ഇരവിമംഗലം പടിഞ്ഞാറേ പാടത്തുനിന്നൊരു ഹരിതവിപ്ലവം

തൃശ്ശൂര്‍ ജില്ലയിലെ നടത്തറ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായിരുന്നു ഇരവിമംഗലം പാടം. മൂന്ന് പൂവ് വരെ കൃഷി നടത്തിയിരുന്ന നിലം. കേരളത്തിലെ മറ്റേതു ഇടനാടന്‍ പ്രദേശത്തേയും പോലെ ലാഭയുദ്ധത്തില്‍ തോറ്റ് നെല്‍കൃഷി മറ്റ് കൃഷികള്‍ക്ക് വഴിമാറി. ഇരവിമംഗലം പാടത്തിന്റെ കിഴക്ക് ഭാഗങ്ങളില്‍ വാഴയും, കപ്പയും മറ്റും നിരന്നപ്പോള്‍ പടിഞ്ഞാറ് ഭാഗം വെള്ളക്കെട്ടുള്ള ചതുപ്പുനിലമായി. കൈനൂര്‍ ചിറ അടുത്തായതിനാല്‍ വേനല്‍ക്കാലത്ത്‌പോലും വെള്ളം നിറഞ്ഞു. നാട്ടുകാരുടെ ഭാഷയില്‍ ഒരു ‘പിഞ്ഞാണം പോലെ’ പ്രകൃതിയോടു മല്ലിട്ട് കൃഷി നടത്തിയവര്‍ പതുക്കെ പിന്‍വാങ്ങാന്‍ തുടങ്ങുകയും പുതിയ തലമുറയ്ക്ക് കൃഷി താല്‍പര്യമില്ലാത്ത വിഷയമാവുകയും ചെയ്തതോടെ കൃഷി നടക്കാത്ത പാടത്ത് ആളുയരത്തില്‍ പുല്ലുവളര്‍ന്നു. ആളനക്കമില്ലാത്ത പാടവരമ്പുകളില്‍ സാമൂഹ്യവിരുദ്ധര്‍ ഇടം പിടിക്കുകയും കുപ്പിച്ചില്ല് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പാടത്തും നീര്‍ച്ചാലുകളിലും വീഴാന്‍ തുടങ്ങുകയും ചെയ്തു. ഭൂമാഫിയയുടെ നോട്ടം പതിയുകയും ചില ഭാഗങ്ങള്‍ വീണ്ടും വാഴ കയ്യേറി വെള്ളക്കെട്ട് വര്‍ദ്ധിക്കുകയും ചെയ്തതോടെ കൃഷിയേയും മണ്ണിനേയും പ്രകൃതിയേയും സ്‌നേഹിക്കുന്ന ആളുകള്‍ ഇനി എന്തുചെയ്യാന്‍ സാധിക്കും എന്നാലോചിച്ചു തുടങ്ങി.

 

ജനപ്രതിനിധികളും നാട്ടുകാരുമടങ്ങുന്ന യോഗങ്ങളില്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത് പദ്ധതികള്‍ തയ്യാറാക്കി. അങ്ങനെ പഴയ ഇരവിമംഗലം പാടശേഖരത്തില്‍ നിന്നൂം വേര്‍പ്പെട്ട് 20 ഏക്കര്‍ വരുന്ന ഇരവിമംഗലം പടിഞ്ഞാറേ പാടം എന്ന പുതിയ പാടശേഖര സമിതി നിലവില്‍ വന്നു. ശശീധരന്‍ പി എസ്, വിജയകുമാര്‍ ടി ആര്‍, ഉണ്ണികൃഷ്ണന്‍ പട്ടത്താട്ടില്‍ എന്നീ നേതൃഗുണമുള്ള വ്യക്തികള്‍ ഭരവാഹികളയി തിരഞ്ഞെടുക്കപ്പെട്ടു. പാടശേഖരം ഒരുമിച്ച് ഭാരവാഹികളുടെ നേതൃത്വത്തില്‍ കൃഷി ചെയ്യാന്‍ നിലം ഉടമകളായ 30 പേര്‍ തീരുമാനിച്ചു.

 

