അയ്യോ എന്ന് കരഞ്ഞ വിദ്യാര്‍ത്ഥിക്ക് ഇംഗ്ലീഷില്‍ ശിക്ഷ

കൊച്ചി: വീഴാന്‍ പോയ സമയത്ത് അയ്യോ എന്ന് കരഞ്ഞ വിദ്യാര്‍ത്ഥിയെ താന്‍ ഇനി മലയാളം പറയില്ലെന്ന് 50 തവണ എഴുതിപ്പിച്ച് അധ്യാപികയുടെ ശിക്ഷ. ഇടപ്പള്ളി കാംപ്യന്‍ സ്‌കൂളിലെ അഞ്ചാ ക്ലാസ് വിദ്യാര്‍ത്ഥി ദേവ സൂര്യയെയാണ് ”എ വില്‍ നോട് ടോക്ക് ഇന്‍ മലയാളം (ഞാന്‍ ഇനി മലയാളം പറയില്ല)” എന്ന് അധ്യാപിക ഇംപോസിഷന്‍ എഴുതിപ്പിച്ചത്.

അടുത്തിരുന്ന കുട്ടി പിടിച്ചു വലിച്ചപ്പോള്‍ താന്‍ വീഴാന്‍ തുടങ്ങി,  അപ്പോളാണ് അറിയാതെ താന്‍ ‘അയ്യോ’ എന്നു വിളിച്ചതെന്ന് വിദ്യാര്‍ത്ഥി ദേവ സൂര്യ  വാര്‍ത്താ ലേഖകരോട് പറഞ്ഞത്. ഇത് കേട്ട് തന്നെ പിടിച്ചു വലിച്ച കുട്ടി  എന്താടാ എന്നു തന്നോട്് ചോദിച്ചു.  കേട്ട് നിന്ന മറ്റൊരു കുട്ടി പോയി അധ്യാപികയോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് അധ്യാപിക തങ്ങളോട്  ഐ വില്‍ നോട് ടോക്ക് ഇന്‍ മലയാളം (ഞാന്‍ ഇനി മലയാളം പറയില്ല) എന്ന് 50 തവണ എഴുതാന്‍ പറഞ്ഞു.

ഇനി മലയാളം സംസാരിക്കല്ല എന്ന് സൂര്യ എഴുതിയ ഇംമ്പോസിഷന്‍
ഇനി മലയാളം സംസാരിക്കല്ല എന്ന് സൂര്യ എഴുതിയ ഇംമ്പോസിഷന്‍

തുടര്‍ന്ന് താന്‍ ഇപ്രകാരം എഴുതിയെന്നും  ദേവ സൂര്യ പറഞ്ഞു. മലയാള ഭാഷയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ മലയാളം പറഞ്ഞുവെന്നതിന്റെ പേരില്‍ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് കുട്ടിയുടെ പിതാവ് സുരേഷ് വാര്‍ത്താ ലേഖകരോട് പറഞ്ഞു. കുട്ടി വീട്ടില്‍ വന്ന് ഇക്കാര്യം ഒരു പരാതിയായിട്ടല്ല പറഞ്ഞത്.  മറിച്ച് സംസാരമധ്യേയാണ്  ഇക്കാര്യം സൂചിപ്പിച്ചത്. തുടര്‍ന്ന് ഇംപോസിസഷന്‍ എഴുതിയത് കാണിക്കാന്‍ താന്‍ ആവശ്യപ്പെട്ടപ്പോഴാണ്  തന്നെ ഇത് കാണിച്ചതെന്നും സുരേഷ് പറഞ്ഞു. ഇത് ഒരു പരാതിയായിട്ട് താന്‍ ഉന്നയിക്കുന്നതല്ല പക്ഷേ ഇക്കാര്യം സമൂഹം ചര്‍ച്ച ചെയ്യണമെന്ന് തോന്നിയതുകൊണ്ടാണ്  ഇക്കാര്യം ഇപ്പോള്‍ പറയുന്നതെന്നും സുരേഷ് പറഞ്ഞു. എന്നാല്‍ മലയാളം പറഞ്ഞുവെന്നതിന്റെ പേരില്‍ ഒരു കുട്ടിയെയും തങ്ങളുടെ സ്‌കൂളില്‍ ശിക്ഷിക്കാറില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലീലാമ്മ മാത്യു പറഞ്ഞു. ഏതെങ്കിലും അധ്യാപിക അങ്ങനെ ചെയ്‌തോയെന്ന് തനിക്ക് അറിയില്ല.ഇത് സംബന്ധിച്ച് അന്വേഷിക്കും.

ഇംപോസിഷന്‍ എന്ന സമ്പ്രദായമേ തങ്ങളുടെ സ്‌കൂളില്‍ ഇല്ല. ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന് കുട്ടികളോട് പറയാറുണ്ട് എന്നാല്‍ മലയാളം സംസാരിച്ചതിന്റെ പേരില്‍ ഒരു കുട്ടിയെയും ശിക്ഷിച്ചിട്ടില്ലെന്നും ലീലാമ്മ മാത്യു പറഞ്ഞു. തനിക്ക് ഇത് വിശ്വാസിക്കാന്‍ പറ്റില്ല.

മലയാളത്തില്‍ അയ്യോ എന്ന് പറഞ്ഞതിന്റെ പേരില്‍ ഒര് അധ്യാപികയും കുട്ടികളെ ശിക്ഷിക്കില്ല. കുട്ടികളെ ഒരു വിധത്തിലും ശിക്ഷിക്കാന്‍ പാടില്ലെന്ന് സ്‌കുളിലെ മുഴുവന്‍ അധ്യാപകരില്‍ നിന്നും എഴുതി വാങ്ങിയിട്ടുള്ളതാണെന്നും ലീലാമ്മ മാത്യു പറഞ്ഞു.  ഇത്തരത്തില്‍ അധ്യാപിക കുട്ടിയെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ അധ്യാപികക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ലീലാമ്മ മാത്യു പറഞ്ഞു. അതേ സമയം അപ്രതീക്ഷിതമായ അപകടം ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ പോലും മാതൃഭാഷയില്‍ ഒന്നു നിലവിളിക്കാന്‍  കുട്ടികള്‍ക്ക് അവകാശമില്ലെന്നിടത്തേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.