ശശികലയ്ക്ക് തിരിച്ചടി: 4 വര്‍ഷം തടവ്; കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശം

മുഖ്യമന്ത്രിയാകാന്‍ തന്ത്രങ്ങള്‍ ഒരുക്കി കാത്തിരുന്ന ശശികലയ്ക്ക് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണ കോടതി വിധി സുപ്രീംകോടതി ശരിവെച്ചു.  കീഴടങ്ങാന്‍ നിര്‍ദ്ദേശം

എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിലെ ബങ്കളുരു വിചാരണ കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. നാലു വര്‍ഷം തടവും പത്തു കോടി രൂപ പിഴയുമാണ് 2014-ല്‍ വിചാരണ കോടതി ശശികലയ്ക്കും കൂട്ടുപ്രതികള്‍ക്കും ശിക്ഷ വിധിച്ചത്. ശശികലയെ കൂടാതെ മരുമകന്‍ സുധാകരന്‍, ബന്ധു ഇളവരശി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 2014-ലെ വിചാരണ കോടതി വിധി കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഇന്നത്തെ വിധി. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു കേസ്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമിയാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. മുഖ്യമന്ത്രിയാകാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കാത്തിരുന്ന ശശികലയ്ക്ക് രാഷ്ട്രീയമായി കനത്ത വെല്ലുവിളിയാണ് ഇന്നത്തെ വിധി. പത്തു വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ശശികലയ്ക്ക് വിലക്കുണ്ടാകും. ജഡ്ജിമാരായ പി.സി. ഘോഷ്, അമിതാവ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.
എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി എം.എല്‍.എമാരുടെ യോഗം ശശികലയെ തെരഞ്ഞെടുത്തിരുന്നെങ്കിലും സത്യപ്രതിജ്ഞ ചെയ്യാനായി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു വൈകിപ്പിക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വന്ന ശേഷം തീരുമാനമെന്ന നിയമോപദേശമാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നത്. ഇതോടെയാണ് ശശികലയുടെ സത്യപ്രതിജ്ഞ വൈകിയത്. ഇതിനിടയിലാണ് വിമര്‍ശന സ്വരവുമായി പനീര്‍ശെല്‍വം രംഗത്തെത്തിയത്.