പ്രവര്‍ത്തന കാണ്ഡം

ആദ്യ കടമ്പ വെള്ളക്കെട്ടുള്ള പ്രദേശത്തിന് യോജിച്ച ഇനം നെല്‍വിത്ത് കണ്ടെത്തുകയായിരുന്നു. പ്രാദേശികമായി ഉപയോഗിച്ചു വന്നിരുന്ന വെള്ളമുണ്ടി 20 ഏക്കറുള്ള പാടത്തിന് ഒട്ടും മതിയാകാതെ വന്നു. പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രം ഏകദേശം ഒരേപോലെ മൂപ്പുള്ള കരുണയും, നീരജയും, മംഗള മഷൂരിയും നല്‍കി. നടത്തറ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ തരിശുനില വികസനം ഉള്‍പ്പെടുത്തിയതിനാല്‍ കിലോയക്ക് 40 രൂപാ വിലയുള്ള വിത്ത് സൗജന്യമായി ലഭിച്ചു. മൂര്‍ക്കനിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് കാര്‍ഷിക വായ്പ അനുവദിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ കൈത്താങ്ങായി. മണ്ണിനെ സംരക്ഷിക്കുന്ന പൂര്‍ണ ജൈവകൃഷിയെപ്പറ്റി ആലോചിച്ചെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ തടസമായി. അതിനാല്‍ ആദ്യപടിയായി ‘നല്ല കൃഷിരീതികള്‍’ (ഏഅജ) അനുവര്‍ത്തിച്ച് കീടനാശിനി വിമുക്തമായി നെല്‍ക്കൃഷി ചെയ്യാമെന്ന് പാടശേഖര സമിതി തീരുമാനിച്ചു.

മഹത്മാഗാന്ധി ദേശീയ തൊഴില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, നിലമൊരുക്കലിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തറ ഗ്രാമപഞ്ചായത്ത് സഹായിച്ചതിനാല്‍ കാടുപിടിച്ച ചതുപ്പു സ്ഥലം ഒരുക്കിയെടുക്കുന്ന ചിലവു കുറഞ്ഞു. ബംഗാളി തൊഴിലാളികള്‍ കൂട്ടത്തോടെ വന്നിറങ്ങി ഞാറു നട്ടു. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ കുമ്മായവും വളവും ഉപയോഗിച്ചതിന് കൃഷിഭവനില്‍ നിന്നും സബ്‌സിഡി ലഭിച്ചു. നടത്തറ കൃഷി ഓഫീസറുടെ ജഏഉജഒങ്ങ പദ്ധതി ഫണ്ടില്‍ നിന്നുള്ള തുക ചിലവഴിച്ച് കൃഷിയിട പാഠശാല നടത്തുകയും ജൈവകീടനിയന്ത്രണ മാര്‍ഗങ്ങളായ സ്യൂഡോമോണാസ്, ട്രൈക്കോ കാര്‍ഡ്് എന്നിവ ഉപയോഗിക്കുകയും ചെയ്തു. പാഠശാലയി ല്‍ കാര്‍ഷിക വിദഗ്ധരായ പ്രൊഫ. പി എസ് ജോണ്‍, മിനി, ലതാ തുടങ്ങിയവര്‍ അറിവുകള്‍ പങ്കുവെച്ചു.

വിത്തും വേരുകളും സ്യൂഡോമോണസ് ലായനിയില്‍ മുക്കിവച്ചു. വിളക്കു കെണി ഉപയോഗിച്ച് കീടങ്ങളെ ആകര്‍ഷിച്ചു. പുള്ളിക്കുത്തിന്റെ തുടക്കത്തില്‍തന്നെ ഇലകളില്‍ സ്യൂഡോമോണസ് തളിച്ചു. നീരജയില്‍ ഗാള്‍ബാധ കണ്ടെങ്കിലും ചിനപ്പ് പൊട്ടുന്നതിന്റെ അവസാനമായതിനാല്‍ വേപ്പിന്‍ പിണ്ണാക്ക് മാത്രം ഉപയോഗിച്ചു മണ്ണുത്തിയിലെ സംസ്ഥാന ബയോകണ്‍ട്രോള്‍ ലാബില്‍ നിന്നും ലഭിച്ച ട്രൈക്കോ കാര്‍ഡുകള്‍ ശരിയായ രീതിയില്‍, കൃത്യമായ ഇടവേളകളില്‍ പാടത്തു വയ്ക്കാന്‍ പാടശേഖര സമിതി ഭാരവാഹികള്‍ കാണിച്ച ശ്രദ്ധ അഭിനന്ദനാര്‍ഹമായിരുന്നു. അതിനുഫലവുമുണ്ടായി. തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണം ആരംഭ ദശയില്‍ ഉണ്ടായിരുന്നതിനേക്കാളും വളരെയധികം കുറഞ്ഞു. ഓല ചുരുട്ടി പുഴുവിന്റെ ആക്രമണം, വീതിയേറിയ ഇലകളുള്ള കരുണയില്‍ തുടര്‍ന്നെങ്കിലും വിളവിനെ കാര്യമായി ബാധിച്ചില്ല. കാറ്റുള്ള പാടത്ത് ചാഴി കുറവാണ് എന്ന നാട്ടറിവിന്റെ ബലത്തില്‍ മത്തി ശര്‍ക്കര മിശ്രിതം മാത്രം തളിച്ച് ചാഴിയെ അകറ്റി.

