തമിഴ്‌നാട്ടിലെ കുതിരക്കച്ചവടത്തിനെതിരെ പൊട്ടിത്തെറിച്ച്‌ കമലാഹാസന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ നടന്‍ കമലാഹാസന്‍ പരസ്യമായി രംഗത്ത്. ഒ. പനീര്‍ സെല്‍വം പ്രാപ്തിയുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ ഒഴിവാക്കരുതെന്നും താരം ഇന്ത്യാടുഡേയോട് പ്രതികരിച്ചു. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായ വി.കെ ശശികലയ്ക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്നും കമലാഹാസന്‍ ആഞ്ഞടിച്ചു. സാധാരണ തമിഴ് രാഷ്ട്രീയത്തില്‍ നിന്ന് അകലംപാലിക്കുന്നയാളാണ് കമലാഹാസന്‍. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം വല്ലാതെ മനംമടുപ്പിച്ചത് കൊണ്ടാണ് അദ്ദേഹം പരസ്യപ്രതികരണത്തിന് തയ്യാറായത്. അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് വോട്ട് ചെയ്ത് വര്‍ഷങ്ങളായി നമ്മള്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയാണ്. ഇതിനെതിരെ എല്ലാ ആര്‍ട്ടിസ്റ്റുകളും രംഗത്തിറങ്ങണമെന്നും കമലാഹാസന്‍ ആവശ്യപ്പെട്ടു.

 

കോണ്‍ഗ്രസ് നേതാവായ ഖുശ്ബുവിനും മൗനം 

ആന്ധ്രയില്‍ സംഭവിച്ചത് പോലെ തമിഴ്‌നാടിനെ ഒരു രാജ്യമാക്കണ്ട. പക്ഷെ, അഹിംസയിലൂന്നിയ ആഭ്യന്തരയുദ്ധത്തില്‍ ഇന്ത്യ മുഴുവന്‍ തമിഴര്‍ക്കൊപ്പം നില്‍ക്കുമെന്നും കമലാഹാസന്‍ ട്വീറ്റ് ചെയ്തു. പെരിയോറിന്റെ പേര് വെറുതേ ഉപയോഗിക്കാതെ ഒരു ഡെബ്മാഷ് വീഡിയോയെങ്കിലും പോസ്റ്റ് ചെയ്യാന്‍ താരം സത്യരാജിനോട് ആവശ്യപ്പെട്ടു. ആദ്യമായി നമ്മളെല്ലാം മനുഷ്യരാണ് നടന്‍ എന്ന സ്ഥാനം രണ്ടാമതേ ഉള്ളൂ എന്നും കമലാഹാസന്‍ ട്വീറ്റ് ചെയ്തു. രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ പ്രതിഷേധിക്കണമെന്ന് നടന്‍ മാധവനോട് ഉലകനായകന്‍ ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു പോലും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഒരു പക്ഷെ, അണ്ണാ ഡി.എം.കെയുടെ ജയാ ടി.വിയില്‍ പരിപാടി അവതരിപ്പിക്കുന്നത് കൊണ്ടാകാം ഖുശ്ബു മൗനം പാലിക്കുന്നത്.

 

പനീര്‍ സെല്‍വം നല്ല ടൂളാണ്, അതിലും മികച്ചത് വേണമെങ്കില്‍ ജനം തെരഞ്ഞെടുക്കും

ജനം തെരഞ്ഞെടുക്കാത്ത മുഖ്യമന്ത്രിയെ തമിഴ്‌നാടിന് വേണ്ടെന്നും കമലാഹാസന്‍ വ്യക്തമാക്കി. തമിഴര്‍ക്ക് അവരെ പോലെയുള്ള ഭരണാധികാരികളെയാണ് ആവശ്യം. അല്ലാതെ പെട്ടെന്ന് പൊട്ടിമുളച്ച  രാഷ്ട്രീയ കുമിളകളെയല്ല. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായ നേതാക്കളെയാണ് വേണ്ടത്. പനീര്‍ സെല്‍വം തന്റെ സുഹൃത്തല്ലെന്നും കമലാഹാസന്‍ പറഞ്ഞു. തമിഴരുടെ ജനാധിപത്യ വിശ്വാങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ് അദ്ദേഹം. ഇതിനേക്കാള്‍ മികച്ച ഉപകരണം വേണമെങ്കില്‍ അത് ഞങ്ങള്‍ തെരഞ്ഞെടുത്തോളാം. അതാണ് ജനങ്ങളെടുത്ത തീരുമാനം. അല്ലാത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വിഡ്ഢിയായ ഭരണാധികാരിയെ ചുമക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. അത് തമിഴ്‌നാടിനെ ശിലായുഗത്തിലേക്ക് നയിക്കുമെന്നും താരം ചൂണ്ടിക്കാട്ടി. അറുപത് വര്‍ഷമായി തമിഴ്ജനതയ്ക്ക് നല്ല സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നും താരം പറഞ്ഞു.