സംസ്ഥാനത്തെ ഹൈക്കോടതികളിലും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ അലംഭാവം. ഫ്‌ളാറ്റ്, ഭൂമിതട്ടിപ്പ് സംബന്ധിച്ച കേസുകള്‍ അനിശ്ചിതമായി നീളുന്നു. അഴിമതി, കോഴക്കേസുകളിലും തീര്‍പ്പുകള്‍ അകലെ, ക്രിമിനല്‍ അപ്പീലുകളിലും തീര്‍പ്പില്ല. 2017 ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഹൈക്കോടതിയില്‍ മാത്രം 1,20,000 കേസുകള്‍ കെട്ടിക്കിടക്കുകയാണ്.
ജില്ലാക്കോടതികളിലും മറ്റു കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകള്‍ ഏതാണ്ട് 25 ലക്ഷത്തോളം വരും. വിവാഹ മോചനക്കേസുകളുടെ നീണ്ട നിര തന്നെ കുടുംബക്കോടതികളിലുമുണ്ട്.
ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസുള്‍പ്പെടെ 37 ജഡ്ജിമാരാണ് നിലവിലുള്ളത്. കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ചുരുക്കം ചില ജഡ്ജിമാര്‍ മാത്രമാണ് താല്‍പര്യം കാണിക്കുന്നത്. തുറന്ന കോടതികളില്‍ വിധി പറയുന്ന ഒട്ടേറെ കേസുകളിലെ വിധി ന്യായങ്ങളുടെ പകര്‍പ്പുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും കക്ഷികള്‍ക്കു ലഭിക്കുന്നില്ല. അതേസമയം ചില കേസുകളിലെ ഉത്തരവുകളുടെ പകര്‍പ്പ് വിധി പറയുന്ന ദിവസം തന്നെ കക്ഷികള്‍ക്കു ലഭിക്കുന്നുമുണ്ട്. ഇക്കാര്യത്തില്‍ പക്ഷാഭേദം കാണിക്കുന്നുവെന്ന പരാതികള്‍ ഏറെ.
25 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്‌ളാറ്റ് തട്ടിപ്പു കേസുകള്‍ ഇപ്പോഴും കമ്പനിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയുടെ പരിഗണനയിലാണ്. ഓരോ മാസവും കേസ് വിളിക്കുമ്പോള്‍ ഓരോ കാരണം ചൂണ്ടിക്കാട്ടി മാറ്റിവെയ്ക്കുകയാണ്. ജോമോന്‍ ബില്‍ഡേഴ്‌സിന്റെ ഫ്‌ളാറ്റ് തട്ടിപ്പു കേസാണ് 25 വര്‍ഷത്തോളമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഭൂമി കുറഞ്ഞ വിലയ്ക്കു തട്ടിയെടുക്കാനുള്ള ഭൂമാഫിയയുടെ സംഘമാണ് കേസിനു കാലതാമസം വരുത്തുന്നത്.
ക്രിമിനല്‍ അപ്പീലുകള്‍ പരിഗണിക്കുന്നതില്‍ മുന്‍ഗണനാക്രമം പാലിക്കുന്നുവെങ്കിലും മൂന്നു വര്‍ഷം മുമ്പുള്ള കേസുകളാണ് ഇപ്പോള്‍ ബെഞ്ചിലുള്ളത്.
വിധി നടത്തിപ്പിലെ കാലതാമസം ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്ന മുന്നറിയിപ്പു പണ്ടേയുണ്ട്. അന്തിമ ഉത്തരവു വൈകുന്നതിനാല്‍ തര്‍ക്ക പരിഹാരം ഫോറങ്ങളില്‍ മധ്യസ്ഥ ശ്രമത്തിലൂടെ കേസ് തീര്‍പ്പാക്കാനാണ് മിക്കവരുടെയും ശ്രമം.