എന്നാല്‍ പ്രതീക്ഷിക്കാതെ വന്ന മഴക്കുറവ് ശരിക്കും വില്ലനായി. പീച്ചി ഡാമില്‍ നിന്നും വെള്ളം തുറന്നു വിടാത്തതിനാല്‍ കൈനൂര്‍ ചിറ മെലിയുകയും ഇരവിമംഗലം പാടം അന്നേവരെ കണ്ടിട്ടില്ലാത്തവിധം ഉണങ്ങാന്‍ തുടങ്ങുകയും ചെയ്തു. വെള്ളക്കെട്ടു പ്രതീക്ഷിച്ച് കൃഷിയിറക്കിയ സ്ഥലത്ത് വെള്ളം പമ്പ് ചെയ്യേണ്ടി വന്നപ്പോള്‍ കൃഷിച്ചെലവ് കുത്തനെ ഉയര്‍ന്നു. അടിക്കണ പരുവത്തിലെ നെല്‍ച്ചെടികളെ എന്തുവിലകൊടുത്തും സംരക്ഷിക്കാന്‍ പാടശേഖര സമിതി തയ്യാറായി. പരിചരിച്ചവരു ടെ പ്രതീക്ഷകള്‍ക്കൊത്ത് നെല്‍ച്ചെടികളില്‍ കതിര്‍ നിറഞ്ഞപ്പോള്‍ അഞ്ചുമാസം നീണ്ട പ്രയത്ന്നത്തിന്റെ ഫലം കണ്ടു. നല്ല കൃഷിരീതികള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ നെല്ലില്‍ കീടനാശിനിയുടെ അംശം തീരെയില്ല എന്ന പരിശോധനഫലത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനം നിലവിലെ കമ്പോള വിലയേക്കാള്‍ കൂടിയ വിലക്ക് വാങ്ങിയപ്പോള്‍ വിപണി ഒരു ബാലികേറാമല അല്ലാതെയായി. നടത്തറ ഗ്രാമപഞ്ചായത്ത് പദ്ധതി പ്രകാരം നെല്ല് കഴിഞ്ഞ് പാടത്ത് വിതക്കാന്‍ പയറും തയ്യാറായിരിക്കുന്നു.

 

ചില ചിന്തകള്‍……….

വിസ്തൃതി കുറവാണെങ്കിലും ഇരവിമംഗലം പടിഞ്ഞാറേപ്പാടം പ്രായോഗികതയുടെ ഒരു പാഠപുസ്തകമാണ് നമുക്ക് മുമ്പില്‍ തുറക്കുന്നത്. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം എന്ന ചൊല്ല് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ഒരു കൂട്ടായ്മയുടെ വിജയം. അതില്‍ സ്ഥലമുടമയുണ്ട്…….നാട്ടുകാരുണ്ട്…. ജനപ്രതിനിധികളുണ്ട്… ഉദ്യോഗസ്ഥരും ഗവേഷകരുമുണ്ട്.

നിലം കൃഷി ചെയ്യാനായി പാടശേഖര സമിതിയെ ഏല്‍പ്പിച്ച ഉടമകളുടെ വിശ്വാസത്തിന്റേയും തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി അഹോരാത്രം പ്രയത്‌നിച്ച പാടശേഖര സമിതി ഭാരവാഹികളുടെ പരിശ്രമത്തിന്റേയും വിജയമാണത്. വിവിധ സ്ഥാപനങ്ങള്‍ കൃത്യമായ രീതിയില്‍ കൃത്യമായ സമയത്ത് ഇടപെട്ടതിന്റെ ഫലം. നല്ല കൃഷിരീതികളും ജൈവകീട രോഗനിയന്ത്രണ മാര്‍ഗങ്ങളും ഉപയോഗിച്ച് നല്ല നെല്ലുണ്ടാക്കാം എന്ന വിശ്വാസമാണ് തെളിയിക്കപ്പെട്ടത്. അതോടൊപ്പം ‘ഉടമയുടെ കണ്ണ് ചെടിക്ക് കരുത്ത്’ എന്ന പഴമൊഴി പോലെ എല്ലാ ദിവസവും പാടത്ത് മേല്‍നോട്ടം നടത്തിയവരുടെ ആത്മാര്‍ത്ഥതയ്ക്കുള്ള പ്രതിഫലം ലാഭം എന്നതിലുപരിയായി സ്വന്തം നാടിന്റെ പരിസ്ഥിതിയെ കാക്കുവാനുള്ള ഉപാധിയായി നെല്‍ക്കൃഷിയെ കണ്ടവര്‍ക്ക് പ്രകൃതി നല്‍കിയ ഉപഹാരം. ഇരവിമംഗലം പാടം കേരളത്തിലെ തരിശു നിലങ്ങളുടെ ഒരു പ്രതിനിധിയാണ്. കഥാപാത്രങ്ങളും സ്ഥലവും മാത്രമേ മാറുന്നുള്ളൂ. അവസ്ഥ ഏതാണ്ടൊരുപോലെ. വരും വര്‍ഷങ്ങളിലും ഇതുപോലെയുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നാല്‍ തരിശു നിലങ്ങള്‍ എന്നത് ഒരു ഓര്‍മ്മ മാത്രമായി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.