ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ: നെഹ്‌റുകോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് ഒന്നാം പ്രതി

പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവത്തില്‍ നെഹ്‌റുകോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കൃഷ്ണദാസ് അടക്കം 5 പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. ആത്മഹത്യ പ്രേരണയ്ക്ക് പുറമേ ഗൂഢാലോചന, മര്‍ദ്ദനം അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പ്രിന്‍സിപ്പല്‍ എസ്. വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകനായ സി. പി പ്രവീണ്‍, എക്സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പ്രതികളായ അധ്യാപകര്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ കര്‍ണ്ണാടകയിലേക്കോ തമിഴ്‌നാട്ടിലേക്കോ കടന്നിട്ടുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജിഷ്ണുവിന്റെ മരണം നടന്ന് 36 ദിവസങ്ങള്‍ക്ക് ശേഷമാണ് ചെയര്‍മാനടക്കമുല്‌ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.