തേക്കടി പെപ്പര്‍ വൈന്‍ ത്രീ സ്റ്റാര്‍ ഹോട്ടല്‍ ഫെഡറല്‍ ബാങ്ക് ഏറ്റെടുത്തു

വായ്പ എടുത്ത 11 കോടി രൂപയുടെ തിരിച്ചടവ് മുടക്കിയ തേക്കടിയിലെ ത്രീ സ്റ്റാര്‍ ഹോട്ടലായ ദി പൈപ്പര്‍ വൈന്‍  ഫെഡറല്‍ ബാങ്ക് കൈവശമെടുത്തു. ഡാഫിന്‍ ഹോട്ടല്‍ ആന്റ് ടൂറിസം എന്ന കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു ഈ ഹോട്ടല്‍. നേരത്തെ ഇതേ രീതിയില്‍ വായ്പാ തിരിച്ചടവ് മുടക്കിയ തേക്കടിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ദി എലഫന്റ് കോര്‍ട്ടും ഫെഡറല്‍ ബാങ്ക് കൈവശമെടുത്തിരുന്നു. 25 കോടിയിലധികം രൂപയായിരുന്നു ഇവരുടെ കുടിശ്ശിക. സര്‍ഫാസി നിയമപ്രകാരമാണ് രണ്ടു ഹോട്ടലുകള്‍ക്കുമെതിരേ ബാങ്ക് നടപടി എടുത്തത്.

ഫെഡറല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത ഡാഫിന്‍ ഹോട്ടല്‍സ് ആന്റ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് ഹോട്ടല്‍ പണി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായിട്ടും വായ്പ തിരിച്ചടയ്ക്കാതെ 2015 ജൂണ്‍ മുതല്‍ മനപ്പൂര്‍വ്വം നിഷ്‌ക്രിയ ആസ്തി സൃഷ്ടിക്കുകയായിരുന്നു. സര്‍ഫാസി ആക്ട് പ്രകാരം ബാങ്ക് സ്വീകരിച്ച നടപടി പ്രകാരമാണ് നടപടി.

പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്റ്റാര്‍ഹോട്ടലുകള്‍ക്കെതിരായ ബാങ്കിന്റെ നടപടി ഇന്ത്യന്‍ ബാങ്ക് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. തൊടുപുഴയിലെ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവു ലഭിച്ചതിനെ തുടര്‍ന്ന് കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണറുടെയും ലോക്കല്‍ പോലീസിന്റെയും സഹായത്തോടെ ഫെബ്രുവരി നാലിനാണ് ഹോട്ടലിന്റെ ഉടമസ്ഥാവകാശം ബാങ്ക് കൈവശമാക്കിയത്.

മൂന്നു കോടി രൂപ അടയ്ക്കണമെന്ന ഡി.ആര്‍.ടിയുടെ നിര്‍ദ്ദേശം സമയത്ത് പാലിക്കാനാകാതെ വന്നതിനെ തുടര്‍ന്ന് നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ ബാങ്കിന് അനുമതി ലഭിക്കുകയായിരുന്നു. ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി നിര്‍ദ്ദേശങ്ങള്‍ ഹോട്ടല്‍ ഗ്രൂപ്പിനു തന്നെ പാലിക്കാന്‍ കഴിഞ്ഞില്ല.

2.5 കോടി രൂപ തിരിച്ചടയ്ക്കാന്‍ ഫെബ്രുവരി മൂന്നു വരെ സമയമനുവദിക്കുകയും അതിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ സര്‍ഫാസി പ്രകാരം സെക്യൂരിറ്റിയായി നല്‍കിയിട്ടുള്ള വസ്തു ഏറ്റെടുക്കാന്‍ ബാങ്കിന് അധികാരമുണ്ടായിരിക്കുമെന്ന് വിധിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ പണം അടയ്ക്കാതെ വന്നതിനെ തുടര്‍ന്നാണ് ഫെഡറല്‍ ബാങ്ക് ഹോട്ടല്‍ ഏറ്റെടുത്തത്.