നെഹ്‌റു കോളജില്‍ പ്രതികാരനടപടി: സര്‍ക്കാരിന്റെ നിസംഗതയില്‍ എസ്.എഫ്.ഐക്കും ഭയം

ലോ അക്കാദമി സമരത്തെ ഒറ്റിയതിന്റെ പ്രതിസന്ധിയില്‍ എസ്.എഫ്.ഐ ജില്ലാ നേതൃത്വം

മാനേജ്മെന്‍റിന്റെ വെല്ലുവിളി മന്ത്രിഭാര്യയുടെ ബലത്തിലെന്ന് വിദ്യാര്‍ഥികള്‍ 

ജിഷ്ണുവിന്റെ ഘാതകരെ സംരക്ഷിച്ച് സര്‍ക്കാര്‍

രമേഷ് പിഷാരടി

തൃശൂര്‍: എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് കുപ്രസിദ്ധിയാര്‍ജിച്ച പാമ്പാടി നെഹ്‌റു കോളജില്‍ വീണ്ടും വിദ്യാര്‍ഥി പീഡനം ലക്ഷ്യമിട്ട് മാനേജ്‌മെന്റ്. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ അടച്ചിടേണ്ടിവന്ന കോളജ് തുറക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാനേജ്‌മെന്റ് ശ്രമമാരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രക്ഷാകര്‍ത്താക്കളുടെ യോഗം വിളിക്കുകയും ചെയ്തു. എന്നാല്‍ പി.ടി.എ യോഗം തട്ടിപ്പാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

ഓരോ വകുപ്പുകളിലായി രക്ഷിതാക്കളുടെ പ്രത്യേക യോഗമാണ് മാനേജ്‌മെന്റ് വിളിക്കുന്നത്. കോളജ് ഒരുമിച്ച് തുറക്കാതെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളായി തുറക്കുന്ന തന്ത്രമാണ് മാനേജ്‌മെന്റ് പയറ്റുന്നത്. ഇതിനിടെ ജിഷ്ണുവിന്റെ മരണശേഷമുണ്ടായ സമരത്തിന് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള ശ്രമം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് എസ്.എഫ്.ഐ കോളജിന് മുന്നില്‍ സമരം ആരംഭിച്ചു. ലോ അക്കാദമിയിലെ സമരവിജയത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

പി.ടി.എ യോഗം വിളിക്കുന്നുണ്ടെങ്കിലും പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ പങ്കെടുപ്പിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്നവരെ മാത്രമാണ് യോഗത്തിലേക്ക് കടത്തിവിടുന്നത്. ഇതിനായി കോളജ് ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരെയും അധ്യാപകരെയും പൊലീസിനെയും മാനേജ്‌മെന്റ് നിയോഗിച്ചിട്ടുണ്ട്.

വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന നിലപാടാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ പി.ടി.എ യോഗങ്ങളില്‍ ആവര്‍ത്തിക്കുന്നത്. അതേസമയം എസ്.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്ണു പ്രണോയിയുടെ ജീവന്‍ ബലികൊടുക്കേണ്ടി വന്നിട്ടും ഇടത് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നിസംഗത തുടരുകയാണ്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്യാനോ നിയമനടപടികള്‍ ഒരിഞ്ച് മുന്നോട്ടുനീക്കാനോ സര്‍ക്കാര്‍ ഇതുവരെ തയാറാകാത്തതും ദുരൂഹമാണ്. ഇടത് മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് നെഹ്‌റു ഗ്രൂപ്പുമായുള്ള ബന്ധമാണ് മാനേജ്‌മെന്റിന്റെ പക്ഷത്ത് നില്‍ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ലോ അക്കാദമി സമരത്തില്‍ സജീവമായ കോണ്‍ഗ്രസും ബി.ജെ.പിയും നെഹ്‌റു വിഷയത്തില്‍ മൗനം പാലിക്കുന്നതും വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്നു.

നിലവില്‍ സസ്‌പെന്‍ഷന്‍ ഭീഷണി നേരിടുന്നതും കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ തന്നെയാണ്. ഈ സാഹചര്യത്തിലും സര്‍ക്കാരിന്റെ നിസംഗത വിദ്യാര്‍ഥികള്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ലോ അക്കാദമിയിലെ സമരത്തില്‍ വിദ്യാര്‍ഥികളെ എസ്.എഫ്.ഐ നേതാക്കള്‍ ഒറ്റിയ പശ്ചാത്തലത്തില്‍ പരസ്യമായി സഹായിക്കാനോ നിലപാടെടുക്കാനോ ആകാത്ത അവസ്ഥയിലാണ് എസ്.എഫ്.ഐ ജില്ലാ നേതൃത്വം.

എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ ആവശ്യങ്ങള്‍

  • ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് മാനേജ്മെന്റ് 25 ലക്ഷം രൂപ  നഷ്ടപരിഹാരം നല്‍കുക.
  • മരണത്തിനു കാരണക്കാരായ അധ്യാപകന്‍ സിപി പ്രവീണ്‍ കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ എന്നിവര്‍ക്കെതിരെ നിയമനടപടിയെടുക്കുക.
  • പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥനെ പുറത്താക്കുക.
  • ഡിസിപ്ലിന്‍ ഓഫീസേഴ്സ് എന്ന തസ്തിക നിര്‍ത്തലാക്കുക.
  • വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക.
  • അഡ്മിഷന്‍ സമയത്ത് വാങ്ങുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഒരു വര്‍ഷത്തിനു ശേഷം തിരിച്ചുനല്‍കുക.
  • കോഷന്‍ ഡിപ്പോസിറ്റ് തിരിച്ചു നല്‍കുക.
  • രാവിലെ 9.05നു ശേഷം വിദ്യാര്‍ത്ഥികളെ തടയുന്ന നടപടി അവസാനിപ്പിക്കുക.
  • മാനേജ്മെന്റ് അക്കാദമിക് കാര്യങ്ങളില്‍ കൈകടത്താതിരിക്കുക.
  • ഇന്റേണല്‍ മാര്‍ക്ക് സുതാര്യമാക്കുക.
  • ഫൈനുകള്‍ 100ല്‍ താഴെയാക്കി നിജപ്പെടുത്തുക. റസീപ്റ്റ് നല്‍കുക.
  • വിദ്യാര്‍ത്ഥി സംഘടനകളെ അനുവദിക്കുക.
  • പിടിഎ രൂപീകരിക്കുക.
  • ലൈബ്രറിക്ക് ജിഷ്ണു പ്രണോയിയുടെ പേരിടുക