നടന്‍ ബാബുരാജിന് വെട്ടേറ്റു

റിസോര്‍ട്ടിലെ കുളം വറ്റിയ്ക്കുന്നതുമായ തര്‍ക്കം സംഘര്‍ഷത്തിന് കാരണം. 

ചലചിത്ര താരം ബാബുരാജിന് വെട്ടേറ്റു. മൂന്നാര്‍ കല്ലാർ കമ്പിലൈനിലുള്ള ബാബുരാജിന്റെ റിസോർട്ടിൽ വച്ചാണ് ബാബുരാജിന് വെട്ടേറ്റത്. റിസോർട്ടിലെ കുളം വറ്റിയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തർക്കത്തിനിടെ സമീപവാസിയായ സണ്ണി വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം.

ഈ കുളത്തിലെ വെള്ളമാണ് സമീപവാസികള്‍  ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്‍റെ ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. ബാബുരാജിന്റെ ഇടതു നെഞ്ചിലും കൈക്കുമാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബാബുരാജിനെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു.