പനീര്‍സെല്‍വം മൗനം ഭേദിച്ചത് രാഷ്ട്രീയ ഭൂകമ്പത്തിലേക്ക്‌

ചെന്നൈ: ഇത്ര നാള്‍ നിശബ്ദനായിരുന്നു പനീര്‍സെല്‍വം എന്ന മുഖ്യമന്ത്രി. മൂന്ന് തവണ മുഖ്യമന്ത്രി പദവിയില്‍ എത്തിയിട്ടും മൗനം ആയുധമാക്കിയ  എ.ഐ.എ.ഡി.എം.കെയുടെ സീനിയര്‍ നേതാവ് ഇന്നലെ രാത്രി പത്തരയോടെ ചിലതെല്ലാം തുറന്ന് പറഞ്ഞതിന് പിറകിലെ രാഷ്ട്രീയം തമിഴ്‌നാടിനെ ഇളക്കിമറിക്കുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് മുഖ്യമന്ത്രിയാവാനും സാരിയണിഞ്ഞ ചിന്നമ്മ എന്ന ശശികലയുടെ മോഹങ്ങള്‍ക്ക് മുകളിലേക്കാണ് പനീര്‍സെല്‍വത്തിന്റെ പൊട്ടിത്തെറിയെത്തിയിരിക്കുന്നത്. ഇന്നലെ അര മണിക്കൂര്‍ മറീനാ ബിച്ചിലെ ജയലളിതയുടെ സമാധിയില്‍ മൗനപ്രാര്‍ത്ഥന നടത്തിയ ശേഷമാണ് നാടകീയമായി പനീര്‍സെല്‍വം പത്രക്കാരെ കണ്ടത്. തന്നെ അപമാനിക്കാനും മാനസികമായി തളര്‍ത്താനും ശശികല ശ്രമിച്ചുവെന്ന അദ്ദേഹത്തിന്റെ പരസ്യമായ കുറ്റപ്പെടുത്തല്‍ ആരും പ്രതീക്ഷിക്കാത്താണ്. ഇത് വരെ ശശികലയുടെ വിശ്വസ്തന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയായി ശശികലയുടെ പേര് നിര്‍ദ്ദേശിച്ചത് പനീര്‍സെല്‍വമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.  അദ്ദേഹം ഉപമുഖ്യമന്ത്രിയാവുമെന്ന സൂചനയും വന്നു. എന്നാല്‍ ഇന്നലെ പനീര്‍സെല്‍വത്തിന്റെ തുറന്നു പറച്ചിലില്‍ അദ്ദേഹത്തിന്റെ എല്ലാ പ്രതിഷേധവുമുണ്ട്. അദ്ദേഹത്തോട് കൂടിയാലോചന പോലും നടത്താതെയാണ് ശശികലയെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടി നിയമസഭാകക്ഷി യോഗം വിളിച്ചത്. എവിടെയാണ് യോഗമെന്നോ, ഏത് സമയത്താണ് ചേരുന്നതെന്ന് പോലും മുഖ്യമന്ത്രിയെ അറിയിച്ചില്ല. ചില മന്ത്രിമാര്‍ താന്‍ അറിയാതെ ശശികലക്ക് വേണ്ടി ക്യാമ്പയിന്‍ ചെയ്യുകയായിരുന്നു. തന്നോട് രാജിവെക്കാന്‍ പോലും പലരും പറഞ്ഞു. പലരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാജിക്കത്ത് നല്‍കിയത്. ജയലളിത ആസ്പത്രിയിലായ സമയത്ത് പാര്‍ട്ടി നേതൃമാറ്റം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മധുസൂദനനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കാനായിരുന്നു അന്നത്തെ ധാരണ. എന്നാല്‍ താന്‍ ഇതിനെ എതിര്‍ത്തു. തിടുക്കപ്പെട്ട് ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞു.
ഇന്നലെ ഞാന്‍ അമ്മയുടെ ആത്മാവുമായി സംസാരിച്ചു. ആസ്പത്രിയില്‍ വെച്ച് എന്നോട് മുഖ്യമന്ത്രിയാവാന്‍ അമ്മയാണ് നിര്‍ദ്ദേശിച്ചത്. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ ഇനി മുന്നോട്ട് പോവാന്‍ കഴിയില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാന്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്. അത് പിന്‍വലിക്കാന്‍ തയ്യാറാണ്. പക്ഷേ ജനങ്ങളും എം.എല്‍.എ മാരും കൂടെ നില്‍ക്കണം.
പനീര്‍സെല്‍വത്തിന്റെ ഈ പ്രതികരണത്തിലും ക്ഷോഭത്തിലും തമിഴ്‌നാട് രാഷ്ട്രീയത്തിലെ വന്‍ മാറ്റത്തിന്റെ സൂചനയുണ്ട്. പാര്‍ട്ടി പിളര്‍പ്പിലേക്കാണ് നീങ്ങുന്നത്.