വൈദിക വിദ്യാര്‍ത്ഥി അധ്യാപികയുടെ ശരീരശാസ്ത്രം പഠിക്കാന്‍ ശ്രമിച്ചു; ഭര്‍ത്താവ് തലയ്ക്കടിച്ചു

കോട്ടയം: സുവോളജി പഠിക്കാനെത്തിയ വൈദീക വിദ്യാർത്ഥിക്ക് അധ്യാപികയുടെ ശരീരശാസ്ത്രം അറിയാനാഗ്രഹം. സംഭവമറിഞ്ഞ  അദ്ധ്യാപികയുടെ ഭർത്താവായ യൂത്ത് കോൺഗ്രസ് നേതാവ് ആളെ കൂട്ടി ഹോസ്റ്റലിലെത്തി വൈദിക വിദ്യാർത്ഥിയെ കൈകാര്യം ചെയ്തു. സംഭവം നാണക്കേടായതോടെ വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനത്തിന്റെ പേരിലുണ്ടായ സംഘർഷമെന്ന് വരുത്തി തീർക്കാനൊരുങ്ങുകയാണ് കോളേജ് മാനേജുമെന്റും വിദ്യാർത്ഥി സംഘടനകളും.

കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളേജിലാണ് സംഭവം നടന്നത്.  കോളേജിലെ ബി.എസ്.സി സുവോളജി രണ്ടാം വർഷ വിദ്യാർത്ഥിയായ തൊടുപുഴ മഠത്തില്‍ ബിബി അബ്രാഹാമിനെ (20)യാണ്  യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ അരുൺ ജോസഫിന്റെ നേതൃത്വത്തിൽ ഒരു സംഘം ആക്രമിച്ചത്. കമ്പി വടിക്ക് തലക്കടിയേറ്റ്  കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ബി ബി. യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭാര്യ ഇതേ കോളേജിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയാണ്.

ഇടയ്ക്കിടെ ബിബി ഇവരെ ശല്യം ചെയ്തിരുന്നുവെന്ന് അധ്യാപിക പരാതി പറഞ്ഞിരുന്നു. എന്നാൽ വൈദീക വിദ്യാർത്ഥിയായതിനാൽ പ്രശ്നം മാനേജ്മെന്റും ഒതുക്കി തീർക്കാൻ ശ്രമിച്ചു. അതിനിടെ കഴിഞ്ഞ ദിവസം ബിബി  അധ്യാപികയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇക്കാര്യം അധ്യാപിക വീട്ടിലറിയിച്ചതോടെ ഭർത്താവായ യൂത്ത് കോൺഗ്രസ് നേതാവ് അണികളുമായി വൈദീക വിദ്യാർത്ഥി താമസിക്കുന്ന ഹോസ്റ്റലിൽ എത്തുകയായിരുന്നു. തുടർന്ന് വാക്കേറ്റവും അത് മർദനത്തിലും കലാശിക്കുകയായിരുന്നു. ബിബി കോട്ടയം ക്നാനായ രൂപതയിലെ വൈദീക വിദ്യാർത്ഥിയാണ്. കോളേജിലെ എസ്.എഫ്.ഐ നേതാവു കൂടിയാണ് ബിബി.

ഇതിനിടെ സംഭവം നാണക്കേടായതോടെ വിദ്യാർത്ഥി സംഘടന പ്രവർത്തനവുമായി ബന്ധപ്പെട്ട സംഘർഷമാണിതെന്ന നിലപാടിലാണ് മാനേജ്മെന്റ്. കെ.എസ്.യു. യൂണിറ്റ്  രൂപീകരിക്കാൻ യൂത്ത് കോൺഗ്രസ് നേതാവായ അരുൺ ശ്രമിച്ചുവെന്നും എന്നാൽ ബിബി ഉൾപ്പെടുന്ന എസ്.എഫ്.ഐ ക്കാർ ഇതിനെ എതിർത്തതായും ഇതിന്റെ പ്രതികരണമാണ് ഇപ്പോഴുണ്ടായതെന്നുമാണ് മാനേജ്മെന്റ് വാദം. യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.