ശശികല അന്ന് തട്ടിയെടുത്ത ഭൂമി ഇന്ന് എം.എല്‍.എമാരുടെ തടവറ

മഹാബലിപുരം: പ്രശസ്ത തമിഴ് സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ഗംഗൈ അമരനില്‍ നിന്നും ഭീഷണിപ്പെടുത്തി ജയലളിതയും ശശികലയും ചേര്‍ന്ന് പിടിച്ചെടുത്ത പഴയ മഹാബലിപുരത്തെ ഭൂമി ഇന്ന് അണ്ണാ ഡിഎംകെയിലെ എംഎല്‍എമാരുടെ തടവറയും ശശികലയുടെ സ്വതന്ത്ര റിപ്പബ്ലിക്കും.

കടലോരത്തെ ഈ ‘ശശികല റിപ്പബ്ലിക്കി’ലെ സുരക്ഷാ സൈനികര്‍ തടിമാടന്മാരായ റൗഡികളും ക്രിമിനലുകളും. പൊലീസിനുപോലും ഈ വിമോചിത സാമ്രാജ്യത്തില്‍ പ്രവേശനമില്ല. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പോലും തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ ചിന്നമ്മ നയിക്കുന്ന മന്നാര്‍ഗുഡി മാഫിയ ചെല്ലും ചെലവും നല്‍കി പോറ്റുന്ന ഗുണ്ടാപ്പട; തെല്ലകലെ കടലോരത്തോടു ചേര്‍ന്ന് ശശികല ഈയടുത്ത് നിര്‍മ്മിച്ച റിസോര്‍ട്ടിന്റെയുള്ളിലും പുല്‍ത്തകിടിയിലും തിന്നും കുടിച്ചും അര്‍മാദിക്കുന്ന ശശികലയുടെ തടവറയിലുള്ള അണ്ണാ ഡിഎംകെ നിയമസഭാംഗങ്ങളുടെ ഒച്ച.

മാധ്യമസംഘം എംഎല്‍എമാരെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ റിസോര്‍ട്ട് പരിസരത്തുനിന്നും നാലഞ്ച് എംഎല്‍എമാര്‍ മുണ്ട് മാടിക്കുത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് അടുത്തേയ്ക്ക് കുതിച്ചെത്തുന്നു. അങ്ങോട്ട് എന്തെങ്കിലും ചോദിക്കും മുമ്പ് ഇങ്ങോട്ട് പഠിപ്പിച്ച തത്തമ്മേ പൂച്ചമട്ടിലുള്ള മറുപടി. ഞങ്ങളെ ആരും തടവില്‍ പാര്‍പ്പിച്ചതല്ല, ഞങ്ങള്‍ സ്വയമേവ ഇവിടെ വന്ന് താമസിക്കുന്നതാണ്. ഹൈക്കോടതിയും പൊലീസും നിങ്ങളെ തേടുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ‘ഏമാത്താതെ തമ്പി, തിരുമ്പിപ്പോ’ എന്ന് മടങ്ങിപ്പോകാന്‍ ഒരു എംഎല്‍എയുടെ കല്‍പ്പന.

മഹാബലിപുരത്തിന്റെ കടലും കരയും കഥപറയുന്ന ഗ്രാമ്യ ഭംഗിയെഴുന്ന പശ്ചാത്തലത്തില്‍ ഒരു മനോഹര ഭവനം. അവിടെ നിന്നും സംഗീതത്തിന്റെ രാഗവീചികള്‍ ഉതിര്‍ന്നിരുന്നു. രാഗങ്ങള്‍ക്കു ശ്രുതിമീട്ടി ഒരു സംഗീത താപസനുണ്ടായിരുന്നു.

രാവേറെ ചെല്ലുവോളം തിരക്കഥകള്‍ക്ക് മിഴിവേകി ഒരാള്‍ ഉറക്കമിളച്ചിരിക്കുമായിരുന്നു. ഗംഗൈ അമരന്‍, തെന്നിന്ത്യന്‍ സംഗീതജ്ഞന്‍ ഇളയരാജയുടെ അനുജന്‍. ഇളയരാജയ്ക്കാണെങ്കില്‍ ഒരു കമ്മ്യൂണിസ്റ്റ് പശ്ചാത്തലം കൂടിയുണ്ട്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തുനടന്ന ദേവികുളം ഉപതെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി റോസമ്മാ പുന്നൂസിന്റെ പ്രചാരണയോഗങ്ങളില്‍ നാദവിസ്മയമായി അവതരിച്ച് തമിഴ് തൊഴിലാളിമക്കളെ ആവേശം കൊള്ളിച്ച പയ്യന്‍.

ശശികലയുടെ മന്നാര്‍ഗുഡി മാഫിയ ഗംഗൈ അമരനില്‍ നിന്നും 23 വര്‍ഷം മുമ്പ് തട്ടിയെടുത്ത 22 ഏക്കര്‍ ഭൂമിയിലെ രമ്യഹര്‍മ്യത്തിനരികിലാണ് ശശികല ഇപ്പോള്‍ തടങ്കല്‍ പാളയമാക്കിയിരിക്കുന്ന റിസോര്‍ട്ട്. ഇപ്പോള്‍ 300 കോടിയിലധികം വിലമതിക്കുന്ന ഈ ഭൂമിയും മണിമന്ദിരവും വെറും 13.1 ലക്ഷം രൂപ നല്‍കി ഗംഗൈ അമരനേയും ഭാര്യയേയും പോയസ് ഗാര്‍ഡനില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി ജയലളിതയ്‌ക്കെന്ന പേരില്‍ ഭീഷണിപ്പെടുത്തി ഒപ്പിടിച്ച് കൈക്കലാക്കുകയായിരുന്നു.

ജയലളിതയും ശശികലയും നാത്തൂന്‍ ഇളവരശിയും സഹോദരപുത്രന്‍ സുധാകരനും ശിക്ഷിക്കപ്പെട്ട അവിഹിത സ്വത്തുസമ്പാദന കേസില്‍ ഇവര്‍ക്കെതിരെ സാക്ഷിപറഞ്ഞവരില്‍ എ ആര്‍ റഹ്മാനൊപ്പം ഗംഗൈ അമരനുമുണ്ടായിരുന്നു. മുഖ്യമന്ത്രിയാകാനും ജയലളിതയുടെ പൊയസ് ഗാര്‍ഡന്‍ വസതിയും മുപ്പതിലേറെ സ്ഥാപനങ്ങളുള്ള ബിസിനസ് സാമ്രാജ്യവും കൈപ്പിടിയിലൊതുക്കാന്‍ ശശികല നടത്തുന്ന നാറുന്ന നീക്കങ്ങള്‍ക്കെതിരെ ഗംഗൈ അമരന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

തിരുപ്പൂരില്‍ ശശികല എന്ന ‘കൊള്ളസംഘ മേധാവി’യെക്കുറിച്ച് ആഞ്ഞടിച്ച അദ്ദേഹം പനീര്‍സെല്‍വത്തിനു കലവറയില്ലാത്ത പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കമലഹാസനും ഗൗതമിയും രഞ്ജിനിയുമടക്കമുള്ള തമിഴ് ചലച്ചിത്ര ലോകവും ശശികലയ്‌ക്കെതിരെ കടന്നാക്രമണം തുടങ്ങിയതും തമിഴകരാഷ്ട്രീയത്തില്‍ നിന്ന് ശശികല നിഷ്‌കാസിതയാവുന്ന നാളുകള്‍ എണ്ണപ്പെട്ടുവെന്നതിന്റെ സൂചനയായി.