ ഇത് സാധ്യമായില്ല.

ചെപ്പോക്കിലുള്ള മദ്രാസ് യൂണിവേഴ്‌സിറ്റി സെന്റിനറി ഹാളില്‍ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നിരുന്നു.  ഫെബ്രുവരി ഒമ്പതിന് കാലത്ത് 11 മണിയാണ് സത്യപ്രതിജ്ഞക്കായി കണ്ട മറ്റൊരു സമയം. എന്നാല്‍ അതിനു മുമ്പും ഗവര്‍ണറുടെ അനുമതി ലഭിക്കുമോ എന്ന് വ്യക്തമല്ലായിരുന്നു.  അതിനിടെയാണ് പനീര്‍സെല്‍വത്തിന്റെ വെടി. ഒരാഴ്ചക്കകം ശശികലക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി വരുമെന്നതിനാല്‍ അതുവരെ സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിക്കൊണ്ടു പോകാനാണ് ബി.ജെ.പി ശ്രമമെന്നാണ് ആരോപണം.

ശശികല ശിക്ഷിക്കപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ അനിശ്ചിതത്വം മുതലെടുക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.